പരാധീനതകളുടെയും അവഗണനയുടെയും നടുവില്‍ തണ്ണിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
|വിദഗ്ദ ചികിത്സ ലഭിക്കാത്തതിനാല്‍ ആറ് മാസത്തിനിടെ 8 പേരാണ് പ്രദേശത്ത് മരിച്ചത്
പരാധീനതകളുടെ നടുവിലുള്ള പത്തനംതിട്ട തണ്ണിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സാമൂഹ്യ ആരോഗ്യകേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിദഗ്ദ ചികിത്സ ലഭിക്കാത്തതിനാല്‍ ആറ് മാസത്തിനിടെ 8 പേരാണ് പ്രദേശത്ത് മരിച്ചത്. ജനപ്രതിനിധികളുടെ അധികാരികളുടെ അവഗണിച്ച ആശുപത്രിക്ക് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ് ഇവിടുത്തെ യുവജന കൂട്ടായ്മ.
കോന്നി വനമേഖലയാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് തണ്ണിത്തോട്. ഏത് രോഗത്തിനും ജനങ്ങള്‍ക്കുള്ള ഏക ആശ്രയമാണ് ഈ പ്രാഥമിക ആരോഗ്യകേന്ദ്രം. സ്വകാര്യ ആശുപത്രികള്‍ പോലും ഇവിടെയില്ല. തൊട്ടടുത്തുള്ളത് പത്തനംതിട്ട ജനറല്‍ ആശുപത്രിയാണ്, ഇതിനായി 35 കിലോമീറ്റര്‍ സഞ്ചരിക്കണം.
മൂന്ന് ഡോക്ടര്‍മാരുടെ തസ്തികയുണ്ടെങ്കിലും ഇവിടെയുള്ളത് ഒരു ഡോക്ടര്‍. കിടത്തി ചികിത്സക്ക് സൌകര്യമുണ്ടെങ്കിലും കട്ടിലുകളെല്ലാം കാലി. ആശുപത്രി വികസനത്തിനായി അനുവദിച്ച രണ്ട് കോടി രൂപ ലോകബാങ്ക് വായ്പ പഞ്ചായത്ത് വകമാറ്റി ചെലവഴിക്കുകയും ചെയ്തു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രമായി ആശുപത്രിയെ ഉയര്‍ത്തുക, ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രദേശത്തെ യുവജനങ്ങള്‍ സംഘടിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ നടത്തുന്ന പ്രചാരണത്തിന് വിവിധ മേഖലകളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്.