ആര്‍ത്തവ സമയത്തെ വേദനക്ക് മരുന്നു കഴിക്കാമോ?
|വ്യായാമം ചെയ്യുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും ഒരുപാട് വെള്ളം കുടിക്കുന്നതും വേദന കുറയ്ക്കും. ആര്‍ത്തവസമയത്ത് അടങ്ങിയൊതുങ്ങി ഇരുന്നേ തീരൂ എന്നുമില്ല. ആവശ്യത്തിന് വിശ്രമിക്കണം. സ്ട്രെസ് കുറയ്ക്കണം.
എവിടെ പോയാലും കേൾക്കാം ഈ ചോദ്യം. പലർക്കും പേടിയാണ് മരുന്നു കഴിക്കാൻ. പലരുടെയും ധാരണ ഈ വേദന സഹിക്കുന്നത് പ്രസവവേദനയിലേക്കു സ്വയം തയ്യാറെടുക്കാൻ പ്രാപ്തയാക്കുമെന്നാണ്. ഈ വേദനക്ക് മരുന്നു കഴിക്കാമോ എന്ന ചോദ്യത്തിന്റെ വിലയേറിയ ഉത്തരം ഇതാണ്. ഈ വേദന വന്നാൽ ഡോക്ടറെ കാണിച്ചേ മരുന്നു കഴിക്കാവൂ.
കാരണം, ആര്‍ത്തവ സമയത്തെ വേദന/dysmenorrhoea രണ്ട് തരമുണ്ട്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെയില്ലാത്ത primary dysmenorrhoeaയും, കാരണങ്ങൾ ഉള്ള secondary dysmenorrhoeaയും. Secondary അല്ലാ എന്നുറപ്പു വരുത്താൻ വേണ്ടിയാണ് ഡോക്ടറെ കാണണമെന്ന് പറയുന്നത്.
Pelvic inflammatory disease, ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ് തുടങ്ങിയ ഒട്ടനവധി അപകടം പിടിച്ച അസുഖങ്ങൾ കാരണം ആര്‍ത്തവസമയത്ത് വേദന വരാം. മുകളിൽ പറഞ്ഞിരിക്കുന്ന ചില രോഗങ്ങൾ ഭാവിയിൽ കാൻസറിലേക്കും വന്ധ്യതയിലേക്കും നയിച്ചേക്കാം. അതുകൊണ്ട്, ഇവയുടെ അപകടം കുറഞ്ഞ സ്റ്റേജിൽതന്നെ മുൻകൂട്ടി കണ്ടുപിടിച്ചു ചികിൽസിച്ചു ഭേദമാക്കാനുള്ള അവസരം ഉണ്ടാക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
ആര്‍ത്തവ സമയത്തെ വേദന എങ്ങനെ ഉണ്ടാവുന്നു
ഈ സമയത്ത് ഗർഭാശയസ്തരം പൊഴിഞ്ഞു വീഴുമ്പോൾ ഉണ്ടാവുന്ന പ്രോസ്റ്റാഗ്ലാന്റിൻ ഗർഭാശയഭിത്തിയെ സങ്കോചിപ്പിക്കുകയും ആ പ്രവർത്തനഫലമായി രക്തക്കുറവുള്ള ഭാഗങ്ങൾ ഭിത്തിയിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് വേദന ഉണ്ടാവുന്നത്. ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങളിൽ ആണ് വേദന കണ്ടുവരുന്നത്.
നിത്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള വേദന ആണെങ്കിൽ (ഉദാഹരണത്തിന് ക്ലാസ്സ് നഷ്ടമാവുക, ഉറങ്ങാൻ പോലും കഴിയാത്ത അവസരങ്ങൾ എന്നിവ) മരുന്ന് പരിഗണിക്കാവുന്നതാണ്. പ്രോസ്റ്റാഗ്ലാന്റിൻ പ്രവർത്തനം തടയുന്ന മരുന്ന് ഈ വേദനക്ക് ഫലപ്രദമാണ്. വേദന തുടങ്ങും മുന്നേയുള്ള കുറച്ച് മണിക്കൂറുകളിൽ മരുന്നെടുത്താൽ രണ്ട് ദിവസങ്ങള്‍ക്കുള്ളിൽ വേദന മാറുമെന്ന് കാണിച്ച പഠനങ്ങളും ഉണ്ട്.
