Health
എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
Health

എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Web Desk
|
15 Oct 2018 3:52 PM GMT

ഒരിക്കൽ ഉപയോഗിച്ച കുക്കിങ് ഓയിൽ തുറന്നു വെക്കുന്നത് ബാക്ടീരിയയുടെ വ്യാപനത്തിനും അതുവഴി ഭക്ഷ്യ വിഷബാധക്കും കാരണമായേക്കാം.

പാചകത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് എണ്ണ. മലയാളികളുടെ ഒട്ടുമിക്ക വിഭവങ്ങളും എണ്ണയിൽ തയ്യാറാക്കുന്നതാണ്. ഒരിക്കൽ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്ന പതിവാണ് നമുക്കുള്ളത്. രുചിയുടെ കാര്യത്തിൽ മോശക്കാരനല്ലെങ്കിലും എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പക്ഷേ ആരോഗ്യത്തിന് അത്ര നല്ലതല്ല.

എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത് ശരീരത്തിന് മൊത്തതിൽ ദോഷകരമായ കാര്യമാണ്. ഇതിനും പുറമെ, ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നത് ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകാന്‍ കാരണമാകും. ഇത് ശരീരത്തിലെ നല്ല കോശങ്ങളുമായി ചേര്‍ന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് കൊളസ്ട്രോള്‍ കൂട്ടുകയും കോശങ്ങളുടെ നശീകരണത്തിന് കാരണമാവുകയും ചെയ്യും. കാന്‍സര്‍ സാധ്യത വര്‍ധിക്കാനും ഇത് കാരണമായേക്കാം.

എണ്ണയുടെ വീണ്ടും വീണ്ടുമുള്ള ഉപയോഗം അസിഡിറ്റി, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കും കാരണമായേക്കാം. ഡീപ്പ് ഫ്രൈ ചെയ്യാന്‍ ഉപയോഗിച്ച എണ്ണ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നതു തന്നെയാണ് നല്ലത്. എന്നാല്‍ ചിലപ്പോഴെങ്കിലും ഇത് എണ്ണയുടെ ഉപയോഗം, പാകം ചെയ്ത ആഹാരം എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്.

ഒരിക്കൽ ഉപയോഗിച്ച കുക്കിങ് ഓയിൽ തുറന്നു വെക്കുന്നത് ‘ക്ലോസ്ട്രിഡിയം ബോട്ടുലിനം’ എന്ന അവായു ബാക്ടീരിയയുടെ വ്യാപനത്തിനും അതുവഴി ഭക്ഷ്യ വിഷബാധക്കും കാരണമായേക്കാം. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ ഇനി ഉപയോഗിക്കണമെങ്കില്‍ ആദ്യം എണ്ണ നന്നായി തണുപ്പിക്കേണ്ടതുണ്ട്. മുമ്പ് ഉണ്ടാക്കിയ ഭക്ഷണത്തിന്റെ അവശിഷ്ടം കലരാതിരിക്കാൻ വളരെ നേർത്ത പേപ്പർ ടവ്വലോ, കോഫി ഫിൽട്ടറോ ഉപയോഗിച്ച് അരിച്ചെടുക്കുകയും വേണം. ഇത് എണ്ണയിൽ ബാക്ടീരിയ പെരുകുന്നത് തടയാൻ സഹായകമാവും. ശേഷം അത് വായു കടക്കാത്ത ഒരു കുപ്പിയില്‍ ഒഴിച്ച് വെക്കേണ്ടതുണ്ട്. ഉപയോഗിച്ച എണ്ണയുടെ കൂടെ ഒരിക്കലും പുതിയ എണ്ണ കൂട്ടി കലർത്തരുത്.

ഉപയോഗിച്ച എണ്ണയ്ക്ക് നേരിയ വാസനാ വത്യാസം അനുഭവപ്പെട്ടാലും അത് എടുക്കാതിരിക്കലാണ് നല്ലത്. ഉപയോഗിക്കുന്നതിനു മുൻപ് എണ്ണയുടെ നിറം മാറിയിട്ടുണ്ടോ എന്നുള്ളതും ശ്രദ്ധിക്കണം. കറുപ്പു ചേര്‍ന്ന നിറമാകുകയോ ചൂടാക്കുമ്പോള്‍ പുക വരികയോ ചെയ്‌താല്‍ അത് ഉപയോഗിക്കരുത്. സണ്‍ഫ്ലവര്‍ ഓയില്‍, റൈസ്ബ്രാന്‍ ഓയില്‍, എള്ള് എണ്ണ എന്നിവ ഡീപ്പ് ഫ്രൈ ചെയ്യാന്‍ നല്ലതാണ്. എന്നാല്‍ ഒലിവ് എണ്ണ ഒരിക്കലും ഫ്രൈ ചെയ്യാന്‍ നല്ലതല്ല.

Similar Posts