Health
ഓര്‍മ്മശക്തി കൂട്ടണോ? വെറുതേയിരിക്കൂ!
Health

ഓര്‍മ്മശക്തി കൂട്ടണോ? വെറുതേയിരിക്കൂ!

Web Desk
|
3 July 2018 1:24 PM GMT

ഒറ്റയിരിപ്പ് ഇരിക്കാതെ ഇടവേളകൾ എടുത്ത് പഠിക്കണം എന്ന കാര്യം ഒട്ടുമിക്ക പേർക്കും അറിയാം. എന്നാൽ ഈ ഇടവേളകളിൽ മറ്റൊരു കാര്യത്തിലും മുഴുകരുത് എന്നാണ് പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത്..

കുറേ നേരം ഇരുന്ന് വായിച്ചാൽ കൂടുതൽ പഠിക്കാനാകും എന്ന ചിന്താഗതിക്കാരാണ് നമ്മളിൽ അധിക പേരും. എന്നാൽ മറ്റൊരു വഴി പറയട്ടെ? എല്ലാം നിർത്തിവെച്ച് ഒന്നും ചെയ്യാതെ കുറച്ചു നേരം ഇരുന്നുനോക്കൂ. വെളിച്ചം കുറച്ച്, മെല്ലെ ചാരിയിരുന്ന് ഒരു 10-15 മിനുട്ട് നിശബ്ദമായി വെറുതെ ചിന്തകളിൽ മുഴുകുക. പഠിച്ച കാര്യങ്ങൾ ഓർമ്മയിൽ പതിയെ പതിഞ്ഞിറങ്ങും.

ഒറ്റയിരിപ്പ് ഇരിക്കാതെ ഇടവേളകൾ എടുത്ത് പഠിക്കണം എന്ന കാര്യം ഒട്ടുമിക്ക പേർക്കും അറിയാം. എന്നാൽ ഈ ഇടവേളകളിൽ മറ്റൊരു കാര്യത്തിലും മുഴുകരുത് എന്നാണ് പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത്. കാര്യങ്ങൾ ഓർമ്മയിൽ അടയാളപ്പെടുത്തുന്ന തലച്ചോറിൻറെ മൃദുലമായ പ്രക്രിയയെ ഇത് പലപ്പോഴും ശല്യപ്പെടുത്തും. അതായത് ഇടവേള എന്ന പേരിൽ ഫോൺ നോക്കുന്നതോ ചെറിയ ജോലികൾ ചെയ്തു തീർക്കുന്നതോ മെയിൽ വായിക്കുന്നതോ ഒക്കെ ഈ പ്രക്രിയയെ ബാധിക്കും. യാതൊരു ശല്യവും കൂടാതെ തലച്ചോറിന് ‘ഫുൾ ചാർജ്’ ആവാനുള്ള അവസരം കൊടുക്കുകയാണ് വേണ്ടത്.

ഒന്നും ചെയ്യാതിരിക്കാനുള്ള അവസരം മടിയന്മാർ സന്തോഷത്തോടെ സ്വീകരിക്കുമെങ്കിലും അമ്നേഷിയ, ഡെമൻഷിയ തുടങ്ങിയ മറവിരോഗങ്ങളുള്ളവർക്ക് വലിയൊരാശ്വാസം പകരാൻ ഈ പഠനത്തിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. ശാന്തമായ വിശ്രമത്തിന്റെ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങളെ ആദ്യം പഠനവിഷയമാക്കിയത് 1900ൽ ജർമൻ മനശാസ്ത്രജ്ഞനായ ജോർജ് എലിയാസ് മ്യുള്ളറും അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ അൽഫോൺസ് പിൽസെക്കറും ചേർന്നാണ്. ഒരു പരീക്ഷണത്തിൽ അർത്ഥമില്ലാത്ത ചില അക്ഷരക്കൂട്ടങ്ങളെ മനഃപാഠമാക്കാൻ അവർ ഒരു സംഘത്തോട് ആവശ്യപ്പെട്ടു. അതിൽ പകുതി ആളുകൾക്കും പഠിച്ചു കഴിഞ്ഞയുടൻ അക്ഷരങ്ങളുടെ പുതിയ പട്ടിക കൊടുത്തു. എന്നാൽ ബാക്കിയാളുകൾക്ക് ഇതിനു മുൻപ് ആറു മിനുട്ട് നേരത്തെ ഇടവേള നൽകി.

