രാജ്യത്തെ 84 ശതമാനം ബ്രഡിലും ബണ്ണിലും കാന്‍സറിന് കാരണമായ രാസവസ്തുക്കള്‍
|രാജ്യത്തെ വിപണിയില്‍ വില്‍ക്കുന്ന ബ്രഡിലും ബണ്ണിലും അമിതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോന്‍മെന്റ് നടത്തിയ പഠനറിപ്പോര്‍ട്ട്.
രാജ്യത്തെ വിപണിയില്‍ വില്‍ക്കുന്ന ബ്രഡിലും ബണ്ണിലും അമിതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോന്‍മെന്റ് നടത്തിയ പഠനറിപ്പോര്‍ട്ട്. 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബേക്കറി ഉല്‍പ്പന്നങ്ങളിലും ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ കണ്ടെത്തി. ബ്രഡിലും ബേക്കറി ഉല്‍പന്നങ്ങളിലും കണ്ടെത്തിയ പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന രാസവസ്തുവാണ്.
ബ്രഡ്, ബണ്ണ്, ബിസ്ക്കറ്റ് എന്നിവ അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങളില്‍ ശരീരത്തിന് ഹാനികരമാകുന്ന നിരവധി രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അളവ് ക്രമാതീതമായ തോതിലാണ് പല ബ്രാന്‍ഡുകളിലും ഉപയോഗിക്കുന്നത്. ഇതില്‍ പൊട്ടാസ്യം ബ്രോമേറ്റ് ക്യാന്‍സറിന് കാരണമാകുന്ന മൂലകമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. തൈറോയിഡിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന പൊട്ടാസ്യം അയോഡേറ്റിന് നിരവധി രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ബേക്കറി ഉല്‍പന്നങ്ങളില്‍ അനുവദനീയമായ അളവില്‍ ഇവ ഉപയോഗിക്കാന്‍ അനുവാദമുണ്ട്.
2011 ലെ ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഒരു കിലോഗ്രാം ബ്രെഡില്‍ 50 മില്ലി ഗ്രാം മാത്രമാണ് ഇവ ഉപയോഗിക്കാവുന്നതിന്റെ പരിധി. മറ്റ് ബ്രേക്കറി ഉല്‍പ്പന്നങ്ങളില്‍ ഇത് ഒരു കിലോക്ക് 20 മില്ലിഗ്രാം എന്ന തോതിലും ഉപയോഗിക്കാം. എന്നാല്‍ പഠനറിപ്പോര്‍ട്ട് അനുസരിച്ച് ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായതിലും വലിയ അളവിലാണ് ഇവ ചേര്‍ക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റും, പൊട്ടാസ്യം അയോഡേറ്റും ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആരോഗ്യസംഘടനകള്‍ നിരവധി തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.