കേരളത്തിലെ കുഞ്ഞുങ്ങള്‍ക്കിപ്പോഴും ജനിച്ച് ആദ്യമണിക്കൂറിലെ മുലപ്പാല്‍ നിഷേധിക്കപ്പെടുന്നു
|ജനിച്ചു രണ്ടു മുതൽ 23 മണിക്കൂർവരെയുളള സമയത്തു മുലപ്പാൽ ലഭിച്ച കുട്ടികൾക്ക് ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ ലഭിച്ച കുട്ടികളെ അപേക്ഷിച്ച് 33 ശതമാനം മരണസാധ്യത കൂടുതലാണെന്നും പഠനങ്ങളുണ്ട്.
കുഞ്ഞു ജനിച്ച് ആദ്യമണിക്കൂറിനുള്ളില്‍ തന്നെ മുലയൂട്ടണമെന്ന കാമ്പയിനുകളൊന്നു തന്നെ ഇനിയും കേരളത്തില്‍ ഫലം കാണുന്നില്ല. നവജാതശിശുക്കൾക്ക് ആദ്യമണിക്കൂറിൽ മുലയൂട്ടുന്നതിൽ കേരളത്തിന് ഇപ്പോഴും വിമുഖതയെന്നാണ് യുനിസെഫിന്റെ റിപ്പോർട്ട്. ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലയൂട്ടുന്ന അമ്മമാർ 64 ശതമാനം മാത്രം. എന്നാൽ, ഈ കണക്കു ദേശീയ ശരാശരിയായ 41.5 ശതമാനത്തേക്കാൾ കൂടുതലാണെന്ന ആശ്വാസം മാത്രം.
ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ കുട്ടിക്കു മുലപ്പാൽ കൊടുക്കുക, ആദ്യ ആറുമാസം മുലപ്പാൽ മാത്രം കൊടുക്കുക, ഏഴാംമാസം മുതൽ രണ്ടു വയസ്സുവരെ മുലപ്പാലിനൊപ്പം വീട്ടിലെ ഭക്ഷണവും നൽകുക- ഈ നിർദേശങ്ങളാണു മുലയൂട്ടൽ സംബന്ധിച്ചു യുനിസെഫും ലോകാരോഗ്യ സംഘടനയും മുന്നോട്ടു വെയ്ക്കുന്നത്. ജനിച്ചു രണ്ടു മുതൽ 23 മണിക്കൂർവരെയുളള സമയത്തു മുലപ്പാൽ ലഭിച്ച കുട്ടികൾക്ക് ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ ലഭിച്ച കുട്ടികളെ അപേക്ഷിച്ച് 33 ശതമാനം മരണസാധ്യത കൂടുതലാണെന്നും പഠനങ്ങളുണ്ട്.
നവജാതശിശുക്കളുടെ മരണനിരക്കു നിയന്ത്രിക്കുന്നതിൽ ഇന്ത്യയിൽ മുന്നിലുള്ള കേരളം ആദ്യമണിക്കൂറിൽ മുലയൂട്ടുന്നതിൽ പിന്നിൽ നിൽക്കുന്നതു ഗൗരവത്തോടെ കാണണമെന്നാണു യുനിസെഫ് റിപ്പോർട്ടിലെ സൂചന. 1992- 1993 ൽ 14.2 ശതമാനമായിരുന്നു കേരളത്തിലെ മുലയൂട്ടൽ നിരക്ക്. 1998- 99 ൽ 42.9%, 2005-06 ൽ 55.4% എന്നിങ്ങനെ ഉയർന്നാണ് 64.3 ശതമാനത്തിലെത്തിയത്.
ആദ്യമണിക്കൂറിൽ മുലയൂട്ടുന്നതിൽ ശ്രീലങ്കയാണു മുന്നിലെന്നു റിപ്പോർട്ട് പറയുന്നു. പിറന്നുവീഴുന്ന കുട്ടികളിൽ 90 ശതമാനം പേർക്കും ആദ്യമണിക്കൂറിൽ മുലപ്പാൽ ലഭിക്കുന്നു. ഇന്ത്യ പട്ടികയിൽ 56–ാം സ്ഥാനത്താണ്. ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ കുട്ടിക്കു മുലപ്പാൽ കൊടുക്കുന്നതിലൂടെ നവജാതശിശു മരണ നിരക്കിൽ 22 ശതമാനം വരെ കുറയ്‌ക്കാനാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ പഠനം.