![വ്യായാമം മുടക്കേണ്ട... മൂന്നാം മാസം കരുതലോടെ; ഗർഭിണികളുടെ ശ്രദ്ധക്ക് വ്യായാമം മുടക്കേണ്ട... മൂന്നാം മാസം കരുതലോടെ; ഗർഭിണികളുടെ ശ്രദ്ധക്ക്](https://www.mediaoneonline.com/h-upload/2022/11/15/1332086-untitled-1.webp)
വ്യായാമം മുടക്കേണ്ട... മൂന്നാം മാസം കരുതലോടെ; ഗർഭിണികളുടെ ശ്രദ്ധക്ക്
![](/images/authorplaceholder.jpg?type=1&v=2)
ഗർഭകാലത്തെ വ്യായാമം സംബന്ധിച്ച് നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്
ഗർഭകാലം ഏറെ പ്രധാനപ്പെട്ടതാണ്. അമ്മയെ മാത്രമല്ല കുഞ്ഞിനേയും കൂടി കണക്കാക്കിയാണ് ഈ സമയത്തെ ശുശ്രൂഷകളെല്ലാം. ഗര്ഭാവസ്ഥയിലുടനീളം ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ആദ്യത്തെ മൂന്ന് മാസം അതീവ ശ്രദ്ധ വേണം. ഏറെ നിർണായകമായ സമയമാണിത്. കുഞ്ഞിന്റെ വളർച്ചാ കാലഘട്ടമാണിത്. കുഞ്ഞ് ഏറ്റവും കൂടുതൽ വളർച്ചയിലൂടെ കടന്നുപോകുന്നതും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നതും ആദ്യ മൂന്ന് മാസങ്ങളിലാണ്.
കുഞ്ഞിന്റെ ആരോഗ്യപ്രദമായ വളർച്ചക്ക് നിങ്ങളുടെ ശരീരത്തെ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ പ്രധാനമാണ്. അതിനോടൊപ്പം തന്നെ വേണ്ട പ്രധാന കാര്യമാണ് വ്യായാമം. ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണിത്. ഗർഭകാലത്തെ വ്യായാമം സംബന്ധിച്ച് നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യത്തിന് വ്യായാമം ചെയ്യുന്നത് ഏറെ ഗുണംചെയ്യും. അപ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്!
ഒരു ബ്രേക്ക് എടുക്കൂ..
ശരീരത്തിന്റെ അവസ്ഥ നോക്കി വേണം വ്യായാമം ചെയ്യാൻ. വർക്ക് ഔട്ട് ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് മതിയായ ഇടവേളകൾ എടുക്കുന്നതും. കഠിനമായ വർക്ക് ഔട്ടുകൾ പൂർണമായും ഒഴിവാക്കുക. വ്യായാമം ഇപ്പോഴും സുഖകരമായിരിക്കണം. ശരീരവേദന, തലകറക്കം, ശ്വാസതടസം, അമിതമായി വിയർക്കുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വ്യായാമം ചെയ്യുന്നത് നിർത്തി വിശ്രമിക്കുക.
![](https://www.mediaoneonline.com/h-upload/2022/11/15/1332087-untitled-1.webp)
നടക്കാം..
ആരോഗ്യവിദഗ്ധർ ഗർഭിണികൾക്ക് നിർദ്ദേശിക്കുന്ന ഏറ്റവും നല്ല വ്യായാമങ്ങളിൽ ഒന്നാണ് നടത്തം. ഹൃദയാരോഗ്യത്തിന് നടത്തം ഗുണംചെയ്യും. ആയാസമേറിയ നടത്തം വേണ്ട. കഠിനമായ ശാരീരിക അധ്വാനം, ഭാരം എടുക്കുക തുടങ്ങിയവയും ഒഴിവാക്കുക.
![](https://www.mediaoneonline.com/h-upload/2022/11/15/1332090-untitled-1.webp)
നീന്തൽ പരിശീലിക്കാം
ഗർഭകാലത്ത് പരിശീലിക്കാവുന്ന മികച്ച വ്യായാമമാണ് നീന്തൽ. സന്ധികളിൽ നിന്നും അസ്ഥിബന്ധങ്ങളിൽ നിന്നും സമ്മർദ്ദം ഒഴിവാക്കാൻ സഹായകമാണിത്. ഒറ്റക്കോ അല്ലെങ്കിൽ കൂട്ടത്തിലോ നീന്താവുന്നതാണ്. നീന്താൻ താൽപര്യമില്ലെങ്കിൽ വാട്ടർ എയറോബിക്സ് പോലെയുള്ള വ്യായാമങ്ങൾ പരിശീലിക്കാവുന്നതാണ്.
![](https://www.mediaoneonline.com/h-upload/2022/11/15/1332091-untitled-1.webp)
പിലേറ്റ്സ്
മനസിനും ശരീരത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന വ്യായാമമുറയാണ് പിലേറ്റ്സ്.ഗർഭിണികൾക്ക് അനുയോജ്യമായ വ്യായാമമാണിത്. യോഗ്യതയുള്ള പരിശീലകരെ കണ്ടെത്തി പിലേറ്റ്സ് പരിശീലിക്കുക. ഒരേ സമയം മാനസിക സമ്മർദ്ദവും ശരീരഭാരവും കുറയ്ക്കാനും ഈ വ്യായാമത്തിലൂടെ സാധിക്കും. ഇത് പ്രസവത്തിന് ഗുണംചെയ്യും.
![](https://www.mediaoneonline.com/h-upload/2022/11/15/1332092-untitled-1.webp)
യോഗ
മാനസികസന്തുലനം നേടാനും ശരീരത്തിന് ഏറെ ആയാസം നൽകാനും യോഗയിലൂടെ സാധിക്കും. രക്തസമ്മർദ്ദ നിയന്ത്രിക്കാനും മെയ്വഴക്കം മെച്ചപ്പെടുത്താനും യോഗ ചെയ്യുന്നത് നല്ലതാണ്.
![](https://www.mediaoneonline.com/h-upload/2022/11/15/1332093-untitled-1.webp)
ഇക്കാര്യങ്ങളും ശ്രദ്ധിക്കൂ..
- ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് മുപ്പത് മിനിറ്റ് മിതമായ വ്യായാമത്തിൽ ഏർപ്പെടാൻ ശ്രമിക്കുക. പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിവിധ സെഷനുകളായി വ്യായാമം ചെയ്യുന്നതാകും ഉത്തമം.
- മറ്റ് ആരോഗ്യപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെങ്കിൽ ഗർഭാവസ്ഥയിലുടനീളം ഈ വ്യായാമങ്ങൾ ശീലിക്കുക.
- ഏത് വ്യായാമത്തിന്റെ കാര്യത്തിലാണെങ്കിലും ഡോക്ടറുടെ ഉപദേശം തേടാൻ മടിക്കരുത്