തുളസിയുണ്ടോ? തടി താനേ കുറയും, അറിയാം ഗുണങ്ങൾ
|ശരീരത്തിലെ അഴുക്കുകളും വിഷമയമായിട്ടുള്ള വസ്തുക്കളും നീക്കം ചെയ്യാനും തുളസി സഹായകമാണ്
അമിതമായ തടി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ കുറക്കാൻ പല വഴികളും ആളുകൾ പരീക്ഷിക്കാറുണ്ട്. വ്യായാമം ചെയ്യുന്നതിനോടൊപ്പം ഭക്ഷണവും ഒരു പ്രധാന ഘടകമാണ്. എന്നാൽ, ഡയറ്റിനൊപ്പം ചില പൊടിക്കൈകളും കൂടിയായാലോ! ഗ്രീൻ ടീയുടെ സ്വാദ് അത്ര ഇഷ്ടപ്പെടാത്തവരാകും കൂടുതലും. എങ്കിൽ, വെറുതെ ആ പറമ്പിലേക്കൊന്ന് ഇറങ്ങിയാലോ. തുളസിച്ചെടിയുണ്ടെങ്കിൽ കയ്യോടെ ഡയറ്റിലേക്ക് കൂട്ടിക്കോളൂ. നിരവധി ഗുണങ്ങൾ ഒളിപ്പിച്ചാണ് കക്ഷിയുടെ നിൽപ്പ്. പലർക്കും അറിയില്ലെങ്കിലും ദഹനം മുതൽ സൗന്ദര്യം വരെ വർധിപ്പിക്കാൻ തുളസി ഒരു നല്ല ഓപ്‌ഷനാണ്. തടി കുറക്കാൻ തുളസി എങ്ങനെയാണ് സഹായിക്കുക എന്ന് നോക്കാം.
നിരവധി ഔഷധഗുണങ്ങൾ അടങ്ങിയതാണ് തുളസിയെന്ന് എടുത്ത് പറയേണ്ട കാര്യം ഇല്ല. രാവിലെ തന്നെ തുളസി കഴിച്ചാൽ ആരോഗ്യകരമായ രീതിയിൽ തടി കുറക്കാമെന്ന് ആരോഗ്യ വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശരീരത്തിലെ അഴുക്കുകളും വിഷമയമായിട്ടുള്ള വസ്തുക്കളും നീക്കം ചെയ്യാനും തുളസി സഹായകമാണ്. ശരീരത്തിൽ നിന്ന് ഇത്തരം ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കം ചെയ്യുന്നതോടെ തന്നെ ഭാരം കുറയും. ഭക്ഷണം കഴിക്കുന്നതിന് മുൻപ് തന്നെ കഴിക്കുന്നതാണ് ഉത്തമം.
നേടാം ഉയർന്ന മെറ്റബോളിസം
ശരീരത്തിലെ മെറ്റബോളിസം കൂട്ടാൻ അത്യുത്തമമാണ് തുളസി. എത്ര കാലറി നാം ദഹിപ്പിച്ചെടുക്കുന്നുണ്ട് എന്ന് ശരീരത്തിലെ മെറ്റാബോളിസത്തിന്റെ അളവ് നോക്കി നമുക്ക് മനസിലാക്കാവുന്നതാണ്. മെറ്റബോളിസം കൂടുന്നതനുസരിച്ച് ശരീരഭാരം കുറയുന്നു. രാവിലെ തന്നെ തുളസി കഴിക്കുന്നതിലൂടെ മെറ്റബോളിസം ഉയരുകയാണ് ചെയ്യുന്നത്.
എങ്ങനെ കഴിക്കും?
തുളസി എങ്ങനെ കഴിക്കും എന്നതാണ് പലരുടെയും സംശയം. സാധാരണ വീടുകളിൽ വെള്ളം തിളപ്പിക്കാൻ തുളസി ഉപയോഗിക്കാറുണ്ട്. തുളസിയിട്ട ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തിനും ഉത്തമമാണ്. തുളസിച്ചായ ഉണ്ടാക്കി കുടിക്കുന്നതും ഉത്തമമാണ്. സാധാരണ കട്ടൻചായ ഉണ്ടാക്കുന്ന രീതിയിൽ തന്നെയാണ് ഇതും. വെള്ളം തിളപ്പിച്ച ശേഷം ചായപ്പൊടിക്ക് മുൻപ് തുളസിയിടാം. മധുരത്തിനായി പഞ്ചസാരക്ക് പകരം തേൻ ചേർക്കുന്നതാണ് നല്ലത്. തുളസി ഉപയോഗത്തിൽ നിങ്ങളുടെ ഡയറ്റീഷന്റെയോ ഡോക്ടറുടെയോ നിർദേശം തേടുന്നതും നല്ലതാണ്.