'പുകയില വിരുദ്ധ മുന്നറിയിപ്പ് ഒടിടിയിലും'; നിർദേശവുമായി കേന്ദ്ര സർക്കാർ
|ഇതു സംബന്ധിച്ച് നെറ്റ്ഫ്ളിക്സ്, ആമസോണ്‍, ഹോട്സ്റ്റാർ എന്നിവരോട് വിവരം തേടിയതായാണ് റിപ്പോർട്ട്
തീയറ്ററുകളിലെ സിനിമാപ്രദർശനത്തിനു മുന്നോടിയായുള്ള ലഹരി വിരുദ്ധ മുന്നറിയിപ്പ് ഒടിടിലും നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് നെറ്റ്ഫ്ളിക്സ്, ആമസോണ്‍, ഹോട്സ്റ്റാർ എന്നിവരോട് വിവരം തേടിയതായാണ് റിപ്പോർട്ട്. രാജ്യത്തെ തീയറ്ററുകളിലും ടെലിവിഷനുകളിലും ലഹരിക്കെതിരായ മുപ്പത് സെക്കന്റ് വീഡിയോ പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും നിലവിൽ ഒടിടി പ്ലാറ്റ്ഫോമുകൾ ഇത് പിൻതുടരുന്നില്ല.
എന്നാൽ ഈ നിയമം ഒടിടിയിലും നടപ്പിലാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്ത് പ്രായപൂർത്തി ആകാത്ത കുട്ടികളിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്നു എന്ന 2019 ലെ ഗ്ലോബൽ യൂത്ത് ടുബാക്കോ സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. 13-15 വയസ് പ്രായമുള്ള വിദ്യാർത്ഥികളിൽ അഞ്ചിലൊന്ന് പേരും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.