Health
ഇത് വെറും കുട്ടിക്കളിയല്ല; കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
Health

ഇത് വെറും കുട്ടിക്കളിയല്ല; കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Web Desk
|
29 Sep 2018 3:43 PM GMT

മാതാപിതാക്കളുടെ ജോലിത്തിരക്കുകളില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തുന്നതിനുള്ള ഉപാധികളായി കളിപ്പാട്ടങ്ങള്‍ മാറരുത്

കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ തെരഞ്ഞെടുക്കുന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. കാരണം, കുട്ടികളി ചില്ലറ കാര്യല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികളുടെ ബുദ്ധിവികാസത്തിലും ചിന്താ രൂപീകരണത്തിലും അവര്‍ നിരന്തരമായി ഇടപെടുന്ന കളിപ്പാട്ടങ്ങള്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ കളിപ്പാട്ടങ്ങളെ കുറിച്ചും ഇനി കാര്യമായി ചിന്തിച്ചു തുടങ്ങാം.

പ്രധാന പരിഗണന സുരക്ഷിതത്ത്വത്തിന് തന്നെയാണ്. തീരെ ചെറിയ കുട്ടികള്‍ക്ക് എളുപ്പത്തില്‍ പൊട്ടിപ്പോവുന്നതോ വായിലും മറ്റും പോവാന്‍ ഇടയിലുള്ളതോ ആയ കളിപ്പാട്ടങ്ങള്‍ നല്‍കരുത്. മൂര്‍ച്ചയുള്ള അറ്റങ്ങളോ വിഷാംശമുള്ളതോ ആയ കളിപ്പാട്ടങ്ങളും നമുക്ക് ഉപേക്ഷിക്കാം.

കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ പാകത്തിലുള്ളവയായിരിക്കണം അവരുടെ കളിപ്പാട്ടങ്ങള്‍. അതൊരു ബാധ്യതയായി മാറരുതെന്ന് ചുരുക്കം. കുട്ടികളുടെ ബുദ്ധിവളര്‍ച്ചക്കും, ക്രിയാത്മകതക്കും ഉപകാരപ്രദമായിരിക്കണം കളിപ്പാട്ടങ്ങള്‍. വിലയിലും, ട്രെന്റിലുമല്ല അത് എത്രത്തോളം പ്രയോജനപ്രദം എന്നതിലാണ് കാര്യമെന്ന് ചുരുക്കം.

ഭാവനയെയും കുട്ടികളുടെ സാമൂഹ്യ ബന്ധങ്ങളെയും ഇടപെടലുകളെയും പരിപോഷിപ്പിക്കുന്നതാവണം കളിപ്പാട്ടങ്ങള്‍. പുസ്തകങ്ങളെയും കളിപ്പാട്ടങ്ങളുടെ എണ്ണത്തില്‍ കൂട്ടാവുന്നതാണ്. പുസ്തകങ്ങളുമായി കുട്ടികളുടെ അടുക്കല്‍ ചിലവഴിക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. കമ്പ്യൂട്ടര്‍-വീഡിയോ ഗെയിമുകളെ ആവശ്യത്തിന് മാത്രം അനുവധിക്കാം, ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെ വീഡിയോ ഗെയിമുകളുമായി അടുപ്പക്കാതിരിക്കുന്നതാണ് ഉത്തമം.

അക്രമോത്സുകങ്ങളായ കളിപ്പാട്ടങ്ങള്‍ യാതൊരു വിധത്തിലും അടുപ്പിക്കരുത്. അതേപോലതന്നെ വംശീയതയും മറ്റും പ്രോത്സിഹിപ്പിക്കുന്ന കളിപ്പാട്ടങ്ങളെയും പുറത്തുതന്നെ നിര്‍ത്താം.

കളിപ്പാട്ടങ്ങള്‍ കുട്ടികളുടെ നേരംപോക്കുകള്‍ മാത്രമായി കാണരുത്. മാതാപിതാക്കളുടെ ജോലിത്തിരക്കുകളില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തുന്നതിനുള്ള ഉപാധികളായും കളിപ്പാട്ടങ്ങള്‍ മാറരുത്.

Related Tags :
Similar Posts