എനര്‍ജി ഡ്രിങ്കും കാപ്പിയും കുടിച്ച 16 കാരന്‍ മരിച്ചു
|കഫൈന്‍ അമിത അളവിലെത്തിയതോടെ ഹൃദയത്തിന്റെ താളം നഷ്ടമായി. ഇതോടെ ശരീരത്തിന് ആവശ്യമായ രക്തം അവയവങ്ങളിലേക്കെത്തിക്കാന്‍ ഹൃദയത്തിനായില്ല. ഇത് തലച്ചോറിനെയും മറ്റു അവയവങ്ങളെയും ബാധിക്കുകയും മരണകാരണമാവുകയുമായിരുന്നു...
കാപ്പിയും ഡയറ്റ് മൗണ്ടന്‍ ഡ്യൂവും മറ്റൊരു എനര്‍ജി ഡ്രിങ്കും കുടിച്ച പതിനാറുകാരന് മണിക്കൂറുകള്‍ക്കകം ജീവന്‍ നഷ്ടമായി. സൗത്ത് കരോലിനയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഡേവിസ് അലെന്‍ ക്രൈപിനാണ് ദാരുണ അന്ത്യം സംഭവിച്ചത്. ഏപ്രില്‍ 26നുണ്ടായ ക്രൈപിന്റെ മരണ കാരണം സംബന്ധിച്ച വിശദവിവരങ്ങള്‍ വിദ്യാര്‍ഥിയുടെ കുടുംബം തന്നെയാണ് വാര്‍ത്താ സമ്മേളനത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്.
അമിതമായ അളവില്‍ കഫൈന്‍ ശരീരത്തിലെത്തിയതാണ് മരണകാരണമായത്. കഫൈന്‍ അമിത അളവിലെത്തിയതോടെ ഹൃദയത്തിന്റെ താളം നഷ്ടമായി. ഇതോടെ ശരീരത്തിന് ആവശ്യമായ രക്തം അവയവങ്ങളിലേക്കെത്തിക്കാന്‍ ഹൃദയത്തിനായില്ല. ഇത് തലച്ചോറിനെയും മറ്റു അവയവങ്ങളെയും ബാധിക്കുകയും മരണകാരണമാവുകയുമായിരുന്നു. കഫൈന്‍ അടങ്ങിയ മൂന്ന് ഡ്രിങ്കുകളാണ് പതിനാറുകാരന്‍ കുടിച്ചത്. ഒരു കഫേ ലാട്ടേ, ഡയറ്റ് മൗണ്ടന്‍ ഡ്യൂ, എനര്‍ജി ഡ്രിങ്ക് എന്നിവയായിരുന്നു അവ. ഇതിന് ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തളര്‍ന്നുവീഴുകയായിരുന്നു.
അലെന്‍ ക്രൈപിന്റെ പിതാവ് ഷോണ്‍ ക്രൈപും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 'മറ്റേതൊരു മാതാപിതാക്കളേയും പോലെ മകന്‍ കൗമാരപ്രായമെത്തിയപ്പോള്‍ തങ്ങള്‍ക്കും പലവിധ ആശങ്കകളുണ്ടായിരുന്നു. പ്രത്യേകിച്ചു ഡ്രൈവിംങ് പഠിക്കുന്ന സമയത്ത്. എന്നാല്‍ കാര്‍ അപകടമല്ല എന്റെ മകന്റെ ജീവനെടുത്തത്. മറിച്ച് എനര്‍ജി ഡ്രിങ്കാണ്' ഷോണ്‍ ക്രൈപ് പറയുന്നു
ഏപ്രില്‍ 26ന് ഉച്ചക്ക് പന്ത്രണ്ടരയോടെ മക്‌ഡൊണാള്‍ഡ് ഷോപ്പില്‍ നിന്നും ഈ സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിച്ച അലെന്‍ ക്രൈപ് രണ്ടരയോടെ സ്‌കൂളില്‍ തളര്‍ന്നുവീണു. 03.40ഓടെ ക്രൈപിന്റെ മരണം സ്ഥിരീകരിച്ചു. കഫൈന്‍ അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതിലെ അപകടം കുട്ടികളും മാതാപിതാക്കളും തിരിച്ചറിയണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് ഷോണ്‍ ക്രൈപ് പറഞ്ഞു.