Health News
മൈഗ്രെയ്നെ നിയന്ത്രിക്കാൻ ജീവിതശൈലിയിൽ വരുത്താം ഒരൽപം മാറ്റം
Health News

മൈഗ്രെയ്നെ നിയന്ത്രിക്കാൻ ജീവിതശൈലിയിൽ വരുത്താം ഒരൽപം മാറ്റം

Web Desk
|
19 Nov 2022 10:53 AM GMT

മൈഗ്രെയ്ൻ സ്ഥിരീകരിക്കാൻ അതിന്റെ ലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്

അടിക്കടിയുണ്ടാകുന്ന തലവേദന പലരെയും അലട്ടാറുണ്ട്. കൃത്യമായ കാരണമൊന്നുമില്ലാതെ ഉണ്ടാകുന്ന ഈ തലവേദന കാരണം ദൈനംദിന ജോലികൾ പോലും തടസപ്പെട്ടവരാണ് പലരും. പതിവായി തലവേദന ഉണ്ടാകുന്ന പലർക്കുമുണ്ടാകുന്ന സംശയമാണ് ഇത് മൈഗ്രെയ്ൻ മൂലമാണോ അല്ലയോ എന്നത്. ഇത് സ്വയം നിർണയിക്കുക പ്രയാസമാണ്. സാധാരണ തലവേദനക്ക് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് മൈഗ്രെയ്‌നുമുള്ളത്. അതിനാൽ, മൈഗ്രെയ്ൻ സ്ഥിരീകരിക്കാൻ അതിന്റെ ലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. എങ്കിൽ മാത്രമേ കൃത്യമായ ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ.

ന്യൂറോളജിക്കൽ ഡിസോർഡർ ആയാണ് ഡോക്ടർമാർ മൈഗ്രെയ്നെ വിശേഷിപ്പിക്കുന്നത്. നെറ്റിത്തടത്തിൽ അസഹനീയമായി തുടങ്ങുന്ന വിങ്ങലോടുകൂടെയാണ് ഇത് ആരംഭിക്കുന്നത്. മൈഗ്രെയ്‌ന്റെ കാരണം ഇതുവരെ കൃത്യമായി നിർണയിച്ചിട്ടില്ല.

മൈഗ്രെയ്‌നുകൾ പലതരമുണ്ട്...

  • ക്ലാസിക് മൈഗ്രെയ്ൻ

കാഴ്ച പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മൈഗ്രെയ്‌നാണിത്. ഇതുണ്ടാകുമ്പോൾ കാഴ്ചക്ക് ബുദ്ധിമുട്ട് നേരിടാം. ഇത്തരത്തിലുള്ള മൈഗ്രെയ്ൻ സാധാരണയായി ഒരു മണിക്കൂറോ അതിൽ കൂടുതലോ നീണ്ടുനിൽക്കും. മുഖത്തോ കൈകാലുകളിലോ ഉണ്ടാകുന്ന മരവിപ്പും ക്‌ളാസിക് മൈഗ്രെയ്‌ന്റെ ലക്ഷണങ്ങളാണ്.

  • സാധാരണ മൈഗ്രെയ്ൻ

സാധാരണയായി തലയുടെ ഒരു വശത്ത് ഉണ്ടാകുന്ന വേദന മറ്റുള്ളിടങ്ങളിലേക്കും പടരുന്നതാണ് മൈഗ്രെയ്‌ന്റെ പ്രധാന ലക്ഷണം. ഭക്ഷണത്തോടുള്ള ആസക്തി, ക്ഷീണം അല്ലെങ്കിൽ കുറഞ്ഞ ഊർജ്ജ നില, വിഷാദം, ഹൈപ്പർ ആക്റ്റിവിറ്റി, ക്ഷോഭം അല്ലെങ്കിൽ കഴുത്തിലെ കാഠിന്യം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. പലപ്പോഴും ഓക്കാനം, അസിഡിറ്റി, ഛർദ്ദി,എന്നിവയും ഉണ്ടാകാറുണ്ട്.

സാധാരണ മൈഗ്രെയ്‌നുമായി ബന്ധപ്പെട്ട തലവേദന നാലുമണിക്കൂർ വരെ നിലനിൽക്കാം. ആഴ്ചയിൽ 72 മണിക്കൂർ വരെ ഇതുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

  • ആർത്തവ മൈഗ്രെയ്ൻ

ആർത്തവചക്രവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മൈഗ്രെയ്‌നാണിത്.

  • വെസ്റ്റിബുലാർ മൈഗ്രെയ്ൻ

തലവേദന, ഛർദി എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ് വെസ്റ്റിബുലാർ മൈഗ്രെയ്ൻ. ഇത് തലവേദനയോടൊപ്പമോ അല്ലാതെയോ സംഭവിക്കാം.

