പുട്ടും പഴവും മികച്ച പ്രഭാതഭക്ഷണമാകുന്നതെങ്ങിനെ...?
|ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഭക്ഷണമാണ് പുട്ട്
ബ്രേക്ക്ഫാസ്റ്റ് എന്നാല്‍ തലച്ചോറിനുള്ള ഭക്ഷണമെന്നാണ് പൊതുവെ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം ഏറെ പ്രാധാന്യം വഹിക്കുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം ഇഡ്ഡലിയും സാമ്പാറും ദോശയും ചട്നിയും പുട്ടും പഴവും അങ്ങിനെ പോഷകസമ്പുഷ്ടമായ നിരവധി കോമ്പിനേഷനുകള്‍ ഉണ്ട്. ഇവയെല്ലാം മികച്ച പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചവയുമാണ്. ഇതില്‍ തന്നെ പുട്ടും പഴവും എന്ന കോമ്പിനേഷന് നമ്മുടെ ഭക്ഷണശീലത്തിലുള്ള പ്രാധാന്യം പലര്‍ക്കുമറിയില്ല. വെറുമൊരു നാടന്‍ ഭക്ഷണം എന്നു പറഞ്ഞ് തള്ളാതെ ഈ തകര്‍പ്പന്‍ ഫുഡ് എങ്ങിനെയാണ് ലോകത്തിലെ ഏറ്റവും ആരോഗ്യദായകമായ പ്രഭാത ഭക്ഷണം ആകുന്നതെന്ന് നോക്കാം.
ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഭക്ഷണമാണ് പുട്ട്. ഇത് തന്നെയാണ് പുട്ടിന്റെ ഏറ്റവും വലിയ സവിശേഷത. എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യുന്ന കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ രാവിലെയുള്ള ഒരു കഷണം മതിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. മലയാളികളെ സംബന്ധിച്ചിടത്തോളം പഴം മാത്രമല്ല പുട്ടിന്റെ കൂട്ടുകാരന്‍, കടലക്കറി, ചെറുപയര്‍, പപ്പടം, ബീഫ്, ചിക്കന്‍ എന്നിങ്ങനെ ഒരു വിധത്തില്‍ പെട്ട കറികളെല്ലാം പുട്ടിനൊപ്പം ചേര്‍ത്തു കഴിക്കാറുണ്ട്. അരിപ്പൊടി കൂടാതം ഗോതമ്പ് പൊടി, റാഗി, റവ, മരച്ചീനിപ്പൊടി എന്നിവ കൊണ്ടും പുട്ടുണ്ടാക്കാറുണ്ട്. പുട്ടു കുറ്റി ഉപയോഗിക്കാതെ ചിരട്ട, മുളങ്കുറ്റി എന്നിവയിലും പുട്ടുണ്ടാക്കാറുണ്ട്.
ആവിയിൾ വേവിച്ച പുട്ടുണ്ടാക്കാൻ നമ്മെ പഠിപ്പിച്ചത് വലിയ കപ്പിത്താൻ എന്നറിയപ്പെടുന്ന ക്യാപ്റ്റൻ ഡിലനോയ് ആണെങ്കിലും പൂട്ട് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് കേരളത്തില്‍ തന്നെയാണ്. അയല്‍ക്കാരായ ശ്രീലങ്കക്കാരും പുട്ടിന്റെ ആരാധകരാണ്. നാടന്‍ പലഹാരങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ പുട്ടും മേളകളും പുട്ട് പ്രധാന വിഭവമായ റസ്റ്റോറന്റുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നടന്‍ ദിലീപിന്റെ ദേ പുട്ട് തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്.