കുളിക്കുമ്പോള്‍ ലൂഫ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഹാനികരം
|ലൂഫയുടെ നിരന്തരമായ ഉപയോഗം ബാക്ടീരിയകളെ വളര്‍ത്താന്‍ മാത്രമാണ് ഉപകരിക്കുക
ദേഹശുദ്ധിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. ദിവസത്തില്‍ രണ്ട് നേരമുള്ള കുളിയും മലയാളിയുടെ ശീലമാണ്. ദേഹം വൃത്തിയാക്കാനായി എത്ര വില കൂടിയ വസ്തുക്കള്‍ വാങ്ങാനും അവര്‍ക്ക് ഒരു മടിയുമില്ല. ആദ്യകാലങ്ങളില്‍ കുളിക്കാനായി ചെറുപയര്‍ പൊടി, ഇഞ്ച പോലുള്ള പ്രകൃതി ദത്ത വസ്തുക്കള്‍ ആണ് ഉപയോഗിച്ചതെങ്കില്‍ ഇന്ന് അതിന്റെ സ്ഥാനം സോപ്പുകള്‍ ഏറ്റെടുത്തു. അതുപോലെ ദേഹം ഉരച്ചു കഴുകാനായി വാഴയിലയും പീച്ചിങ്ങയും പോലുള്ളവ ഉപയോഗിച്ചിരുന്നു. ഇന്ന് പ്ലാസ്റ്റിക് കൊണ്ടുള്ള ലൂഫയാണ് ബാത് റൂമില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാല്‍ ഈ ലൂഫയുടെ ഉപഭോഗം ചര്‍മ്മത്തിന് ഹാനികരമാണെന്നാണ് കണ്ടെത്തല്‍. ബാക്ടീരികളുടെയും ഫംഗസുകളുടെയും വാസകേന്ദ്രമാണ് ലൂഫ. എല്ലാ മാസവും ഇത് മാറ്റുക. പകരം പ്രകൃതിദത്ത ഫൈബറുകള്‍ ഉപയോഗിച്ചുള്ള ലൂഫ ഉപയോഗിക്കുന്നത് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളര്‍ച്ച നിയന്ത്രിക്കും.
ലൂഫയുടെ നിരന്തരമായ ഉപയോഗം ബാക്ടീരിയകളെ വളര്‍ത്താന്‍ മാത്രമാണ് ഉപകരിക്കുക. ഓരോ തവണ അത് ഉപയോഗിക്കുന്തോറും നമ്മുടെ ശരീരത്തിന് അത് ഹാനികരമാകുന്നു. ത്വക് രോഗ വിദഗ്ദ്ധനായ മിഷേല്‍ ഗ്രീന്‍ പറയുന്നു. ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജിയില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉപയോഗശേഷം ലൂഫയിലെ സോപ്പിന്റെ അംശം മുഴുവന്‍ നല്ല വെള്ളത്തില്‍ കഴുകി കളയണം. വെള്ളം വാര്‍ന്നു പോകാന്‍ പാകത്തില്‍ തൂക്കിയിടാനുള്ള ചരടും ഇവയിലുണ്ടാകും. ബാത്ത്റൂമിനകം ഈര്‍പ്പമുള്ളതായതിനാല്‍ ലൂഫ വായു സഞ്ചാരവും ചൂടും ഉള്ള സ്ഥലത്ത് തൂക്കിയിട്ട് ഉണക്കിയെടുക്കണം. ഈര്‍പ്പം നിലനിന്നാല്‍ അവയില്‍ അണുക്കള്‍ വളരാം. ഒരു ലൂഫയോ പഫോ മൂന്നാഴ്ചയില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇവ ചൂടുവെള്ളത്തില്‍ കഴുകി ഉണക്കണം.