Health
നിങ്ങളുടെ കുഞ്ഞ് ക്ലാസില്‍ മിടുക്കനാകണോ?നിങ്ങളുടെ കുഞ്ഞ് ക്ലാസില്‍ മിടുക്കനാകണോ?
Health

നിങ്ങളുടെ കുഞ്ഞ് ക്ലാസില്‍ മിടുക്കനാകണോ?

Khasida
|
1 May 2018 5:10 PM GMT

എങ്കില്‍ കുഞ്ഞിന്റെ ജനനം മുതല്‍തന്നെ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കുഞ്ഞിനെ മടിയില്‍ വെച്ച് നിങ്ങള്‍ വായിക്കാന്‍ ശ്രമിക്കാറുണ്ടോ? അങ്ങനെ വായിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല, കുട്ടി പുസ്തകം വലിച്ച് കീറുക എന്നല്ലാതെ എന്നായിരിക്കും നിങ്ങളുടെ മറുപടി.. എന്നാല്‍, അങ്ങനെയല്ല കുട്ടിയുടെ ബുദ്ധിപരമായ വളര്‍ച്ചയ്ക്ക് അത്തരം വായനകളില്‍ വളരെയധികം റോളുകളുണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

ജനിച്ചയുടനെയുള്ള മാസങ്ങളില്‍ കുട്ടികള്‍ക്കൊപ്പമുള്ള പുസ്തകവായന വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവരുടെ പദസമ്പത്ത് വര്‍ധിപ്പിക്കാനും വായനാശീലം കൂട്ടാനും സഹായിക്കുന്നുവത്രെ. ഏകദേശം ഒരു നാലുവയസ്സുപൂര്‍ത്തിയാകുമ്പോഴേക്കും, അതായത് സ്കൂള്‍ പ്രായം ആരംഭിക്കുന്നതിനുമുമ്പുതന്നെ ഇത്തരത്തിലുള്ള കുട്ടികള്‍ ഈ കഴിവ് ആര്‍ജ്ജിക്കുന്നതായാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

കുഞ്ഞുങ്ങളെ മുന്നിലിരുത്തി പുസ്തകങ്ങള്‍ വായിച്ചു കൊടുക്കുക, അതിലൂടെ അവരോട് സംസാരിക്കാന്‍ ശ്രമിക്കുക, അതിലുള്ള ചിത്രങ്ങളെ പരിചയപ്പെടുത്തുക, കഥാപാത്രങ്ങളെ കുറിച്ച് വിവരിച്ചുകൊടുക്കുക എന്നിവയെല്ലാം ഭാവിയില്‍ കുട്ടികളുടെ ഭാഷാപരമായ കഴിവുകള്‍ വളര്‍ത്താന്‍ ഉപകരിക്കും. വെറുതെ വായിക്കുക എന്നതില്‍ കവിഞ്ഞ്, പുസ്കതങ്ങളുടെ തെരഞ്ഞെടുപ്പിലും അത്തരത്തിലുള്ള ഒരു ശ്രദ്ധയുണ്ടാകണമെന്ന് മാത്രം. ന്യൂയോര്‍ക്ക് യൂണിവേഴ്‍സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസറായ കാരോലിന്‍ കെയ്റ്റ്സ് ആണ് പഠനത്തിന് പിന്നില്‍.

''നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്കൊപ്പമിരുന്ന് വായിക്കുമ്പോള്‍, അതില്‍ നിന്ന് അവരെന്ത് പഠിക്കുന്നുവെന്ന് നിങ്ങള്‍ക്ക് അപ്പോള്‍ മനസ്സിലാകില്ല, അത് തിരിച്ചറിയുക അവര്‍ക്ക് നാലുവയസ്സെങ്കിലും പ്രായമാകുമ്പോഴായിരിക്കു''മെന്നും കാരോലിന്‍ വിശദീകരിക്കുന്നു.

ആറുമാസത്തിനും നാലരവയസ്സിനും ഇടയില്‍ പ്രായമുള്ള 250 ല്‍ അധികം അമ്മമാരിലും കുഞ്ഞുങ്ങളിലുമായി കാരോലിന്‍ തന്റെ നിരീക്ഷണം പൂര്‍ത്തിയാക്കിയത്. കുഞ്ഞുങ്ങളെങ്ങനെയാണ് വാക്കുകള്‍ മനസ്സിലാക്കുന്നതെന്നും ആദ്യ ഭാഷാപരിജ്ഞാനവും വായനാശീലവും കൈവരിക്കുന്നത് എങ്ങനെയെന്നുമായിരുന്നു കാരോലിന്റെ നിരീക്ഷണം.

ജനിച്ചയുടനെ തന്നെ കുട്ടികളെ പുസ്തകങ്ങളുമായി അടുപ്പിക്കേണ്ടതിന്റെ ആവശ്യകത തനിക്ക് ആ പഠനത്തിലൂടെ വ്യക്തമായി മനസ്സിലായതായി അവര്‍ പറയുന്നു. സാന്‍ ഫ്രാന്‍സിസ്കോയില്‍ നടക്കുന്ന പീഡിയാട്രിക് അക്കാദമിക് സൊസൈറ്റി മീറ്റിംഗില്‍ തന്റെ പഠനം അവതരിപ്പിക്കാനൊരുങ്ങുകയാണ് കാരോലിന്‍ കാതറിന്‍.

Similar Posts