മനസ്സ് അസ്വസ്ഥമാണോ? ശരീരം പറഞ്ഞു തരും ലക്ഷണങ്ങള്‍
|ഡിപ്രഷൻ ഉള്ളവർ വളരെ സെൻസിറ്റിവ് പ്രകൃതക്കാരായിരിക്കും. ഡിപ്രഷന്റെ പ്രധാനപ്പെട്ട ലക്ഷണമായി എണ്ണുന്നവയാണ് തുടർച്ചയായുള്ള അസ്വസ്ഥത പ്രകടിപ്പിക്കലും, പെട്ടെന്നുള്ള കോപവും.
ഡിപ്രഷനെ കുറിച്ച് വല്ലാത്ത തെറ്റിധാരണകളാണ് ഇന്നും പലരും വെച്ചു പുലർത്തുന്നത്. സ്ഥിരമായുള്ള ദുഖം, അതല്ലങ്കില്‍ പ്രതീക്ഷ ഇല്ലായ്മ എന്നിവയൊക്കെയാണ് ഡിപ്രഷൻ എന്നാണ് പൊതുവായ ധാരണ. എന്നാല്‍ ഈ അജ്ഞത, ഡിപ്രഷന്റെ സമയബന്ധിതമായ നിർണയത്തിനും പ്രശ്ന പരിഹാരത്തിനും തടസ്സമാകാറുണ്ട്. യഥാർഥത്തിൽ ഡിപ്രഷൻ എന്നാൽ വെറും മനസ്സിനെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഡിപ്രഷൻ മാനസികാരോഗ്യത്തിനു പുറമെ ശാരീരീകമായും ദോഷം ചെയ്യും. പരിഹാരം വെെകിയാൽ അത് കൂടുൽ സങ്കീര്‍ണ്ണമാവുകയും ചെയ്യും. ഡിപ്രഷന്റെ എങ്ങനെ ശാരീരീക ലക്ഷണങ്ങള്‍ നോക്കി കണ്ടെത്താം എന്നു നോക്കാം.
ദന്ത ക്ഷയം, മുടി കൊഴിച്ചിൽ
ഡിപ്രഷൻ ജീവിത ശെെലികളിൽ മാറ്റം വരുത്തും. പ്രാഥമികമായ ജീവിതചര്യകളിൽ പോലും താളം തെറ്റലുണ്ടാകുന്നു. പല്ല് തേപ്പ്, മുടി സംരക്ഷണം എന്നിവയിലൊക്കെ വിമുഖത കണിക്കുന്നുവെങ്കിൽ ശ്രദ്ധിക്കുക, അത് ഡിപ്രഷന്റെ ഭാഗമാകാം.
ഇതുമായി ബന്ധപ്പെട്ട് 2014ൽ നടന്ന സർവേ പ്രകാരം ഡിപ്രഷന് അടിപ്പെട്ട 61 ശതമാനം പേരും ദന്തരോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. കൂടുതലായി സ്ട്രെസ് ഉള്ളവരിൽ ഇതിന്റെ അളവും വളരെ കൂടുതലായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
പേശി വേദന
പലരും ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ ഡിപ്രഷന്റേതായ സൂചനയുള്ളതുമായ ഒന്നാണ് പേശികളിൽ തുടർച്ചയായി അനുഭവപ്പെടുന്ന വേദന. ഡിപ്രഷന്റെ സാന്നദ്ധ്യത്തിൽ പേശി വേദനയുടെ കാര്യം വേണ്ടപോലെ ശ്രദ്ധിക്കാതെ അത് ഒടുവിൽ കൂടുതൽ വഷളാകാൻ കാരണമാകുന്നു.
അതുപോലെ തന്നെ, ഡിപ്രഷനുള്ളവരിൽ പുറം വേദനയും, തൊണ്ട വേദനയും ഉണ്ടാവാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ നാലു മടങ്ങായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു
അസ്വാഭാവികമായ ക്ഷീണം
കടുത്ത കായികാദ്ധ്വാനം സ്വാഭാവികമായും ഏവരിലും ക്ഷീണത്തിനു കാരണമാക്കും. എന്നാൽ അദ്ധ്വാനമൊന്നും കൂടാതെ തന്നെ ശരീരം ക്ഷീണിക്കുന്നത് ഡിപ്രഷൻ-ആൻക്സെെറ്റി മൂലമാകാം. മാനസിക സംഘർഷത്താല്‍ ഒരേ കാര്യത്തെ പറ്റി തന്നെ അനാവശ്യമായി ഒരാൾ തുടര്‍ച്ചയായി ചിന്തിച്ച് ടെൻഷനടിച്ചു കൂട്ടുന്നത്, ഒരാൾ സ്വാഭാവികമായി 40 മിനിറ്റ് കായികാദ്ധ്വാനം ചെയത് ക്ഷീണിക്കുന്നതിനേക്കാൾ തളർച്ചയുളവാക്കുന്നതാണ്.
