മുലയൂട്ടല്‍ സ്തനാര്‍ബുദം തടയുമെന്ന് പഠനം
|മുലയൂട്ടുന്ന അമ്മമാര്‍ക്ക് സ്തനാര്‍ബുദബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മുലയൂട്ടല്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, അമ്മമാരുടെ ആരോഗ്യപരിരക്ഷക്കും സഹായകരമെന്ന് പഠനം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് സ്തനാര്‍ബുദബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രമേഹം, ഹൃദ്‍രോഗം തുടങ്ങിയ രോഗങ്ങളില്‍ നിന്നും അമ്മമാരെ സംരക്ഷിക്കാന്‍ മുലയൂട്ടല്‍ മൂലം സാധിക്കും.
കുഞ്ഞുങ്ങള്‍ക്ക് ഗുരുതര രോഗങ്ങള്‍ വരാതിരിക്കാനും അമ്മമാരെ അര്‍ബുദം പോലുള്ള രോഗങ്ങളില്‍ നിന്നു സംരക്ഷിക്കാനും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ മുലയൂട്ടല്‍ തുടരണമെന്ന് പഠന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. 50 വയസില്‍ താഴെയുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നത്. ഇതേറെ ഗുരുതരമാകാനും ജീവന്‍ തന്നെ നഷ്ടമാകാനും സാധ്യതയുള്ളതാണ്. സ്തനാര്‍ബുദം തിരിച്ചറിയാന്‍ മിക്കപ്പോഴും വൈകാറാണുള്ളത്. ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കാനുള്ള പ്രകൃതിദത്തമായ രീതി മുലയൂട്ടല്‍ ആണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. യുഎസിലെ നോര്‍ത്ത് കരോളിന യൂണിവേഴ്‍സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. വികസിത രാജ്യങ്ങളിലടക്കമുള്ള അമ്മമാര്‍ മുലയൂട്ടല്‍ അവഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ പഠനങ്ങളിലെ കണ്ടെത്തലുകളുടെ പ്രസക്തി. ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, ചെവിക്കുള്ളിലെ അണുബാധ, പൊണ്ണത്തടി തുടങ്ങി നിരവധി രോഗാവസ്ഥകളെ പ്രതിരോധിക്കാനുള്ള ഘടകങ്ങള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.