തലച്ചോറിലെ പുതിയ രഹസ്യങ്ങള്‍ കണ്ടെത്തി ശാസ്ത്രലോകം
|ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള ധാരണകള്‍ക്കാണ് പുത്തന്‍ അറിവ് കരുത്താകുന്നത്.
നാഡീവ്യൂഹശാസ്ത്രലോകത്തിന് തലച്ചോറിനെപറ്റിയുള്ള അറിവുകള്‍ പുതുക്കി എഴുതേണ്ടിവരും. ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുള്ള ധാരണകള്‍ക്കാണ് പുത്തന്‍ അറിവ് കരുത്താകുന്നത്. അതേ, പതിറ്റാണ്ടുകള്‍ പഴക്കമുള്ള മസ്തിഷ്കത്തിന്റെ ബൈബിള്‍ പുതിയ ഗവേഷകര്‍ തിരുത്തിയെഴുതുകയാണ്.
1909 ല്‍ ജര്‍മന്‍ ശരീര ശാസ്ത്രജ്ഞനായ കോര്ബിനിയന് ബ്രോഡ്മാന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ തന്നെയാണ് ഇന്നും ശാസ്ത്രലോകം പിന്തുടരുന്നത്. മനുഷ്യശരീരത്തിലെ ഓരോ ഭാഗവും തലച്ചോറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തലച്ചോര്‍ എന്നാല്‍ വമ്പന്‍ കമ്പ്യൂട്ടര്‍ സംവിധാനത്തോട് ഉപമിക്കാം. ശരീരത്തിലെ ഓരോ അവയവം മുതല്‍ ചെറുകോശങ്ങള്‍ വരെ ഈ ശൃംഖലയിലെ കണ്ണികളാണ്. ശരീരത്തില്‍ സ്പര്ശനമേല്ക്കുമ്പോള് അത് തിരിച്ചറിയാന്‍ സഹായിക്കുന്നത് തലച്ചോറിലെ ഒരു നാഡീകോശമാണ്. ഈ ഭാഗത്തിനെ ബ്രോഡ്മാന്‍ ഏരിയ 1 എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ലേഖനം വായിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന ഭാഗത്തിന് ഏരിയ 17 എന്നാണ് പേര്. ഇതുള്‍പ്പെടെ മസ്തിഷ്കത്തിലെ 83 ഭാഗങ്ങളെ കുറിച്ചാണ് ഇതുവരെ അറിവുണ്ടായിരുന്നത്. എന്നാല്‍ തലച്ചോറിലെ അജ്ഞാതമായിരുന്ന 97 ഓളം പുതിയ ഭാഗങ്ങളെ കുറിച്ച് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു എന്നാണ് ഏറ്റവുമൊടുവിലെ വാര്‍ത്തകള്‍. നേച്ചര്‍ ജേര്‍ണലിലാണ് പുതിയ വിവരങ്ങള്‍ പങ്കുവെക്കുന്നത്. 210 ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു നിരീക്ഷണം. പുതിയ വിവരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.