ലോകകപ്പ് ഫുട്ബോള്‍ അവസാനഘട്ട ടിക്കറ്റ് വില്‍പ്പന സെപ്തംബർ 27 മുതല്‍
|നാല് കാറ്റഗറിയിലുമുള്ള ടിക്കറ്റുകള്‍ ലഭിക്കും.
ദോഹ: ലോകകപ്പ് ഫുട്ബോള്‍ അവസാനഘട്ട ടിക്കറ്റ് വില്‍പ്പന സെപ്തംബർ 27 മുതല്‍. ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ഫിഫ ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴി ടിക്കറ്റെടുക്കാം.
ലോകകപ്പ് ടിക്കറ്റ് ലഭിക്കാത്തവര്‍ക്കുള്ള അവസാന അവസരമാണ് ചൊവ്വാഴ്ച തുടങ്ങുന്ന ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് വില്‍പ്പന. ഫിഫ ടിക്കറ്റിങ് പ്ലാറ്റ്ഫോമില്‍ നിന്ന് നറുക്കെടുപ്പില്ലാതെ തന്നെ ടിക്കറ്റ് സ്വന്തമാക്കാം. ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ അതായത് ഇന്ത്യന്‍ സമയം 2.30 മുതല്‍ ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങും.
നാല് കാറ്റഗറിയിലുമുള്ള ടിക്കറ്റുകള്‍ ലഭിക്കും. നാലാം കാറ്റഗറിയിലെ 40 റിയാലിന് ലഭിക്കുന്ന ടിക്കറ്റ് ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമുള്ളതാണ്. ദോഹയില്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് കൌണ്ടര്‍ തുറക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.
ഇതുവരെ 24.5 ലക്ഷം ടിക്കറ്റുകളാണ് ഫിഫ ആരാധകര്‍ക്ക് നല്‍കിയത്. ആകെ മുപ്പത് ലക്ഷത്തോളം ടിക്കറ്റുകളാണ് ഖത്തര്‍ ലോകകപ്പിലുള്ളത്. ലോകകപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്ന ഡിസംബര്‍ 18 വരെ ഈ ടിക്കറ്റ് വില്‍പ്പന തുടരും.