മഞ്ഞുകാലമെത്തി; കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി ഉറപ്പാക്കാനുള്ള സൂപ്പർ ഫുഡ്‌സ് ഇതാ
|തണുപ്പുകാലത്ത് കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്
തണുപ്പുകാലമെന്ന് കേൾക്കുമ്പോൾ തന്നെ രക്ഷിതാക്കൾക്ക് ആശങ്കയാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യം തന്നെയാണ് വിഷയം. ഇടയ്ക്കിടെ വരുന്ന പനിയും ജലദോഷവും കാരണം രക്ഷിതാക്കൾ കുഴയാറുണ്ട്. എന്നാൽ, ജലദോഷം വരുന്നതിനർഥം നിങ്ങളുടെ കുട്ടിക്ക് പ്രതിരോധശേഷി ഇല്ലെന്നല്ല. തണുപ്പുകാലത്ത് ഫ്ലൂ വൈറസ് ദീർഘകാലം നിലനിൽക്കുമെന്നതിനാലാണത്.
ഈ സമയത്ത് കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്. നൽകുന്ന ഭക്ഷണത്തിലാകണം കൂടുതൽ ശ്രദ്ധ. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പോഷകഗുണമുള്ള ആഹാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുട്ടിയുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ നൽകേണ്ട മികച്ച 6 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ!
തൈര്
ഇനി ഷോപ്പിങ്ങിന് പോകുമ്പോൾ ലിസ്റ്റിൽ ആദ്യത്തേത് തൈരായിക്കോട്ടെ. ആരോഗ്യകരമായ ബാക്ടീരിയകൾ എന്ന പേരിൽ അറിയപ്പടുന്ന പ്രോബയോട്ടിക്‌സ് നിറഞ്ഞ തൈര് കുടലിന്റെ ആരോഗ്യം, ദഹനം എന്നിവക്ക് ഉത്തമമാണ്. കാൽസ്യം, വിറ്റാമിൻ ഡി, പൊട്ടാസ്യം എന്നിവയുടെ കലവറ കൂടിയാണ് തൈര്. മികച്ച ഫലം ലഭിക്കാൻ പഞ്ചസാരയോ മറ്റ് പ്രിസർവേറ്റുകളോ ചേർക്കാതെ നല്ല ശുദ്ധമായ വെളുത്ത തൈര് തന്നെ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കുക.
നട്ട്സ്
കശുവണ്ടിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. ഊർജം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനമാണ് കശുവണ്ടി പോലെയുള്ളവ. കശുവണ്ടി, നിലക്കടല, ബദാം, പിസ്ത, വാൽനട്ട് എന്നിവ കുട്ടികൾക്ക് നൽകുക. വെറുതെ കൊറിക്കാൻ കൊടുക്കുകയോ അല്ലെങ്കിൽ പാലിലോ മറ്റോ ചേർത്തോ കൊടുക്കാവുന്നതാണ്.
വിത്തുകൾ
സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, ചിയ വിത്തുകൾ, എള്ള്, ഫ്ളാക്സ് വിത്ത് എന്നിവ നിരവധി ധാതുക്കളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ വിത്തുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക മാത്രമല്ല രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും രക്തസമ്മർദ്ദം നിലനിർത്തുകയും ചെയ്യും.
മുട്ട
മിക്കവാറും കുഞ്ഞുങ്ങളെ കഴിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. വിറ്റാമിൻ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണത്തോടാണ് കുട്ടികൾ മുഖം തിരിക്കുന്നതെന്ന് ഓർമിക്കുക. ശൈത്യകാലത്ത് സമീകൃതാഹാരം നൽകുകയാണ് ലക്ഷ്യമെങ്കിൽ മുട്ട തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പുഴുങ്ങിയോ, പൊരിച്ചോ, ബുൾസൈ ആയോ നൽകാവുന്നതാണ്. മടിയുള്ള കൂട്ടരെ മെരുക്കാൻ അല്പം പൊടിക്കൈകൾ പ്രയോഗിച്ചോളൂ. ബ്രെഡിന്റെ കൂടെയോ അല്ലെങ്കിൽ യൂ ട്യൂബ് നോക്കി പാചകക്കുറിപ്പുകളും പരീക്ഷിക്കാവുന്നതാണ്.
പഴങ്ങൾ
സിട്രസ് അല്ലങ്കിൽ നാരങ്ങ ഇനത്തിൽ പെട്ട പഴങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകാൻ തിരഞ്ഞെടുക്കുക. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മികച്ച ഒരു ഓപ്‌ഷനാണ് ഇവ. ഓറഞ്ച്, മധുരനാരങ്ങ, മുസമ്പി എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. പൊട്ടാസ്യം, ബി വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് സിട്രസ് ഇനത്തിൽ പെട്ട പഴങ്ങൾ.
ഇലവർഗങ്ങൾ
ബ്രോക്കോളി, കാബേജ് ഇല, ചീര, കോളിഫ്ലവർ എന്നിവ കുട്ടികൾക്കായി തിരഞ്ഞെടുക്കുക. വിറ്റാമിൻ എ, സി, കെ, ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ നിരവധി പ്രധാന പോഷകഘടകങ്ങൾ ഈ പച്ചക്കറികളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ധാരാളം ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ് ഇവ. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഏറെ സഹായകമാണിവ.