സ്കൂളുകൾ തുറന്നതോടെ കുട്ടികളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ
|ഏറ്റവും പുതിയ കണക്ക് പ്രകാരം ചൊവ്വാഴ്ച മാത്രം 2,396 കുട്ടികളെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
അമേരിക്കയിൽ സ്കൂളുകൾ തുറന്നതോടെ കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ആരോഗ്യ വിദഗ്ധർ ഭയപ്പെട്ടതുപോലെ കോവിഡിൻ്റെ ഡെൽറ്റ വകഭേദം കുട്ടികളിൽ തന്നെ വ്യാപിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വാക്സിൻ ലഭിക്കാത്ത കുട്ടികൾ ധാരാളമുണ്ടെന്നും അവർക്കിടയിൽ കോവിഡ് വ്യാപിക്കുന്നത് ആശങ്കാജനകമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവ്വീസസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ചൊവ്വാഴ്ച മാത്രം 2,396 കുട്ടികളെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സി.ഡി.സി) സെപ്റ്റംബർ ആറ് വരെയുള്ള റിപ്പോർട്ട് പ്രകാരം ആഴ്ചയിൽ 369 കുട്ടികളെയാണ് കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
2020 ഓഗസ്റ്റ് മുതൽ 55,000 ൽ അധികം കുട്ടികളെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സി.ഡി.സി റിപ്പോർട്ട് പറയുന്നു.കുട്ടികളിൽ കോവിഡ് മരണ നിരക്ക് കുറവാണെങ്കിലും ക്രമാതീതമായി എണ്ണം വർദ്ധിക്കുകയാണ്. ബുധനാഴ്ച വരെ കുറഞ്ഞത് 520 കുട്ടികളെങ്കിലും കോവിഡ് മൂലം മരിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 252,000 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (എ.എ.പി ) റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഓഗസ്റ്റ് അഞ്ച് മുതൽ സെപ്റ്റംബർ രണ്ട് വരെയുള്ള കണക്ക് പ്രകാരം 750,000 കുട്ടികളിൽ കോവിഡ് ബാധിച്ചിട്ടുണ്ടെന്നും എ.എ.പി റിപ്പോർട്ട് പറയുന്നു.
കോവിഡിൻ്റെ വകഭേദങ്ങളായ ആൽഫ, ഡെൽറ്റ വകഭേദങ്ങൾ കുട്ടികളിൽ പടരുന്നത് എത്രയും വേഗം തടയണമെന്നും അല്ലാത്തപക്ഷം കുട്ടികളുടെ ആരോഗ്യത്തെയും ഭാവിയേയും സങ്കീർണമായി ബാധിക്കുമെന്നും അമേരിക്കൻ ആരോഗ്യ വിദഗ്ധർ പറയുന്നു.
അതേസമയം തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നതോടെ മുപ്പതിലധികം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് ബാധിച്ചിരുന്നു. അടുത്ത മാസം നാലിന് കേരളത്തിൽ കോളേജുകൾ തുറക്കാനിരിക്കെ പുറത്ത് വരുന്ന ഈ റിപ്പോർട്ടുകൾ ആശങ്കാജനകമാണ്.