ഒറ്റ ഉടലായി വന്ന്, ഇരു ഉടലുകളായി തിരിച്ചു പോയി; യെമന്‍ ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരം
|എട്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ സ്ത്രക്രിയയ്ക്കും മാസങ്ങള്‍ നീണ്ട വിശ്രമത്തിനുമൊടുവിലാണ് ഇവര്‍ മടങ്ങിയതെന്ന് ചികിത്സാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുണിസെഫ് മാധ്യമങ്ങളെ അറിയിച്ചു
ജന്മനാ ഒട്ടിച്ചേര്‍ന്ന ശരീരവുമായി ജീവിച്ചിരുന്ന ഒരു വയസ് മാത്രം പ്രായമുള്ള യെമനി ഇരട്ടകളായ അഹമ്മദിനും മുഹമ്മദിനും ഇനി ആശ്വസിക്കാം. ജോര്‍ദാനില്‍ നടന്ന വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും സ്വദേശമായ സനയിലേക്ക് മടങ്ങി.
എട്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ സ്ത്രക്രിയയ്ക്കും മാസങ്ങള്‍ നീണ്ട വിശ്രമത്തിനുമൊടുവിലാണ് ഇവര്‍ മടങ്ങിയതെന്ന് ചികിത്സാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുണിസെഫ് മാധ്യമങ്ങളെ അറിയിച്ചു. അമ്മാനിലെ അല്‍ തഖാസുസി എന്ന സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ലെന്നും, തുടക്കത്തില്‍ വലിയ ഭയമുണ്ടായിരുന്നെങ്കിലും ദൈവത്തിലും മെഡിക്കല്‍ സംഘത്തിലും അര്‍പ്പിച്ച വലിയ വിശ്വാസമാണ് തങ്ങള്‍ക്ക് തുണയായതെന്നും കുട്ടികളുടെ പിതാവ് യാസര്‍ അല്‍ബുഖൈറ്റി പറഞ്ഞു.
അവരെ മറ്റ് കുട്ടികളെപ്പോലെ പഠിപ്പിച്ച്, ഭാവിയില്‍ രാജ്യത്തിന് അവരിലൂടെ നേട്ടങ്ങള്‍ നേടിക്കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി യെമന്‍, ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികള്‍ ചികിത്സ തേടിയെത്തുന്നത് ജോര്‍ദാന്‍ നഗരത്തിലാണ്.
കുട്ടികളുടെ ചികിത്സാ-യാത്രാ ചെലവുകള്‍ക്ക് ചില സ്വകാര്യ വ്യക്തികളാണ് സംഭാവനകള്‍ നല്‍കിയതെന്ന് യുനിസെഫ് പറഞ്ഞു. സന്തോഷിക്കാന്‍ കാര്യമായ കാരണങ്ങളൊന്നുമില്ലാത്ത ഒരു രാജ്യത്തെ ജനതയ്ക്ക് സന്തോഷം കണ്ടെത്താന്‍ കഴിയുന്ന ചെറിയൊരു സംഭവമാണീ ശസ്ത്രക്രിയയെന്ന് യുണിസെഫ് യെമന്‍ പ്രതിനിധി ഫിലിപ്പ് ഡ്യുമെല്ലെ പറഞ്ഞു.
ഈ കുടുംബത്തെ സംബന്ധിച്ചടുത്തോളം സന്തോഷകരമായ കാര്യമാണിതെങ്കിലും, യെമനില്‍ ദശലക്ഷക്കണക്കിന് കുട്ടികള്‍ നിരവധി രോഗങ്ങള്‍കൊണ്ടും ദാരിദ്ര്യം കൊണ്ടും പ്രയാസപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏഴ് വര്‍ഷമായി യെമനില്‍ ആഭ്യന്തരയുദ്ധം പിടിമുറുക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിന് മുമ്പ് തന്നെ ലാകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്നു യെമന്‍.