Hajj
ഹറമിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു; കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നവർക്ക് മാത്രം പ്രവേശനം
Hajj

ഹറമിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു; കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നവർക്ക് മാത്രം പ്രവേശനം

Web Desk
|
30 March 2021 3:26 AM GMT

റമദാനിൽ ഉംറ തീർത്ഥാടകർക്ക് മാത്രമേ മതാഫിലേക്ക് പ്രവേശനമനുവദിക്കൂ.

മക്കയിൽ മസ്ജിദുൽ ഹറമിലെ റമദാൻ പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു. പ്രാർത്ഥനയ്ക്കെത്തുന്ന വിശ്വാസികളുടെ തിരക്കും, കോവിഡ് വ്യാപനവും കണക്കിലെടുത്താണ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുള്‍ റഹ്മാൻ അൽ സുദൈസ് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്.

മക്കയിലെ മസ്ജിദുൽ ഹറമിൽ കിഴക്ക് ഭാഗത്തെ മുറ്റമുൾപ്പെടെ അഞ്ച് മേഖലകളും നമസ്കാരത്തിനായി തുറന്ന് കൊടുക്കും. കൂടാതെ അംഗപരിമിതർക്കും, മറ്റ് പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കുമുള്ള ഭാഗത്ത് കൂടുതൽ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. കിംഗ് അബ്ദുൽ അസീസ് കവാടവും റമദാനിൽ തുറക്കുവാനാണ് നീക്കം.

റമദാനിൽ ഉംറ തീർത്ഥാടകർക്ക് മാത്രമേ മതാഫിലേക്ക് പ്രവേശനമനുവദിക്കൂ. കൂടാതെ ഒന്നാം നിലയിലും ഉംറ തീർത്ഥാടകർക്ക് ത്വവാഫ് ചെയ്യാം. പ്രതിദിനം രണ്ട് ലക്ഷം ബോട്ടിൽ സംസം ജലം വിതരണം ചെയ്യും.

ഇരുഹറമുകളിലും നോമ്പ് തുറക്കാനെത്തുന്നവർക്ക് വെള്ളവും കാരക്കയും മാത്രം സ്വന്തം ആവശ്യത്തിനായി കൊണ്ടുവരാം. എന്നാൽ മറ്റുള്ളവർക്ക് പങ്കുവെക്കുവാനോ, വിതരണം ചെയ്യുവാനോ പാടില്ല. ഭക്ഷണമോ മറ്റ് പാനീയങ്ങളോ ഹറമുകളിലേക്കും പരിസരങ്ങളിലേക്കും കൊണ്ട് വരുന്നതിനും വിലക്കുണ്ട്.

വിശുദ്ധ ഖുർആന്‍റെ ഒന്നര ലക്ഷം കോപ്പികൾ ഹറമിൽ വിതരണം ചെയ്യും. മദീനയിൽ പ്രവാചകന്‍റെ പള്ളിയിൽ തറാവീഹ് നമസ്കാരത്തിന്‍റെ റക്അത്തുകൾ ചുരുക്കുകയും, നമസ്കാരം കഴിഞ്ഞു അരമണിക്കൂറിനു ശേഷം പള്ളി അടയ്ക്കുകയും ചെയ്യും. അവസാന പത്തിൽ പള്ളിക്കകത്ത് ഇഅ്തികാഫ് ഇരിക്കുന്നതിനും വിലക്കുണ്ട്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts