മൂക്കില്‍ വിരലിടുന്ന ശീലമുണ്ടോ? എങ്കില്‍ സൂക്ഷിക്കുക!
|മറ്റുള്ളവരില്‍ വെറുപ്പുളവാക്കുന്ന ഈ ശീലം ഗുരുതരമായ ബാക്ടീരിയ പടര്‍ത്തുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
സ്വന്തം മൂക്കില്‍ വിരലിടുന്നത് ഭൂരിഭാഗം പേരുടെയും ഒരു ദുശ്ശീലമാണ്. മറ്റുള്ളവരില്‍ വെറുപ്പുളവാക്കുന്ന ഈ ശീലം ഗുരുതരമായ ബാക്ടീരിയ പടര്‍ത്തുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ ബാക്ടീരിയ ന്യൂമോണിയയ്ക്ക് കാരണമാകുന്നുവെന്നാണ് മുന്നറിയിപ്പ്.
യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ കുട്ടികളുടെ കളിപ്പാട്ടങ്ങളും കൈകളും ഒരുപോലെ വൃത്തിയായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ബാക്ടീരിയ ഇത് എളുപ്പം ബാധിക്കാവുന്ന പ്രായമായ ആളുകളിലേക്ക് പകരാതിരിക്കാനും ശ്രദ്ധിക്കണം.
ന്യൂമോണിയ ലോകത്ത് ഒരു പ്രധാന മരണകാരണമാണെന്ന് ലിവര്‍പൂള്‍ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷക ഡോ. വിക്ടോറിയ കോണര്‍ പറഞ്ഞു. അഞ്ച് വയസില്‍ താഴെയുള്ള 1.3 മില്ല്യണ്‍ കുട്ടികളുടെ മരണത്തിന് ഇത് കാരണമാകുന്നു. പ്രതിരോധ ശേഷി കുറഞ്ഞ പ്രായമായവരിലും ഈ ഇന്‍ഫെക്ഷന്‍ എളുപ്പത്തില്‍ കടന്നുകയറും. മൂക്കില്‍ വിരലിടുന്നത് മുതല്‍ കയ്യിന്റെ പിന്‍ഭാഗം കൊണ്ട് തുടയ്ക്കുന്നത് പോലും ബാക്ടീരിയ പടരാന്‍ ഇടയാക്കുമെന്നാണ് കണ്ടെത്തല്‍.