Health
ചായയ്ക്കുമുണ്ട് നമ്മളറിയാത്ത രുചികള്‍!
Health

ചായയ്ക്കുമുണ്ട് നമ്മളറിയാത്ത രുചികള്‍!

Web Desk
|
11 Oct 2018 7:42 AM GMT

പാല്, പഞ്ചസാര, ബട്ടര്‍ തുടങ്ങിയ പദാര്‍ത്ഥങ്ങളുപയോഗിച്ച് ചായ കുടിക്കുന്നതിനേക്കാള്‍ ഏറ്റവും ഉത്തമം ശരീരത്തിനിണങ്ങിയ പ്രകൃതിദത്തമായ ഹെര്‍ബല്‍ ചായകള്‍ കുടിക്കുന്നതാണ്

ചായകുടി ഒരു വികാരമായി മാറിയവരാണ് നമ്മളില്‍ പലരും. ലോകത്തിന്‍റെ ഏതു കോണില്‍ പോയാലും ചായ സുലഭമാണ്. ഓരോ ദേശത്തിനനുസരിച്ച് രുചിയില്‍ വ്യത്യാസമുണ്ടെന്നല്ലാതെ, പാട്ട് കേള്‍ക്കുന്നതു പോലെ, യോഗ ചെയ്യുന്നത് പോലെ പുസ്തകം വായിക്കുന്ന പോലെ സുഖമുള്ള പരിപാടിയാണ് ചായകുടി.

എങ്കില്‍, പാലൊഴിച്ച ചായക്കും കട്ടന്‍ ചായക്കും പകരമായി വേറെ രുചി രീതികളൊന്ന് പരീക്ഷിച്ച് നോക്കാം.

പാല്, പഞ്ചസാര ബട്ടര്‍ തുടങ്ങിയ പദാര്‍ത്ഥങ്ങളുപയോഗിച്ച് ചായ കുടിക്കുന്നതിനേക്കാള്‍ ഏറ്റവും ഉത്തമം ശരീരത്തിനിണങ്ങിയ പ്രകൃതിദത്തമായ ഹെര്‍ബല്‍ ചായകള്‍ കുടിക്കുന്നതാണ്. ഉറക്കമില്ലായ്മ, ദഹനക്കുറവ്, മനക്ലേശം എന്നിവക്കുള്ള പ്രതിവിധി ഹെര്‍ബല്‍ ടീകളില്‍ ഉണ്ട്. അത്തരം കൂട്ടുകളെ പരിചയപ്പെടാം.

ചമൊമൈല്‍ ചായ

യൂറോപ്പില്‍ കണ്ടുവരുന്ന ഒരുതരം ജമന്തിപൂവാണ് ചമൊമൈല്‍. പിഞ്ചുപുഷ്പങ്ങള്‍ തിളച്ച വെള്ളത്തിലേക്ക് ഇട്ട് കുടിക്കുക. അതിലടങ്ങിയ പദാര്‍ത്ഥങ്ങള്‍ ശരീരത്തിന് ഉന്‍മേഷം നല്‍കുന്നു, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു, നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു.

പുതിനയില ചായ

പുതിനയില ഇട്ട ചായ കുടിക്കുന്നത് ആമാശയത്തിന് വളരെ നല്ലതാണ്. കൂടാതെ, പനി, ജലദോഷം തുടങ്ങിയവക്കും നല്ലൊരു ഔഷധമാണ്. ഭക്ഷണത്തിനു ശേഷം പുതിനയില ചായ കുടിക്കുന്നത് ദഹനം സുഗമമാക്കും.

കഹ്‍വ

അതി പുരാതന ചായകൂട്ടാണ് കഹ്‍വ. കശ്മീരി ഗ്രീന്‍ ടീ ഇലകള്‍, തെരഞ്ഞെടുക്കപ്പെട്ട സുഗന്ധവ്യജ്ഞനങ്ങള്‍, നട്ട്സ്, കുങ്കുമപ്പൂവ് എന്നിവയുടെ മിശ്രിതമാണ് കഹ്‍വ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. മണം, രുചി എന്നിവയില്‍ ചായയിലെ രാജാവാണ് കഹ്‍വ. ഇത് ശരീരത്തിലകപ്പെട്ട വിഷാംശങ്ങള്‍ പുറംതള്ളി ശരീരം ശുദ്ധിയാകാന്‍ ഉപകരിക്കുന്നു.

കര്‍പ്പൂര തുളസി ചായ

ശരീര പേശികള്‍ക്ക് അയവുലഭിക്കാന്‍ ഉപകരിക്കുന്ന ഒരു ഔഷധമാണ് കര്‍പ്പൂര തുളസി. ഇത് ഉപയോഗിച്ചുള്ള ചായ മാനസിക പിരിമുറുക്കം, ശരീരവേദന എന്നിവ കുറയ്ക്കുന്നു.

റോസാപ്പൂ ചായ

റോസാപ്പൂ മുഴുവനായോ ഇലകള്‍ ഉണക്കിയതോ ഉപയോഗിച്ച് ചായ കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം തരുന്നു. പെട്ടെന്ന് ഉറങ്ങാന്‍ സഹായിക്കുന്നു.

Similar Posts