മൈഗ്രെയ്ൻ ഉണ്ടാകുന്ന സാഹചര്യങ്ങൾ

  • വിശപ്പ്
  • കടുത്ത വെളിച്ചം
  • നിർജ്ജലീകരണം
  • സ്ത്രീകളിൽ ഹോർമോൺ മാറ്റങ്ങൾ
  • ഉച്ചത്തിലുള്ള ശബ്ദം
  • സമ്മർദ്ദം
  • ഉറക്കത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
  • ഗർഭനിരോധന മാർഗ്ഗങ്ങൾ പോലുള്ള ചില മരുന്നുകൾ
  • ചില ഭക്ഷണ സാധനങ്ങൾ
  • കാലാവസ്ഥ മാറ്റങ്ങൾ
  • പുകവലി, മദ്യപാനം അല്ലെങ്കിൽ കഫെയ്ൻ അടങ്ങിയ പാനീയങ്ങൾ

പ്രതിവിധികളുണ്ടോ?

മൈഗ്രെയ്ൻ ലക്ഷണങ്ങൾ കുറക്കാനുള്ള പ്രതിവിധി നമ്മുടെ വീട്ടിൽ തന്നെയുണ്ട്. ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന മാർഗം. നന്നായി വിശ്രമിക്കുക, ശാന്തവും സമാധാനവുമുള്ള അന്തരീക്ഷം വിശ്രമിക്കാനായി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നെറ്റിയിൽ തണുപ്പുള്ള എന്തെങ്കിലും വെക്കുന്നതും നല്ലതാണ്.

  • വേദനയുടെ ആരംഭത്തിൽ തന്നെ ചികിത്സ തേടുകയാണ് ഉത്തമം. അസറ്റാമിനോഫെൻ, ആസ്പിരിൻ, കഫീൻ, ഐബുപ്രോഫെൻ തുടങ്ങിയ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്. തലയുടെ പിൻഭാഗത്ത് സ്ഥാപിക്കുന്ന സിംഗിൾ-പൾസ്-ട്രാൻസ്‌ക്രീനിയൽ മാഗ്നറ്റിക് എന്ന ഉപകരണം വേദന കുറയ്ക്കാൻ സഹായിക്കും.
  • ഛർദ്ദി ഒഴിവാക്കാനുള്ള മരുന്നുകളും എടുക്കാവുന്നതാണ്. എങ്കിലും, എന്ത് കാരണത്താലാണോ മൈഗ്രെയ്ൻ ഉണ്ടാകുന്നത് അത് കണ്ടെത്തി പരിഹരിക്കുകയാണ് ഏറ്റവും പ്രയോജനകരം.

പ്രതിരോധ ചികിത്സക്കൊപ്പം ജീവിതശൈലിയിലും ഒരല്പം മാറ്റം വരുത്തിയാൽ മൈഗ്രെയ്നെ നിയന്ത്രിച്ചുനിർത്താനാകും.

  • ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങൾ
  • തലച്ചോറിനും ശരീരത്തിനും വിശ്രമം നൽകാൻ ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവ സഹായിക്കും. ദഹനവ്യവസ്ഥ, ഉദരം, ഞരമ്പുകൾ എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും ഈ വ്യായാമങ്ങൾ സഹായിക്കും.
  • ധാരാളം വെള്ളം കുടിക്കുക
  • ഇടവിട്ട് വെള്ളം കുടിക്കുക. ഹെർബൽ ടീ കുടിക്കുന്നതും വേദനായകറ്റാൻ സഹായിക്കും. നിർജ്ജലീകരണം മൂലമാണ് പല മൈഗ്രെയിനുകളും ഉണ്ടാകുന്നത്. നിർജലാഗികരണം സംഭവിക്കാതെ ശ്രദ്ധിക്കുക.
  • ആവശ്യത്തിന് വിശ്രമം
  • ക്ഷീണം മൂലവും മൈഗ്രെയ്ൻ ഉണ്ടാകാം. എല്ലാ രാത്രിയും കൃത്യമായ സമയത്ത് ഉറങ്ങാൻ ശ്രദ്ധിക്കുക. 7-9 മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • മിതമായ വ്യായാമം
  • അധികം സമ്മർദ്ദമെടുക്കാതെയുള്ള വ്യായാമങ്ങൾ ഗുണം ചെയ്യും. നാഡീവ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവർത്തനം ഉറപ്പാക്കാൻ ഇത് സഹായകമാണ്.
  • സമ്മർദ്ദം നിയന്ത്രിക്കുക
  • ശ്വസനവ്യായാമങ്ങളോ ധ്യാനമോ ചെയ്തുകൊണ്ട് സമ്മർദ്ദം നിയന്ത്രിക്കാവുന്നതാണ്. സമ്മർദ്ദമുണ്ടാകുമ്പോൾ അത് നേരിട്ട് ബാധിക്കുന്നത് നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെയാണ്. ഇത് ക്ഷീണമുണ്ടാകാനും പതിയെ മൈഗ്രെയ്‌നിലേക്ക് നയിക്കുകയും ചെയ്യും.
Similar Posts