ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ പൂർത്തിയാക്കി വിശ്വാസികൾ
|പുലര്‍ച്ചെ മുതല്‍ മുസ്ദലിഫയില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞു
ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനമായിരുന്നു ഇന്നലെ. പുലര്‍ച്ചെ മുതല്‍ മുസ്ദലിഫയില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞു. പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ ഇന്ന് ശുഭ്ര വസ്ത്രത്തില്‍ നിന്നും ഒഴിവാവുകയാണ്.
അറഫാ സംഗമം കഴിഞ്ഞ് മുസദലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ ഇന്ന് രാവിലെ മുതല്‍ പിശാചിന്റെ സ്തൂപത്തിലെത്തി. ജീവിതത്തിലെ സകല തിന്മകളേയും പിശാചിനേയും കല്ലെറിഞ്ഞോടിക്കാന്‍ ഏഴ് കല്ലുകളാണ് ജംറത്തുല്‍ അഖബയെന്ന സ്തൂപത്തില്‍ എറിഞ്ഞത്.
കല്ലേറിന് ശേഷം ഹാജിമാര്‍ നേരെ ഹറമിലേക്ക് പോയി. ഇവിടെ കഅ്ബാ പ്രദിക്ഷിണം. സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണം അഥവാ സഅ് പൂര്‍ത്തിയാക്കി. പിന്നെ ബലി കര്‍മം. ശേഷം മുടിമുറിച്ച് ഇഹ്റാം അഥവാ ശുഭ്ര വസ്ത്രത്തില്‍ നിന്നും ഒഴിവായി. ഇതോടെ ഹജ്ജിന്റെ പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തിയായി. ഇനി മൂന്ന് ദിനം കൂടി മിനായിലെ തമ്പുകളില്‍ രാപാര്‍ത്ത് മൂന്ന് ജംറകളില്‍ കല്ലേറ് നടത്തണം. ഇതോടെ ഹജജിന് പരിപൂര്‍ണ്ണ സമാപനം.