Health
ഇന്ന് ലോകഹൃദയാരോഗ്യദിനം: ഹൃദയത്തെ സന്തോഷിപ്പിക്കൂ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Health

ഇന്ന് ലോകഹൃദയാരോഗ്യദിനം: ഹൃദയത്തെ സന്തോഷിപ്പിക്കൂ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Web Desk
|
29 Sep 2018 8:03 AM GMT

ഹൃദയത്തെ സംരക്ഷിക്കാനുള്ള നല്ല ഭക്ഷണക്രമവും വ്യായാമചര്യങ്ങളും എന്തൊക്കെയാണെന്ന് മനസ്സിലാക്കൂ...

ആരോഗ്യമുള്ള മനുഷ്യഹൃദയം മിനിറ്റില്‍ 70-80 തവണ മിടിക്കുന്നുണ്ട്. വിവിധ ഘടകങ്ങളെ ആശ്രയിച്ച് അതിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യാം. മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തത്തെ എത്തിച്ചുനല്‍കുന്ന നിര്‍ണായക അവയവമാണിത്. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു സംഭവിക്കുന്ന എന്തെങ്കിലും അപചയം ശരീരത്തിന്റെ മൊത്തം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുന്നത്. ലോക ഹൃദയദിനത്തില്‍, ഹൃദയത്തെ സംരക്ഷിക്കാനുള്ള നല്ല ഭക്ഷണക്രമവും വ്യായാമചര്യങ്ങളും എന്തൊക്കെയാണെന്ന് മനസ്സിലാക്കൂ...

  • തുടങ്ങാം വളരെ ചെറുപ്പത്തില്‍ത്തന്നെ

കുഞ്ഞുങ്ങളെ ഹൃദയസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരാക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അപ്പോഴെ കുട്ടിക്കാലത്തുതന്നെ ഹൃദയത്തെ പരിപാലിച്ചുകൊണ്ടുവരാന്‍ ഒരു വ്യക്തിക്ക് കഴിയുകയുള്ളൂ.... നല്ല ശീലങ്ങള്‍ പിന്തുടരുക എന്നതാണ് അതില്‍ പ്രധാനം. നല്ല ഭക്ഷണരീതി, ശുദ്ധവായു, ശരീരത്തിന് നല്‍കേണ്ട കുഞ്ഞുകുഞ്ഞ് വ്യായാമങ്ങള്‍, കൂടാതെ പുകയില ഉത്പന്നങ്ങളെ അടുപ്പിക്കാതിരിക്കാനുള്ള പ്രേരണ- ഇവയെല്ലാമാണ് അതില്‍ പ്രധാനം. ബി.എം.ഐ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ അസുഖമുള്ളവരെ നിരീക്ഷിക്കാനും ഈ രീതി പിന്തുടരുന്നത് നല്ലതാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ ശരീരഭാരം ആരോഗ്യത്തോടെ നിലനിർത്താന്‍ കൊഴുപ്പ്, കൊളസ്ട്രോൾ, പഞ്ചസാര എന്നിവ കലര്‍ന്ന ആഹാര വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നത് നല്ലതാണ്. കുട്ടികളെ ക്രിക്കറ്റ്, ഫുട്ബോൾ, നീന്തൽ എന്നിങ്ങനെയുള്ള കായിക ഇനങ്ങളില്‍ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കുക.

  • ഉറക്കെ ചിരിക്കുക

ചിരിക്കുന്നത് എപ്പോഴും ഹൃദയത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. മാത്രമല്ല, അത് ഹൃദയാഘാതത്തെ ഒരു പരിധിവരെ തടയുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠനമനുസരിച്ച്, ചിരിക്കുന്നത് നമ്മുടെ സ്ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കുകയും രക്തധമനികളിലെ രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു.

  • പുകയില ഉത്പന്നങ്ങളെ ഒഴിവാക്കുക

പുകവലിയാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണം. ആരോഗ്യകരമല്ലാതെ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം എന്നിവ ഉളള്ളവരില്‍ പുകവലി ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത ഒരാളാണെങ്കില്‍ കൂടി പുകവലി ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

  • ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍

ഹൃദയത്തെ ആരോഗ്യത്തെ നിലനിര്‍ത്തണോ, കഴിക്കുന്ന ആഹാരവും ആരോഗ്യകരമായിരിക്കുക എന്നതാണ് അതിനുള്ള എളുപ്പവഴി. ഭക്ഷണത്തില്‍ എല്ലാതരത്തിലുമുള്ള ആഹാരസാധനങ്ങള്‍ ഉള്‍പ്പെടുത്തുക. വിവിധതരം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മീനും മാംസവും, പയറുവര്‍ഗങ്ങള്‍, വെജിറ്റബിള്‍ ഓയിലുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

  • ഉപ്പിന്റെ അളവ് കുറയ്ക്കുക

ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഉപ്പിന്റെ ഉപയോഗം ഒരുദിവസം ശരാശരി അര ടിസ്പൂണ്‍ ആയി കുറയ്ക്കുന്നത് ഒരു പരിധിവരെ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഹോട്ടലുകളിലെ ഭക്ഷണത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക, പ്രത്യേകിച്ച് എല്ലാവരുടെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍. രുചി കൂട്ടുന്നതിന്റെ ഭാഗമായി ഉപ്പ് അവയില്‍ അമിതമായി ഉപയോഗിക്കുന്നുണ്ട്.