ഒന്നര മണിക്കൂറിന് ശേഷം രണ്ട് വിഭാഗങ്ങളെയും അവലോകനം ചെയ്തപ്പോൾ ആദ്യത്തെ വിഭാഗത്തിന് വായിച്ചതിൽ വെറും 28 ശതമാനവും രണ്ടാമത്തെ വിഭാഗത്തിന് 50ലേറെ ശതമാനവും ഓർത്തെടുക്കാൻ സാധിച്ചതയായി ശ്രദ്ധിക്കപ്പെട്ടു. ഏതെങ്കിലും പുതിയ കാര്യം പഠിച്ചതിന് തൊട്ടു പിന്നാലെയുള്ള നിമിഷങ്ങൾ തലച്ചോറിനെ സംബന്ധിച്ച് ലോലമാണെന്നും ഈ സമയത്തുള്ള ഇടപെടലുകൾ അതിന്റെ കാര്യക്ഷമതയെ ബാധിക്കുമെന്നുമാണ് ഇതിൽ നിന്ന് ലഭിച്ച നിഗമനം.

കുറേ കാലം അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ പഠനത്തിന് 2000ത്തിന്റെ തുടക്കകാലത്താണ് പുതുജീവൻ ലഭിച്ചത്. എഡിൻബർഗ് സർവകലാശാലയിലെ സെർജിയോ ഡെല്ല സാലയും മിസൂരി സർവകലാശാലയിലെ നെൽസൺ കോവാനും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ രീതിയുടെ ശരിയായ സാധ്യതകൾ തെളിഞ്ഞുവന്നത്. സ്ട്രോക് പോലെയുള്ള നാഡീസംബന്ധമായ രോഗങ്ങൾ അനുഭവിക്കുന്നവരുടെ ഓർമ്മശക്തി വർധിപ്പിക്കാൻ ശ്രമിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. മ്യുള്ളറുടെയും പിൽസക്കറുടെയും രീതിക്ക് സമാനമായി രോഗികൾക്ക് 15 വാക്കുകൾ പഠിക്കാൻ നൽകുകയും 10 മിനുട്ടിനു ശേഷം അവരെ ചോദ്യം ചെയ്യുകയും ചെയ്തു. ചില സാഹചര്യങ്ങളിൽ ഇതിന് തൊട്ടു പിന്നാലെ അവർക്ക് വേറെയും ചില ടെസ്റ്റുകൾ നൽകിയപ്പോൾ മറ്റു ചില സാഹചര്യങ്ങളിൽ അവരോട് ഇരുണ്ട ഒരു മുറിയിൽ ഉറങ്ങാതെ കുറച്ചു നേരം കിടക്കാൻ ആവശ്യപ്പെട്ടു.

അവിശ്വസനീയമായിരുന്നു ഫലങ്ങൾ. കൂട്ടത്തിൽ തീരെ ഓർമ്മ നഷ്ടപ്പെട്ട രണ്ടു പേരിൽ കാര്യമായ വ്യത്യാസം നിരീക്ഷിക്കപ്പെട്ടില്ലെങ്കിലും ബാക്കിയുള്ളവർക്ക് സാധാരണയിലും മൂന്നിരട്ടി കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിഞ്ഞു. ആദ്യത്തെ സാഹചര്യത്തിൽ പഠിച്ചതിൻറെ 14 ശതമാനം മാത്രമാണ് ഓർമ്മ നിന്നിരുന്നതെങ്കിൽ രണ്ടാമത്തെ സാഹചര്യത്തിൽ ഇത് 49 ശതമാനമായി ഉയർന്നു- അതായത് നാഡിക്ക് ഒരു ക്ഷതവും സംഭവിച്ചിട്ടില്ലാത്ത സാധാരക്കാരെപ്പോലെ.

വേറൊരു പരീക്ഷണത്തിൽ ഇവർക്ക് കഥകൾ കേൾപ്പിച്ചുകൊടുക്കുകയും പിന്നീട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വിശ്രമം ലഭിച്ചതോടെ ഓർത്തെടുക്കാൻ പറ്റുന്ന കാര്യങ്ങൾ ഏഴു ശതമാനത്തിൽ നിന്ന് 79 ശതമാനമായി ഉയർന്നു! ആരോഗ്യവാന്മാരായ ആളുകളുടെ പ്രതികരണം ഇത്രയേറെ അതിശയകരമല്ലെങ്കിലും അവിടെയും കാര്യമായ വ്യത്യാസം കാണാൻ സാധിച്ചു- പത്തിൽ നിന്ന് 30 ശതമാനം.

