ഹാജിമാര്‍ ഹജ്ജില്‍ നിന്നും വിടവാങ്ങി
|കാല്‍ക്കോടിയോളം ഹാജിമാര്‍ കഅ്ബക്കരികിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തി
ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമെന്ന പ്രതിജ്ഞയോടെ ഹാജിമാര്‍ ഹജ്ജില്‍ നിന്നും വിടവാങ്ങി. കാല്‍ക്കോടിയോളം ഹാജിമാര്‍ കഅ്ബക്കരികിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തി. ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര ഈ മാസം 27ന് തുടങ്ങും.
ഇന്നലെ രാവിലെ പിശാചിന്റെ മൂന്ന് സ്തൂപങ്ങളുള്ള ജംറാത്തിൽ ഹാജിമാരെത്തി. ജീവിതത്തിലെ സകല തിന്മകളേയും അവസാന കല്ലുകളാല്‍ എറിഞ്ഞുടച്ചു. പ്രദക്ഷിണം നാഥന് ചുറ്റുമെന്നുറപ്പിച്ച് കഅ്ബയെ വലയം ചെയ്തു. തിരികെ മിനായിലെ തമ്പിലെത്തി മടക്കം. ഉള്ളിലൊന്നേയുള്ളൂ. ഒരേ ഒരാഗ്രഹം. എല്ലാ നാഥന് സമര്‍പ്പിച്ച് നേരായേ വഴിയെ മരണം വരെ ജീവിക്കണം. ഈ പ്രാര്‍ഥനയാണ് മടങ്ങുന്ന ഓരോ തീര്ഥാടകനുമുള്ളില്.
ഇത്തവണയെത്തിയ കാല്‍ക്കോടി ഹാജിമാരില്‍ ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യക്കാരുണ്ടായിരുന്നു. അവരില്‍ പകുതിയിലേറെ പേരുടെ മടക്ക യാത്ര 27ന് ജിദ്ദ വഴി തുടങ്ങും. ബാക്കിയുള്ളവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി പതിയെ തിരിച്ചു വരും.