തലച്ചോറിന്റെ ആരോഗ്യ സംരക്ഷണത്തിന് പത്തു മാര്‍ഗങ്ങള്‍
|മനുഷ്യശരീരത്തിലെ മര്‍മപ്രധാന കേന്ദ്രമാണ് തലച്ചോര്‍. ശരീരത്തിന്റെ ചെറുചലനം പോലും നിയന്ത്രിക്കുന്ന കേന്ദ്രം. എന്നാല്‍ തലച്ചോറിന്റെ ആരോഗ്യ സംരക്ഷണം പലരും ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത.
മനുഷ്യശരീരത്തിലെ മര്‍മപ്രധാന കേന്ദ്രമാണ് തലച്ചോര്‍. ശരീരത്തിന്റെ ചെറുചലനം പോലും നിയന്ത്രിക്കുന്ന കേന്ദ്രം. എന്നാല്‍ തലച്ചോറിന്റെ ആരോഗ്യ സംരക്ഷണം പലരും ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത. പതിവായുള്ള ചെറിയൊരു അശ്രദ്ധ പോലും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ലോകാരോഗ്യസംഘടന നല്‍കുന്ന മുന്നറിയിപ്പ്. ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങള്‍ ഒഴിവാക്കുകയും ചിലത് ശീലിക്കുകയും ചെയ്താല്‍ അനായാസം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ആയുസ് വര്‍ധിപ്പിക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രഭാതഭക്ഷണം
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് പ്രഭാതഭക്ഷണം ഉറപ്പാക്കുക എന്നത്. തിരക്കേറിയ ജീവിതത്തില്‍ പലരും പ്രഭാതഭക്ഷണം ഒഴിക്കുക പതിവാണ്. പ്രഭാതഭക്ഷണം തുടര്‍ച്ചയായി ഒഴിവാക്കിയാല്‍ അത് തലച്ചോറിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കും.
ഉറക്കമില്ലായ്മ
പതിവായുള്ള ഉറക്കമില്ലായ്മ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും. ഒരു ദിവസത്തെ മാനസിക, ശാരീരിക സമ്മര്‍ദം നീക്കുന്നതിനും പിരിമുറുക്കം ഒഴിവാക്കി ശരീരത്തിന് പുതുജീവന്‍ നല്‍കുന്നതും ഉറക്കം തന്നെയാണ്. കൃത്യമായ ദൈര്‍ഘ്യമുള്ള ഉറക്കം ഉറപ്പാക്കുക വഴി തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.
പഞ്ചസാരയുടെ ഉയര്‍ന്ന ഉപയോഗം
പഞ്ചസാരയും സമാനഘടകങ്ങളും അടങ്ങിയ ഭക്ഷണം അമിതമായി ഉപയോഗിക്കുന്നത് തലച്ചോറിനെ ക്ഷയിപ്പിക്കും. നമ്മള്‍ കഴിക്കുന്ന മിക്ക ഭക്ഷണത്തിലും പാനിയങ്ങളിലും പഞ്ചസാരയുടെ അളവ് പ്രതീക്ഷിക്കുന്നതിലും ഉയര്‍ന്ന നിലയിലായിരിക്കും. പ്രത്യക്ഷമല്ലാത്തതിനാല്‍ പഞ്ചസാരയുടെ സാന്നിധ്യത്തെ കുറിച്ച് പലരും ബോധവാന്‍മാരുമല്ല. ഉയര്‍ന്ന അളവില്‍ പഞ്ചസാര ശരീരത്തിലെത്തുന്നത് പോഷകഗുണമുള്ള ഘടകങ്ങളെ സ്വീകരിക്കുന്നതിനു തടസമാകും. ഇത് തലച്ചോറിന്റെ വികസനത്തില്‍ ക്രമഭംഗമുണ്ടാക്കും.