ഹെരിയട്ട് വാട്ട് സർവകലാശാലയിലെ മിഷേലാ ഡേവർ മറ്റു ചില സാഹചര്യങ്ങളിൽ നടത്തിയ പഠനങ്ങളിലും സമാനമായ ഫലങ്ങൾ ലഭിക്കുകയുണ്ടായി. ഇത്തരം ചെറിയ വിശ്രമ ഇടവേളകൾ സ്ഥലങ്ങളെയും കെട്ടിടങ്ങളുടെ സ്ഥാനങ്ങളെയും കുറിച്ചുള്ള ഓർമ്മയും മെച്ചപ്പെടുത്തുമെന്ന് അവർ കണ്ടെത്തി. ഏകദേശം ഒരാഴ്ച വരെയൊക്കെ ഇക്കാര്യങ്ങൾ ഓർമ്മയിൽ നിൽക്കും. ചെറുപ്പക്കാർക്കും പ്രായമായവർക്കും ഇടയിൽ ഒരുപോലെ ഫലപ്രദമായ ഒരു രീതി കൂടിയാണിത്. അൽഷിമേർസിൻറെ ആരംഭഘട്ടങ്ങളിൽ പോലും ഓർമ്മകളെ പിടിച്ചുനിർത്താൻ ഇതിലൂടെ സാധിക്കുമെന്നും ഡേവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇങ്ങനെ വിശ്രമിക്കുന്ന സമയത്ത് തങ്ങൾ പഠിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെക്കുറിച്ച് തന്നെ അവർ ചിന്തിക്കണമെന്നില്ല. പലരും മനസ്സിനെ പല ചിന്തകളിലേക്കും അലയാൻ വിടുകയായിരുന്നു. മാത്രമല്ല, ഇത്തരം വിശ്രമവേളകളിൽ ചിന്തകൾ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങൾ ഫലങ്ങളെ ദോഷകരമായി ബാധിച്ചതായാണ് കാണപ്പെട്ടത്.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന കാര്യത്തിൽ വലിയ വ്യക്തതയില്ലെങ്കിലും ഓർമ്മകൾ സൃഷ്ടിക്കപ്പെടുന്ന പ്രക്രിയയിൽ നിന്ന് ചില സൂചനകൾ ലഭിക്കുന്നുണ്ട്. ഓർമ്മകൾ ആദ്യം സൃഷ്ടിക്കപ്പെടുന്ന തലച്ചോറിൻറെ ഹിപോകാംപസ് എന്ന ഭാഗവും മസ്തകിഷ്കാവരണമായ കോർടെക്സും തമ്മിലുള്ള ആശയവിനിമയം വർദ്ധിക്കുന്ന സമയങ്ങളിൽ ഓർമ്മകൾ കുറച്ചുകൂടി ശക്തമായി രൂപപ്പെടും. ഉറങ്ങുന്ന സമയങ്ങൾ ഇതിനൊരുദാഹരണമാണ്.

ഉറക്കിനു തൊട്ടു മുൻപ് പഠിച്ച കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ ഓർത്തെടുക്കാൻ കഴിയുന്നു എന്ന് നമ്മളിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാവാം. എന്നാൽ ഉറക്കം മാത്രമല്ല, ഉണർന്നിരുന്നുള്ള വിശ്രമവും കാര്യങ്ങൾ ഓർമ്മിച്ചു വെക്കാൻ സഹായിക്കുമെന്ന് 2010ൽ ന്യൂ യോർക്ക് സർവകലാശാലയിൽ നടന്ന ഒരു പഠനം കണ്ടുപിടിച്ചിട്ടുണ്ട്. ഇങ്ങനെ വിശ്രമിക്കുമ്പോൾ ഹിപോകാംപസും കോർടെക്സും തമ്മിലുള്ള ആശയവിനിമയം വർദ്ധിച്ചതായി അവർ രേഖപ്പെടുത്തി. കൂടുതൽ കാര്യങ്ങൾ ഓർത്തു വെച്ച ആളുകളിൽ ഈ ആശയവിനിമയവും കൂടുതൽ ശക്തമായിരുന്നു.

നിരവധി പഠനങ്ങളിൽ സമാനമായ ഫലങ്ങൾ പുറത്തുവന്നത് പല ശാസ്ത്രജ്ഞന്മാരിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്. വൈകല്യങ്ങളുള്ളവരിൽ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഈ രീതിക്ക് സാധിച്ചേക്കാം എന്ന് യോർക്ക് സർവകലാശാലയിലെ അയ്ദൻ ഹോർണർ പറയുന്നു. ബൃഹത്തായ കാര്യങ്ങൾ ഇങ്ങനെ ഓർക്കാൻ ശ്രമിക്കുന്നത് പ്രായോഗികമല്ലെങ്കിലും തങ്ങളുടെ അടുത്തുള്ള ആളുകളുടെ പേരും രൂപവും പഠിക്കാൻ വേണ്ടിയെങ്കിലും അവർക്ക് ഈ രീതി ഉപയോഗപ്പെടും.

മറ്റൊരു രീതിയിൽ പറഞ്ഞാൽ വിവരാധിക്യത്തിൻറെ ഈ വർത്തമാന കാലത്ത് നമ്മുടെ ഫോണുകൾക്ക് മാത്രമല്ല, നമ്മുടെ മനസ്സിനും ‘റീചാർജ്’ ആവശ്യമുണ്ട്.

Similar Posts