Health
കുട്ടികളിലെ അമിതവണ്ണം; ഇംഗ്ലണ്ടില്‍ കൊഴുപ്പ് കൂടിയ മിഠായികള്‍ നിരോധിക്കാന്‍ തീരുമാനം
Health

കുട്ടികളിലെ അമിതവണ്ണം; ഇംഗ്ലണ്ടില്‍ കൊഴുപ്പ് കൂടിയ മിഠായികള്‍ നിരോധിക്കാന്‍ തീരുമാനം

Web Desk
|
25 Jun 2018 3:16 AM GMT

2030 ആകുമ്പോഴേക്കും കുട്ടികളിലെ അമിതവണ്ണം പകുതിയാക്കി കുറക്കുകയാണ് ലക്ഷ്യം

കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കാനുള്ള പദ്ധതി ഇംഗ്ലണ്ട് കൂടുതൽ കർക്കശമാക്കുന്നു. ഇതിന്റെ ഭാഗമായി കൊഴുപ്പു കൂടിയ മിഠായികൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചു. 2030 ആകുമ്പോഴേക്കും കുട്ടികളിലെ അമിതവണ്ണം പകുതിയാക്കി കുറക്കുകയാണ് ലക്ഷ്യം.

സർക്കാരിന്റെ പുതിയ നിർദ്ദേശം അനുസരിച്ച് ഇനിമുതൽ ഇംഗ്ലണ്ടിലെ സൂപ്പർമാർക്കറ്റുകളിലും ഹോട്ടലുകളിലും മധുരമുള്ളതും കൊഴുപ്പേറിയതുമായ മിഠായികൾ വിൽക്കാനാകില്ല. ടെലിവിഷനുകളിലും നവമാധ്യമങ്ങളിലും കൊഴുപ്പേറിയ ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കുന്നതിനും പദ്ധതിയുണ്ട്. റസ്റ്റോറന്റുകളിലെ ഭക്ഷണ വിവര പട്ടികയിൽ ഭക്ഷണങ്ങളുടെ കലോറി രേഖപ്പെടുത്താനും നിർദ്ദേശിക്കും. ഇത് ആരോഗ്യകരമായ ഭക്ഷണങ്ങൾ തെരഞ്ഞെടുത്തു നൽകാൻ മാതാപിതാക്കളെ സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അമിത അളവിൽ കഫേൻ കലർന്ന പാനിയങ്ങൾ കുട്ടികൾക്ക് നൽകരുതെന്നും നിർദ്ദേശമുണ്ട്. ഇംഗ്ലണ്ട് ഹെൽത്ത് സെക്രട്ടറി ജെർമി ഹണ്ടിന്റെ പുതിയ പദ്ധതി രാജ്യം മുഴുവൻ സ്വാഗതം ചെയ്തു.

രണ്ട് വർഷം മുൻപാണ് ബാല്യകാല അമിതവണ്ണ നിയന്ത്രണ പദ്ധതിക്ക് സർക്കാർ തുടക്കമിട്ടത്. ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനം പരക്കെ ഉയർന്ന സാഹചര്യത്തിലാണ് പദ്ധതിയിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നത്. മധുരപലഹാരങ്ങൾക്കും പാനിയങ്ങൾക്കും ഏപ്രിലിൽ സർക്കാർ പഞ്ചസാര നികുതി ഏർപ്പെടുത്തിയിരുന്നു. സർക്കാരിന്റെ കണക്ക് പ്രകാരം മൂന്നിലൊന്ന് കുട്ടികളിലും 11 വയസാകുന്നതോടെ അമിത വണ്ണം ഉണ്ടാകുന്നുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ചും പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനമായി. പ്രൈമറി സ്കൂൾ കുട്ടികളെ ദിവസം ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യിക്കാനാണ് നിർദ്ദേശം. അടുത്ത 12 വർഷത്തിനുള്ളിൽ കുട്ടിക്കാലത്തുണ്ടാകുന്ന പൊണ്ണത്തടി പകുതിയായി കുറക്കുകയാണ് ലക്ഷ്യം. 2030 ഓടെ ഏഴ് ലക്ഷത്തിൽ താഴെ കുട്ടികൾ മാത്രമെ പൊണ്ണത്തടി മൂലം ബുദ്ധിമുട്ടുന്നുണ്ടാകൂ എന്ന് സര്‍ക്കാര്‍ പറയുന്നു

Similar Posts