  • അണ്ടിപ്പരിപ്പ് പോലുള്ളവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക

ബദാം, വാല്‍നട്ട്, അണ്ടിപ്പരിപ്പ് പോലുള്ളവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബർ എന്നിവ ശരിയായ അളവില്‍ നല്‍കാന്‍ സഹായിക്കും. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഹൃദയസ്തംഭനത്തിന് സാധ്യത കുറയ്ക്കും.

  • പ്രഭാതഭക്ഷണത്തിന് കൃത്യസമയം പാലിക്കുക

ഒരു ദിവസത്തെ ആദ്യ ഭക്ഷണം എന്ന നിലയില്‍ പ്രഭാത ഭക്ഷണത്തിന് വളരെ പ്രാധാന്യമുണ്ട്. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിനും അതുവഴി ആരോഗ്യകരമായ ശരീരഭാരത്തിനും നമ്മെ സഹായിക്കും.

  • ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കൂ

ചോക്ലേറ്റുകള്‍ നല്ലതല്ല എന്നാവും കുട്ടിക്കാലം മുഴുവന്‍ നമ്മള്‍ കേട്ടിട്ടുണ്ടാകുക. പക്ഷേ എന്നാല്‍ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് നല്ലൊരു റോളുണ്ട്. അവ രക്തധമനികളെ അയവുള്ളതാകാന്‍ സഹായിക്കുന്നു. കൂടാതെ മറ്റു പല ഗുണങ്ങളും ഈ ഡാര്‍ക്ക് ചോക്ലേറ്റിനുണ്ട്.

  • കൃത്യമായി വ്യായാമം ചെയ്യുക

കൃത്യമായി വ്യായാമം ചെയ്യുന്നത് ഹൃദയാഘാതത്തെ തടയും. നടക്കുന്നതോ, നീന്തുന്നതോ, ഓടുന്നതോ എന്തുമാകാം. ദിവസം 30-45 മിനിറ്റ് വീതം ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കേണ്ടത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

  • യോഗ ശീലിക്കുക

ശരീരത്തിന്റെ സന്തുലിതത്വവും ശക്തിയും ആയാസവും നിലനിര്‍ത്താന്‍ യോഗ സഹായിക്കും. സ്ട്രെസ്സിനെ തടയും. ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഹാര്‍ട്ട് അറ്റാക്കിനെ തടയുന്നതില്‍ വരെ യോഗയ്ക്ക് റോളുണ്ടെന്നാണ് എവിഡെന്‍സ് ബെയ്സ്ഡ് കോംപ്ലിമെന്ററി ആന്റ് അള്‍ട്രനേറ്റീവ് മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

  • ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക

നിങ്ങളുടെ ഭാരം കൂടുതലോ കുറവോ എത്രയുമായിരിക്കട്ടെ, കൂടുതല്‍ നേരം ഇരിക്കുന്നത് നിങ്ങളുടെ ആയുസ്സ് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇരുന്ന് ജോലി ചെയ്യുന്നവര്‍ കൃത്യമായ ഇടവേളകളില്‍ എഴുന്നേറ്റ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

  • സ്റ്റെപ്പുകള്‍ കയറുക

വ്യായാമത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാതെ, അതിനുള്ള അവസരങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുക. ലിഫ്റ്റ് ഉപയോഗിക്കാതെ പടികള്‍ കയറുക, സ്വന്തം വാഹനമാണെങ്കിലും ഒരല്‍പം ദൂരെ പാര്‍ക് ചെയ്ത് നടന്നുപോകുക, സഹപ്രവര്‍ത്തകരോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ചാറ്റ് ചെയ്യുന്നതിന് പകരം എഴുന്നേറ്റ് അടുത്ത് പോയി പറയുക, കുട്ടികള്‍ കളിക്കുകയാണെങ്കില്‍ അത് വെറുതെ നോക്കിയിരിക്കാതെ അവര്‍ക്കൊപ്പം കളിക്കാന്‍ ശ്രമിക്കുക

  • ശരീരവുമായി ബന്ധപ്പെട്ട എല്ലാ അളവുകളും അറിഞ്ഞുവെക്കുക

നമ്മുടെ ശരീരഭാരത്തിനും പ്രായത്തിനും അനുസൃതമായി ഉണ്ടാകേണ്ട, പ്രെഷര്‍, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയുടെ അളവുകള്‍ അറിഞ്ഞുവെക്കുക. കുറവാണെങ്കിലും കൂടുതലാണെങ്കിലും ആ ലെവലിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ തുടരുക. ഡോക്ടറുമായുള്ള ഡെയ്‍ലി ചെക്അപ്പ് നിലനിര്‍ത്തുക.

  • സ്ഥിരം പോകുന്ന വഴികളെ വിട്ട് യാത്ര ചെയ്യുക

ഫോണ്‍ താഴെ വെക്കൂ, എന്നിട്ട് ഒരു യാത്ര പോകൂ... സ്ട്രെസ് കുറയ്ക്കാന്‍ ഇതിലും നല്ല വഴി വേറെയില്ല.

  • സന്തോഷം നല്‍കുന്ന നിങ്ങളുടേത് മാത്രമായ ഒരിടത്തെ കണ്ടെത്തൂ

നിരാശ, ആശങ്ക, ദേഷ്യം എന്നിവയ്ക്ക് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നതില്‍ പങ്കുണ്ടെന്നാണ് പഠനം. അത് കുറയ്ക്കുന്നതിനാവശ്യമായ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടാവുക. നമ്മുടേത്, മാത്രമായ നമുക്ക് സന്തോഷം നല്‍കുന്ന ഒരിടത്തെ കണ്ടെത്തി, അവിടെ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക

Similar Posts