പ്രസവ വേദന തീയതിക്ക് മുമ്പെത്തിയോ?! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
|ഡോക്ടറുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പ്രസവതീയതിക്ക് മുമ്പേ വേദന വരികയും പ്രസവിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്.. അങ്ങനെയുള്ള അവസരങ്ങളില്‍ എന്ത് മുന്‍കരുതലെടുക്കണം...
അവസാനമായി ആര്‍ത്തവം ഉണ്ടായതിന്റെ ആദ്യദിവസം മുതൽ നാല്‍പത് ആഴ്ച തികയുന്ന തീയതിയാണ് പ്രസവതീയതിയായി സാധാരണ ഡോക്ടര്‍ കണക്ക് കൂട്ടി തരുന്നത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പ്രസവതീയതിക്ക് മുമ്പേ വേദന വരികയും പ്രസവിക്കുകയും ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്.
ആദ്യപ്രസവക്കാർക്ക് വേദന തുടങ്ങുന്നത് മുതൽ പ്രസവം വരെ മണിക്കൂറുകൾ സമയം കിട്ടാറുണ്ട്. കന്നിപ്രസവമല്ലെങ്കില്‍ മിക്കവർക്കും ഈ പറഞ്ഞ ഇടവേളയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായേക്കാം. പക്ഷേ, ചിലപ്പോഴെങ്കിലും വളരെ പെട്ടെന്ന് പ്രസവത്തിലേക്ക് എത്തി ചേരുന്ന അവസ്ഥയിലൂടെയും ഒരു ഗര്‍ഭിണി കടന്നുപോകേണ്ടിവരും. അങ്ങനെയുള്ള അവസരങ്ങളില്‍ ഗര്‍ഭിണികളും കൂടെയുള്ളവരും എന്തെല്ലാം മുന്‍കരുതലുകളെടുക്കണം എന്ന് വിശദമാക്കുകയാണ് ഈ കുറിപ്പ്.
- ഏഴാം മാസം തൊട്ടേ ആശുപത്രിയിലേക്കാവശ്യമായ സാധനങ്ങളുടെ ഒരു ബാഗ് തയ്യാറാക്കി വെക്കുക.
- ആശുപത്രിയില്‍ പോകുമ്പോള്‍ എടുക്കാനുള്ള പരിശോധനാ രേഖകളും അതിന് കൂടെത്തന്നെ വെച്ചേക്കുക. ആ ഫയലില്‍ ഗര്‍ഭം തുടങ്ങിയത് മുതലുള്ള കുറിപ്പടികളും, സ്കാന്‍ റിപ്പോര്‍ട്ടുകളും, ഗര്‍ഭിണിക്ക് പ്രത്യേകിച്ച് വല്ല രോഗവുമുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും തീയതി അനുസരിച്ച് അടുക്കി വെച്ചിരിക്കണം.
- ഗര്‍ഭിണി വീട്ടില്‍ തനിച്ചാകാതെ സൂക്ഷിക്കണം. എന്തെങ്കിലും കാരണവശാല്‍ തനിച്ചാകുന്നുവെങ്കിൽ, ആവശ്യം വന്നാല്‍ വിളിക്കാന്‍ അയല്‍വാസിയെയോ അധികം ദൂരെയല്ലാത്ത സുഹൃത്തിനെയോ പറഞ്ഞേല്‍പ്പിക്കണം. ഒരു കൈ അകലത്തില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരിക്കണം, വാഹനസൗകര്യവും.
- ഇടവിട്ട് വന്നു പോകുന്ന വയറുവേദന ശ്രദ്ധിക്കണം.
- നേരിയ തോതിലെങ്കിലും രക്‌തസ്രാവമുണ്ടെങ്കിൽ അവഗണിക്കരുത്.
- വീട്ടിലുള്ളവരോട് കാര്യം പറയുക. കുറച്ച് കഴിഞ്ഞ് പറയാമെന്ന് കരുതി നീട്ടി വെക്കുന്നത് ആശുപത്രിയിലേക്കിറങ്ങുന്ന നേരത്ത് അനാവശ്യ വെപ്രാളവും ആശയക്കുഴപ്പങ്ങളുമുണ്ടാക്കിയേക്കും.