അമിതഭക്ഷണം
അശാസ്ത്രീയമായും അമിതമായും ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും. ഇത് മാനസികാരോഗ്യത്തെയും ബാധിക്കും. കൂടാതെ തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികള്‍ അപകടകരമായ രീതിയില്‍ കട്ടിയാവുകയും ചെയ്യും.
പുകവലി
തലച്ചോറിന്റെ ആരോഗ്യത്തെ ദിനംപ്രതി ക്ഷയിപ്പിക്കുന്ന ഏറ്റവും വലിയ ദുശീലങ്ങളിലൊന്നാണ് പുകവലി. തലച്ചോറിന്റെ കോശങ്ങള്‍ ചുരുങ്ങിപോകാനും ഇതുവഴി ഒര്‍മ്മക്കുറവ് പോലുള്ള രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും.
ഉറങ്ങുമ്പോള്‍ തല മൂടിപ്പുതക്കുക
രാത്രി ഉറങ്ങുമ്പോള്‍ മിക്കവരുടെയും ശീലമായിരിക്കും തല പുതപ്പ് ഉപയോഗിച്ച് മൂടിപ്പുതക്കുന്നത്. ഇത് തലച്ചോറിനും ശരീരത്തിനും ദോഷകരമാണെന്ന് പലര്‍ക്കും അറിവുണ്ടാകില്ല. ഉറങ്ങുമ്പോള്‍ ആവശ്യത്തിനുള്ള ഓക്സിജന്‍ സ്വീകരിക്കുന്നതിന് ഈ ശീലം തടസം സൃഷ്ടിക്കും. തല മൂടിപ്പുതക്കുന്നത് കൊണ്ട് തന്നെ ശരീരം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡ് ഉയര്‍ന്ന അളവില്‍ ശ്വസിക്കുന്നതിനും കാരണമാകും.
അന്തരീക്ഷ മലിനീകരണം
ആഗോളവത്കരണവും ആധുനികവത്കരണവും ലോകമെമ്പാടും വ്യാപിച്ചതോടെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലെത്തി കഴിഞ്ഞു. പുറത്തിറങ്ങുമ്പോള്‍ മുഖംമറക്കുക എന്നതാണ് മലിനീകരണത്തില്‍ നിന്നും രക്ഷ നേടുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. കൂടുതല്‍ സമയം മലിനമായ വായു ശ്വസിക്കുന്നത് ശരീരത്തിനും തലച്ചോറിനും ആവശ്യമായ ഓക്സിജന്‍ സ്വീകരിക്കുന്നതിന് തടസമാകും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.
രോഗാവസ്ഥയിലും അധ്വാനം
കരിയറിന്റെ പിന്നാലെ പായുന്നവരും ഒരു നേരത്തെ ഭക്ഷണത്തിനായി പരക്കംപായുന്നവരും വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ആരോഗ്യം ക്ഷയിപ്പിക്കും. രോഗാവസ്ഥയിലെങ്കിലും അധ്വാനം കുറക്കുന്നതാണ് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടത്. മറിച്ചാണെങ്കില്‍ തലച്ചോറിന്റെ കാര്യക്ഷമത കുറയാന്‍ ഇടയാക്കും.
സംഭാഷണം
തലച്ചോറിന്റെ വളര്‍ച്ചക്കും വികസനത്തിനും സംസാരം സുപ്രധാന ഘടകമാണ്. ബുദ്ധിപരമായ സംവാദങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും കരുത്ത് പകരുകയും ചെയ്യും.
ചിന്താശേഷി
തലച്ചോറിന് ഉന്മേഷം പകരുന്ന ചിന്തകള്‍ ആരോഗ്യസംരക്ഷണത്തില്‍ പ്രധാനഘടകങ്ങളിലൊന്നാണ്. തലച്ചോറിനുള്ള വ്യായാമം കൂടിയാണിത്. തലച്ചോറിന്റെ വളര്‍ച്ചക്കും ഇത് സഹായിക്കും.