വ്യായാമം ചെയ്യുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും ഒരുപാട് വെള്ളം കുടിക്കുന്നതും വേദന കുറയ്ക്കും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നല്ല പോഷണവും (വിറ്റാമിൻ, മിനറല്‍സ്) വെള്ളവും ലഭ്യമാണ് എങ്കിൽ ഏത് സമയത്തും നമുക്ക് വ്യായാമം ചെയ്യാവുന്നതാണ്. ആര്‍ത്തവസമയത്ത് അടങ്ങിയൊതുങ്ങി ഇരുന്നേ തീരൂ എന്നൊന്നും ഇല്ലെന്നർത്ഥം. ആവശ്യത്തിന് വിശ്രമിക്കണം എന്ന് മാത്രം. സ്ട്രെസ് കുറയുന്നതും വേദനയെ കുറക്കുന്നു.
Secondary വേദന ആണെങ്കിൽ മറ്റുചില ലക്ഷണങ്ങൾ കൂടി ഉണ്ടാവും. മറ്റസുഖങ്ങളുടെ ലക്ഷണങ്ങൾ ഇല്ലെന്നുറപ്പിക്കേണ്ടതായുണ്ട്.
എന്താണ് നോർമൽ ആര്‍ത്തവകാലം?
- രണ്ടുമുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിൽ ബ്ലീഡിങ്
- ഈ ദിവസങ്ങളിൽ 80 മില്ലിലിറ്ററിൽ (average 10-35ml) അധികമല്ലാത്ത ബ്ലീഡിങ് (മാക്സിമം 16 മുതൽ 18വരെ രക്തത്തിൽ കുതിർന്ന പാഡുകൾ)
- 24 ദിവസത്തിനു ശേഷമോ 38 ദിവസങ്ങൾക്കുള്ളിലോ ആവർത്തിച്ച് വരുന്നത്.
ഇതെല്ലാം രേഖപ്പെടുത്താൻ ഒരു ഡയറി സൂക്ഷിക്കുന്നത് നല്ലതാണ്. Premenstrual mood changes ഉണ്ടെങ്കിൽ അതും എഴുതി വെച്ച് സ്വയം analyse ചെയ്യുകയോ, ആവശ്യം തോന്നുന്നെങ്കിൽ സഹായം തേടുകയോ ചെയ്യുക.
24 ദിവസങ്ങൾക്കുള്ളിൽ ആര്‍ത്തവം വരുന്നതിനെ polymenorrhoea എന്നും 38 ദിവസങ്ങൾക്ക് ശേഷം വരുന്നതിനെ oligomenorrhoea എന്നും വിളിക്കുന്നു. ഈ രണ്ടവസരങ്ങളിലും ഡോക്ടറുടെ ഉപദേശം ഉണ്ടായേ തീരൂ. തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതായി വരാം. രോഗനിർണയത്തിന് വേണ്ടി സ്കാൻ ചെയ്യേണ്ടതായും വരാം. രക്തസ്രാവം കൂടുന്ന സമയത്ത് അയൺഫോളിക് ആസിഡ് ഗുളികകൾ ആവശ്യമായി വന്നേക്കാം.
ആർത്തവദിവസങ്ങളിൽ വ്യക്തിശുചിത്വം പാലിക്കുക. തുണിയാണോ സാനിറ്ററി നാപ്കിനാണോ menstrual കപ്പ് ആണോ നല്ലത് എന്ന് ചോദിച്ചാൽ ഒരുത്തരം പറയാൻ മാത്രമുള്ളത്ര പഠനങ്ങൾ നടന്നിട്ടില്ലെന്നാണ് ഉത്തരം. പാഡുകൾ നാലുമണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുക. Menstrual കപ്പിലെ രക്തവും ഈ ഇടവേളയിൽ കളയുക.
കപ്പ് ആദ്യമായി ഉപയോഗിച്ചു തുങ്ങുന്നവരുടെ കപ്പിൽ E.coli ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടു എന്നാണ് കെനിയയിൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. മൂത്രാശയസംബന്ധമോ ഗർഭാശയസംബന്ധമായോ ആയ അണുബാധ വന്നവർ രണ്ടുമൂന്നുമാസത്തെ ആര്‍ത്തവകാലം കഴിഞ്ഞ ശേഷം മാത്രം കപ്പ് ഉപയോഗിക്കുന്നതായിരിക്കും സുരക്ഷിതം.
പ്രസവശേഷവും അബോർഷൻ ശേഷവും ഉള്ള യോനീസ്രവം നിൽക്കുന്നത് വരെ menstrual കപ്പ് ഉപയോഗിക്കാതിരിക്കുക. ഗർഭാശയസ്തരം ഉണങ്ങുന്ന സ്റ്റേജിൽ ആയതുകൊണ്ട് ചെറിയ അണുബാധ പോലും മാരകമായേക്കാം എന്നതുകൊണ്ടാണ് ഇങ്ങനെയൊരുപദേശം നൽകുന്നത്. കൂടുതൽ പഠനങ്ങൾ കൂടിയേ തീരൂ.
കടപ്പാട്: