പുതിയ ഭീതിയായി 'ബിഎഫ്.7'; എങ്ങനെ അറിയാം? എന്തു ചെയ്യാം?
|ഒമിക്രോൺ വകഭേദം പോലെത്തന്നെ അതിവ്യാപനശേഷിയുള്ളതാണ് 'ബിഎഫ്.7'
ന്യൂഡൽഹി: ഇടവേളയ്ക്കുശേഷം രാജ്യത്ത് വീണ്ടും കോവിഡ് ഭീതി പിടിമുറുക്കുകയാണ്. ചൈനയിൽനിന്ന് എത്തിയ ഒമിക്രോൺ ഉപവകഭേദമായ 'ബിഎഫ്.7'. ആണ് പുതിയ വില്ലൻ. ചൈനയിൽ പുതിയ തരംഗമായി പടർന്നുപിടിക്കുന്ന 'ബിഎഫ്.7' രാജ്യത്തും കണ്ടെത്തിയതോടെ ജാഗ്രതാ നടപടികൾ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ.
രാജ്യത്ത് നാല് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ മൂന്നും ഒഡിഷയിൽ ഒന്നും കേസാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ യു.എസ്, ബ്രിട്ടൻ, ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം പുതിയ ഉപവകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയത്ത് 'ബിഎഫ്.7' ലക്ഷണങ്ങളെക്കുറിച്ചും രോഗപ്രതിരോധ നടപടികളെക്കുറിച്ചും അറിയാം.
എങ്ങനെ അറിയാം? അപകടകാരിയാണോ?
കോവിഡിനെപ്പോലെ തന്നെ വൈറസിന്റെ വകഭേദങ്ങളിലും ഉപവകഭേദങ്ങളിലുമെല്ലാം ഏകദേശം സമാനമായ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. എന്നാലും, 'ബിഎഫ്.7'ൽ പ്രധാനമായും കാണുന്ന ചില ലക്ഷണങ്ങളുണ്ട്.
*ശ്വസനസംബന്ധമായ അണുബാധയാണ് കൂട്ടത്തിൽ പ്രധാനപ്പെട്ട കാര്യം. ശ്വാസകോശം മുതൽ നെഞ്ചിനു മുകളിൽ തൊണ്ടവരെ ശ്വസനനാളിയിലുള്ള അണുബാധയാണിത്.
*ചിലർക്ക് വയറുസംബന്ധമായ അസുഖങ്ങളും കണ്ടുവരുന്നുണ്ട്. ഛർദിയും വയറിളക്കവും ഇതിന്റെ ഭാഗമാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ടെസ്റ്റ് ചെയ്യാനാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.
*മറ്റൊന്ന് സാധാരണ കോവിഡിൽ കണ്ടെത്താറുള്ള പനിയും തൊണ്ടവേദനയും മൂക്കൊലിപ്പും ചുമയുമെല്ലാം ശ്രദ്ധിക്കണം.
*ഒമിക്രോൺ വകഭേദം പോലെത്തന്നെ അതിവ്യാപനശേഷിയുള്ളതാണ് 'ബിഎഫ്.7'. പെട്ടെന്നാണ് രോഗം പടർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, അത്ര അപകടകാരിയല്ലെന്നത് ആശ്വാസകരമാണ്. എന്നാൽ, രോഗവ്യാപനശേഷി കൂടുതലുള്ളതിനാൽ ദുരന്തവ്യാപ്തിയും കൂടാനിടയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
എന്തെല്ലാം ശ്രദ്ധിക്കണം?
കോവിഡ് അടങ്ങിയതോടെ വിസ്മൃതിയിലായ പ്രതിരോധ നടപടികൾ തന്നെയാണ് പുതിയ വകഭേദത്തിന്റെ വ്യാപനം തടയാനും ശ്രദ്ധിക്കേണ്ടത്. മാസ്‌ക് ധരിക്കൽ, സാമൂഹികാകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗത്തിലൂടെയോ മറ്റോ കൈ വൃത്തിയായി സൂക്ഷിക്കൽ എന്നിവയെല്ലാം തന്നെയാണ് മുൻകരുതലെന്നോണം പ്രധാനമായി സൂക്ഷിക്കേണ്ടത്.
പനിയും ചുമയും ജലദോഷവുമെല്ലാം വന്നാൽ സീസണലാണെന്ന് കരുതി മാറ്റിവയ്ക്കാതെ ഉടൻ തന്നെ ടെസ്റ്റ് ചെയ്യാനാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. രോഗവ്യാപനം തടയാൻ ഇത് സഹായിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. രോഗം കണ്ടെത്തുന്നവർ ഐസൊലേഷനിലേക്ക് മാറി രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനാകും.
Summary: Covid Variant BF.7 Symptoms and Precautions