Gulf
Ramadan,  huge traffic jam,  Kuwait,
Gulf

റമദാൻ തുടങ്ങിയതോടെ കുവൈത്തില്‍ വൻ ഗതാഗത കുരുക്ക്

Web Desk
|
24 March 2023 6:49 PM GMT

ഓഫീസ് സമയം കഴിഞ്ഞുള്ള വാഹനങ്ങളോടൊപ്പം ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് കഴിഞ്ഞ ദിവസത്തെ വാഹനക്കുരുക്കിന് കാരണമായത്

കുവൈത്ത് സിറ്റി: റമദാന്‍ ആരംഭിച്ചതോടെ കുവൈത്തിലെ റോഡുകളില്‍ അനുഭവപ്പെടുന്നത് അതി രൂക്ഷമായ ഗതാഗത കുരുക്ക് . ഗതാഗത തിരക്ക് ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ ഫ്ലക്സബിൾ ജോലി സമയം നടപ്പാക്കിയെങ്കിലും വൈകുന്നേരങ്ങളില്‍ അനുഭവപ്പെട്ടത് വൻ ഗതാഗത കുരുക്ക്. ഓഫീസ് സമയം കഴിഞ്ഞുള്ള വാഹനങ്ങളോടൊപ്പം ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് കഴിഞ്ഞ ദിവസത്തെ വാഹനക്കുരുക്കിന് കാരണമായത്.

റോഡുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതിലും കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതാണ് തിരക്കിന് പ്രധാന കാരണം. റോഡപകടങ്ങള്‍ കൂടാനും നിരത്തിലെ തിരക്ക് കാരണമാകുന്നുണ്ട്. തെരുവുകൾ, സെൻട്രൽ മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ നിരവധിപേർ എത്തിയതിനാൽ റോഡിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു.പലരും മണിക്കൂറുകളോളമാണ് തെരുവിൽ കുടുങ്ങിയത്. പാർക്കിങ് ഇല്ലാത്ത ഇടങ്ങളിൽ റോഡിൽ പലരും വാഹനങ്ങൾ നിർത്തിയിട്ടതും ഗതാഗതകുരുക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കി. രാജ്യത്ത് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കേപിറ്റൽ, ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളിലും സ്ഥിരമായി കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെയും പെട്രോളിംഗ് വാഹനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

Similar Posts