ബ്രെയിൻ ഫോഗ്
ഡിപ്രഷന്റെ ഒരു പ്രധാന ലക്ഷണമായി പറയപ്പെടുന്നതാണ് ബ്രെയിൻ ഫോഗ്. അസ്വാഭാവികമായ മറവി, സംസാരിക്കുന്നതിൽ ബദ്ധപ്പാട് എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണം. തീവ്രതയ്ക്കനുസരിച്ച്, കാഴ്ച്ചാ-കേൾവി പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം
ശരീരം വിറയൽ
ശരീരം നിയന്ത്രണാതീതമായി വിറയ്ക്കുന്നത് ആൻക്സെെറ്റി-ഡിപ്രഷന്റെ ലക്ഷണമാണ്. വിറയലിനെ കുറിച്ചുള്ള സ്വയംബോധം കൂടുതൽ മാനസിക സംഘർഷങ്ങൾക്ക് കാരണമായേക്കാം. ഹൃദ്രോഗികളിൽ ഇത്തരം ശരീര വിറയൽ കാണാറുണ്ടെങ്കിലും, ഡിപ്രഷനുള്ളവരിൽ ഹൃദയാരോഗ്യം ഉള്ള നിലയിലും ഈ പ്രവണത ഉണ്ടാകും.
മദ്യാസക്തി
ഡിപ്രഷൻ ബാധിച്ചവർ ഏറ്റവും എളുപ്പത്തിൽ മദ്യത്തിനടിമപ്പെടുന്നു. ജീവിതത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമെന്ന തെറ്റായ ചിന്തക്ക് പുറത്താണ് ഇത് അധികവും സംഭവിക്കുന്നത്. ഇതിന്റെ ഫലമായി, ഡിപ്രഷനുള്ളവരിൽ 1/3 പേർക്കും ആൽക്കോഹോളിക്ക് പ്രശ്നങ്ങളും കണ്ടു വരാറുണ്ട്.
വിമുഖത, ഒറ്റപ്പെടൽ
ഡിപ്രഷൻ ആളുകളെ കൂടുതലായി സ്വലോകത്തേക്ക് മാത്രമായി ചുരുക്കി കളയുന്നു. ജീവിത യാഥാർഥ്യങ്ങൾക്ക് മുഖം കൊടുക്കാൻ ഈ സാഹചര്യത്തിൽ അസാധ്യമാകുന്നു. പുറംലോകവുമായി ബന്ധപ്പെടുന്നതിനും വിമുഖത കാണിക്കുന്നു.
ഇത്തരക്കാരുടെ ജീവിതത്തിൽ ഓൺലെെൻ ലോകത്തിന് വളരെ പ്രാധാന്യമായിരിക്കും ഉണ്ടാവുക. സാമൂഹ്യ മാധ്യമങ്ങളിലും ഓൺലെെൻ ഷോപ്പിങ് സെെറ്റുകളിലും കൂടുതൽ സമയം ചിലവഴക്കുന്നതിന് ഇത് കാരണമാകുന്നു. ഇന്റർനെറ്റ് അഡിക്ഷനും ഡിപ്രഷനും വത്യസ്തമാണങ്കിലും രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്.
അസ്വസ്ഥത, കോപം
ഡിപ്രഷൻ ഉള്ളവർ വളരെ സെൻസിറ്റിവ് പ്രകൃതക്കാരായിരിക്കും. ഡിപ്രഷന്റെ പ്രധാനപ്പെട്ടൊരു ലക്ഷണമായി എണ്ണുന്നതാണ് തുടർച്ചയായുള്ള അസ്വസ്ഥത പ്രകടിപ്പിക്കലും, പെട്ടെന്നുള്ള കോപവും. നിസ്സാര കാര്യത്തിനു പോലും കോപിക്കുന്നതും, തളര്‍ന്നു പോകുന്നതും സ്വഭാവത്തിന്റെ ഭാഗമായി മാറിയെങ്കില്‍ സംശയമേതുമില്ലാതെ ഉറപ്പിക്കാം അത് ഡിപ്രഷന്റെ ലക്ഷണമാണ്.