ചർമസംരക്ഷണവും റോസ് വാട്ടറും: അറിയാം ഗുണങ്ങളും ഉപയോഗിക്കേണ്ട വിധവും...
|കൃത്രിമ നിറങ്ങളോ ആൽക്കഹോളോ അടങ്ങിയിരിക്കുന്ന റോസ് വാട്ടർ കഴിവതും ഒഴിവാക്കുകയാണ് നല്ലത്
മുഖകാന്തിക്ക് എല്ലാവരും തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ് റോസ് വാട്ടർ. ടോണർ,മോയ്‌സ്ചറൈസർ എന്നിങ്ങനെ റോസ് വാട്ടർ ചെയ്യാത്ത റോളുകളില്ല. എന്നാൽ ചർമസംരക്ഷണത്തിന് എത്രത്തോളം ഉപകാരപ്രദമാണ് റോസ് വാട്ടർ? എങ്ങനെ ഉപയോഗിച്ചാലാണ് റോസ് വാട്ടർ ഫലം ചെയ്യുക,ഇക്കാര്യങ്ങളറിയുന്നതിന് മുമ്പ് എന്താണ് യഥാർഥത്തിൽ റോസ് വാട്ടർ എന്ന് നോക്കാം...
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ റോസും വാട്ടറും കൂടിച്ചേർന്ന മിശ്രിതമാണ് റോസ് വാട്ടർ. റോസാപ്പൂവിതളുകൾ വെള്ളത്തിൽ കുതിർത്താണ് റോസ് വാട്ടർ ഉണ്ടാക്കുന്നത്. പേർഷ്യയിൽ സസേനിയൻ സാമ്രാജ്യത്വത്തിന്റെ കാലത്താണ് റോസ് വാട്ടർ സൗന്ദര്യവർധക വസ്തുവായി ഉപയോഗിച്ചു തുടങ്ങിയത്. ചർമത്തിലെ പ്രകൃതിദത്ത ഓയിലുകളെ ബാലൻസ് ചെയ്യുന്നതിനാൽ ചർമം എപ്പോഴും ഉന്മേഷപ്രദമാക്കുവാൻ റോസ് വാട്ടറിന് കഴിയും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചർമത്തിൽ ജലാംശം നിലനിർത്താനും ഏറെ ഫലപ്രദമാണ് റോസ് വാട്ടർ. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ റോസ് വാട്ടർ പ്രായക്കൂടുതൽ മൂലം ചർമത്തിലുണ്ടാകുന്ന ചുളിവുകൾക്കും പരിഹാരമാണ്. ആന്റിബാക്ടീരിയിൽ-ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളും റോസ് വാട്ടറിനെ മികച്ചതാക്കുന്നു
കൃത്രിമ നിറങ്ങളോ ആൽക്കഹോളോ അടങ്ങിയിരിക്കുന്ന റോസ് വാട്ടർ കഴിവതും ഒഴിവാക്കുകയാണ് നല്ലത്. രാത്രി കിടക്കുന്നതിന് മുമ്പ് റോസ് വാട്ടർ ഉപയോഗിക്കാനും ശ്രദ്ധിക്കണം. സ്‌പ്രേ ചെയ്ത് ഉപയോഗിക്കുന്നതാണ് ഫലം ചെയ്യുക. ഫേസ് ക്ലെൻസർ ആയി ഉപയോഗിക്കുകയാണെങ്കിൽ ഒരു ടേബിൾ സ്പൂൺ റോസ് വാട്ടറിൽ ഏതാനും തുള്ളി മാത്രം ഗ്ലിസറിൻ ചേർത്ത് മുഖത്ത് തേക്കാം.