- കാലിനിടയിലൂടെ വെള്ളം തുടര്‍ച്ചയായി താഴോട്ട് ഒഴുകി തുടങ്ങുമ്പോള്‍ അത് മൂത്രമാണെന്ന് കരുതരുത്. അത് ആമ്നിയോട്ടിക് ദ്രവം ആയിരിക്കാം. ഫ്ലൂയിഡ് പോകുക, ലീക്കിംഗ് എന്നൊക്കെ പറയുന്ന ഈ പ്രതിഭാസം തുടങ്ങിയാല്‍ പ്രസവം അധികം വൈകാന്‍ സാധ്യത കുറവാണ്.
ആമ്നിയോട്ടിക് ദ്രവം ലീക്കായാല്‍:
തുടര്‍ച്ചയായി അടിവസ്ത്രം നനച്ചു കൊണ്ടേ ഇരിക്കുന്ന ഈ ദ്രവം വന്നു തുടങ്ങിയാല്‍ വൃത്തിയുള്ള കോട്ടന്‍ തുണി കട്ടിയില്‍ വെച്ച് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചേരണം. ആശുപത്രിയിലേക്ക് പോകും വഴി അവർ പ്രസവത്തോട് അടുക്കുന്നു എന്ന് തോന്നുകയോ, അത്യപൂർവ്വമായി പ്രസവിക്കുക തന്നെയോ ചെയ്‌താലും ഗര്‍ഭിണിക്ക് ധൈര്യം കൊടുക്കുകയാണ് കൂടെയുള്ളവര്‍ ചെയ്യേണ്ടത്. കൂടെയുള്ളവരുടെ പരിഭ്രമം കണ്ടാല്‍ ഗര്‍ഭിണിയുടെ രക്‌തസമ്മർദം കൂടുകയും അത് അമ്മക്കും കുഞ്ഞിനും ഒരുപോലെ അപകടമുണ്ടാക്കുകയും ചെയ്യും.
പ്രസവതീയതിക്ക് മൂന്നാഴ്ചയിലേറെ ബാക്കിയുള്ളപ്പോള്‍, അതായത് ഗര്‍ഭത്തിനു 37 ആഴ്ച പ്രായമെത്തും മുമ്പെയാണ് ആമ്നിയോട്ടിക് ദ്രവം ലീക്കാകുന്നതെങ്കില്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച് കുഞ്ഞിന്റെ ശ്വാസകോശം വികാസം പ്രാപിക്കാനുള്ള ഇന്‍ജെക്ഷന്‍ എടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍, മാസം തികയാതെയുള്ള പ്രസവത്തില്‍ കുഞ്ഞിനു ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായി ജീവാപായം വരെ സംഭവിക്കാം. മാസം തികഞ്ഞിട്ടുണ്ടെങ്കില്‍ പോലും കഴിയുന്നത്ര വേഗം ആശുപത്രിയിലെത്തണം. പൊട്ടിയൊഴുകുന്ന ആമ്നിയോട്ടിക് ദ്രവം വഴി അണുബാധ അകത്ത് എത്തി കുഞ്ഞിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.
പുറത്തുവരുന്ന ദ്രവത്തിന് കറുപ്പോ കടുംപച്ചയോ നിറമുണ്ടെങ്കില്‍ ഇക്കാര്യവും ഡോക്ടറോട് കൃത്യമായി പറയണം. കുഞ്ഞിന്റെ ആദ്യത്തെ മലമായ മീക്കോണിയം ഗര്‍ഭാശയത്തില്‍ വെച്ചേ പോയിട്ടുണ്ടാകാം. ‘മഷി പോകുക’ എന്ന് പറയുന്ന ഈ സംഗതി കുഞ്ഞിനെ അപകടത്തിൽ ആക്കിയേക്കാം. പ്രസവിക്കുമ്പോഴേക്കും ഉദ്ദേശിക്കുന്ന ആശുപത്രിയിൽ എത്തില്ലെന്ന് തോന്നിയാൽ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ കയറാം. അമ്മയേയും കുഞ്ഞിനേയും സുരക്ഷിതരാക്കിയ ശേഷം അവരെ കാണിച്ചു കൊണ്ടിരുന്ന ആശുപത്രിയിലേക്ക് മാറ്റാമല്ലോ...
കടപ്പാട്: