Health
ഉയരമുള്ളവര്‍ക്ക് വെരിക്കോസ് വെയിന്‍ വരാന്‍ സാധ്യത കൂടുതലെന്ന് പഠനം
Health

ഉയരമുള്ളവര്‍ക്ക് വെരിക്കോസ് വെയിന്‍ വരാന്‍ സാധ്യത കൂടുതലെന്ന് പഠനം

Web Desk
|
26 Sep 2018 5:11 AM GMT

വളരെ കുറച്ച് പേര്‍ മാത്രമാണ് അസുഖത്തെകുറിച്ച് ബോധവാന്മാരാകുന്നതും എങ്ങനെ ചികിത്സ തേടണമെന്ന് തിരിച്ചറിയുന്നതും.

വെരിക്കോസ് വെയിന്‍ പലരിലും കാണപ്പെടുന്ന ഒരു സാധാരണ അസുഖമാണെങ്കിലും, അതുമൂലമുണ്ടാകുന്ന ശാരിരീക അസ്വസ്ഥകള്‍ അനവധിയാണ്. രക്തം കട്ടപിടിക്കാനും വ്രണങ്ങള്‍ക്കും വരെ ഈ അവസ്ഥ കാരണമാകുന്നു. പക്ഷേ, വളരെകുറച്ച് പേര്‍ മാത്രമാണ് അസുഖത്തെ കുറിച്ച് ബോധവാന്മാരാകുന്നതും എങ്ങനെ ചികിത്സ തേടണമെന്ന് തിരിച്ചറിയുന്നതും.

മനുഷ്യന്റെ ചര്‍മത്തിന് തൊട്ടുതാഴെയുള്ള സിരകള്‍ തടിച്ചു കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ന്‍. കാലുകളിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കാന്‍ അത് കാരണമാകും.

ആദ്യഘട്ടത്തില്‍ അസുഖത്തിന് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാവില്ല. സിരകളില്‍ വേദനയും അനുഭവപ്പെടില്ല. പക്ഷേ, കാലുകളില്‍ നിറവ്യത്യാസം, കണ്ണങ്കാലില്‍ കറുപ്പ്, സിരകൾക്കു നീലനിറം, തടിച്ചുയര്‍ന്നു നില്‍ക്കുന്ന സിരകള്‍. കാലുകള്‍ തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും വേദനയുണ്ടാകല്‍, തടിച്ച സിരകള്‍ക്കു സമീപം ചൊറിച്ചിലും അസ്വസ്ഥതകളും കാലുകള്‍ക്കു കഴപ്പ്, പുകച്ചില്‍, മസിലുപിടുത്തം എന്നിവ ലക്ഷണങ്ങളാണ്. കാലുകളില്‍ ചെറിയ മുറിവോ വ്രണമോ വന്നാല്‍ അനിയന്ത്രിതമായി രക്തസ്രാവം ഉണ്ടാകുകയും ഉണങ്ങാത്ത മുറിവായി മാറി അണുബാധയ്ക്കുവരെ കാരണമാവുകയും ചെയ്യുന്നു. ഇത് രോഗം സങ്കീര്‍ണമാക്കും.

പുതിയൊരു പഠനം പറയുന്നത് വ്യക്തികളുടെ ഉയരവും വെരിക്കോസ് വെയിനും തമ്മില്‍ ബന്ധമുണ്ടെന്നാണ്. കാരണം, വെരിക്കോസ് വെയിന്‍ കൂടുതലും കാണുന്നത് ഉയരമുള്ളവരിലാണത്രെ. പ്രായം, ലിംഗം, അമിതവണ്ണം, ഗര്‍ഭാവസ്ഥ എന്നിവയൊക്കെ വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള കാരണമായി നേരത്തെ തന്നെ ഗവേഷകര്‍ കണ്ടെത്തിയതാണ്. ഇപ്പോഴാണ്, ഉയരവും വെരിക്കോസ് വെയിന്‍ സാധ്യത കൂട്ടുന്നുണ്ടെന്ന പഠനം പുറത്ത് വന്നിരിക്കുന്നത്. ഉയരത്തെ സ്വാധീനിക്കുന്ന ജീനുകള്‍ വെരിക്കോസ് വെയിനിനും കാരണമായേക്കാം എന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മനുഷ്യന്റെ ഉയരവുമായി ബന്ധപ്പെട്ടുള്ള ജീവശാസ്ത്രപരമായ കാരണങ്ങള്‍ മനസ്സിലാക്കിയാല്‍ അതുവഴി വെരിക്കോസ് വെയിന്‍ എന്ന അസുഖത്തിന്റെ മൂലകാരണങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പറയുന്നു, കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ നിക്കോളാസ് ജെ. ലീപ്പർ. അങ്ങനെയെങ്കില്‍ ഈ അസുഖത്തെ തടയാനും സുഖപ്പെടുത്താനും കഴിയുന്ന ചികിത്സ വികസിപ്പിച്ചെടുക്കാന്‍ ഗവേഷകരെ അത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts