സൗദിയില്‍ നികുതി പിഴ ഒഴിവാക്കുന്ന നടപടി പ്രയോജനപ്പെടുത്താന്‍ നിര്‍ദ്ദേശം
|നിര്‍ണയിച്ച കാലവധിക്കുള്ളില്‍ അടച്ചു തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തുടക്കം മുതലുള്ള പിഴയുള്‍പ്പെടെ പിന്നീട് അടക്കേണ്ടി വരും
ദമ്മാം: സൗദിയില്‍ നികുതിയിനത്തില്‍ വരുത്തിയ പിഴ ഒഴിവാക്കി നല്‍കുന്നതിനനുവദിച്ച ഇളവ് കാലം പ്രയോജനപ്പെടുത്താന്‍ ആവശ്യപ്പെട്ട് സകാത്ത് ടാക്‌സ് അതോറിറ്റി. വീഴ്ച വരുത്തിയ നികുതി വിഹിതം തവണകളായി അടച്ചു തീര്‍ക്കുന്നതിന് സാവകാശം തേടി അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കാമെന്നും അതോറിറ്റി വിശദീകരിച്ചു.
രാജ്യത്തെ നിക്ഷേപകര്‍ക്ക് ആശ്വാസം പകര്‍ന്ന് നികുതിയിനത്തിലെ പിഴ ഒഴിവാക്കിനല്‍കുന്ന നടപടി സകാത്ത ആന്റ് ടാക്സ് അതോറിറ്റി കഴിഞ്ഞ ദിവസം നീട്ടി നല്‍കിയിരുന്നു. ഡിസംബര്‍ ഒന്നിന് അവസാനിക്കേണ്ടിയിരുന്നു കാലാവധിയാണ് ആറ് മാസത്തേക്ക് കൂടി നീട്ടിനല്‍കിയത്. അനുവദിച്ച ഇളവ് പരമാവധി പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ നിക്ഷേപകരോടും സ്ഥാപനങ്ങളോടും സാകാത്ത ആന്റ് ടാക്സ് അതോറിറ്റി ആവശ്യപ്പെട്ടു. കുടിശ്ശിക വരുത്തിയ നികുതി തുക തവണകളായി അടക്കുന്നതിനുള്ള നടപടികളും അതോറിറ്റി വിശദീകരിച്ചു. ഇതിന് നികുതിദായകര്‍ പ്രത്യേക അപേക്ഷ അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കണം. അതോറിറ്റി അവ പരിശോധിച്ച് യോഗ്യതക്കനുസരിച്ച് കാലവധി നിശ്ചയിച്ച് നല്‍കും. എന്നാല്‍ നിര്‍ണ്ണയിച്ച കാലവധിക്കുള്ളില്‍ അടച്ചു തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തുടക്കം മുതലുള്ള പിഴയുള്‍പ്പെടെ പിന്നീട് അടക്കേണ്ടി വരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.