Health News
കാപ്പി അമിതമായി കുടിക്കാറുണ്ടോ?; പ്രത്യാഘാതം വളരെ വലുതായിരിക്കും
Health News

കാപ്പി അമിതമായി കുടിക്കാറുണ്ടോ?; പ്രത്യാഘാതം വളരെ വലുതായിരിക്കും

Web Desk
|
9 Feb 2023 3:46 PM GMT

ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിച്ചാൽ മതിയെന്ന് ഡോക്ടർമാർ നിർദേശിക്കുന്നത് ഇതുകൊണ്ടാണ്

കാപ്പി കുടിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ ഭൂരിപക്ഷം. എന്നാൽ അമിതമായി കാപ്പി കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത് കാപ്പി അമിതമായി കുടിക്കുന്നത് കൊളസ്‌ട്രോൾ വർധിപ്പിക്കുമെന്നാണ് പഠനം. കാപ്പിയിൽ കഫീൻ അടങ്ങിയിരിക്കുന്നുയെന്നതാണ് അതിന് കാരണമായി പറയപ്പെടുന്നത്. ഇതിനെ ഒരു ഉത്തേജകമായിട്ടാണ് കണക്കാക്കുന്നത്.

കഫീന്റെ ഉത്തേജക സ്വഭാവം ഉതകണഠയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. 2011-ലെ ഒരു പഠനമനുസരിച്ച്, സ്‌കാൻഡിനേവിയൻ കാപ്പി, ടർക്കിഷ് കോഫി എന്നിവ കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പറയുന്നതനുസരിച്ച്, പ്രതിദിനം 400 മില്ലിഗ്രാം കഫീൻ ആരോഗ്യത്തിന് സുരക്ഷിതമാണ്. കാപ്പി പോലുള്ള കഫീൻ അടങ്ങിയ പാനീയം മദ്യവുമായി കലർത്തുന്നതിനെതിരെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ പോലെയുള്ള മറ്റ് ചില പാനീയങ്ങളിലും ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്.

ഉറക്കമില്ലായ്മ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലവേദന, ഉത്കണ്ഠ, വിറയൽ, ഓക്കാനം, അസന്തുലിതാവസ്ഥ എന്നിവ അമിത കഫീൻ കഴിച്ചാൽ ഉണ്ടായേക്കാവുന്ന ചില പാർശ്വഫലങ്ങളാണ്. അമിതമായാൽ കാപ്പി ദോഷം ചെയ്യുമെന്ന് തന്നെയാണ് വിദഗ്ധരുടെയും അഭിപ്രായം. ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിച്ചാൽ മതിയെന്ന് ഡോക്ടർമാർ നിർദേശിക്കുന്നത് ഇതുകൊണ്ടാണ്.

Similar Posts