പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ജ്യൂസുകള്‍; ഇതാ എട്ട് കിടിലന്‍ റെസിപ്പികള്‍
|സാധാരണ കാണുന്ന പ്രവണത ജ്യൂസില്‍ പാല്, പഞ്ചസാര, എൈസ് എന്നിവ ചേര്‍ത്ത് കഴിക്കുന്ന രീതിയാണ്. എന്നാല്‍ ശരീരത്തിനേറ്റവും ഉത്തമമായത് പഴച്ചാറുകള്‍ മാത്രം എടുത്ത് കഴിക്കുന്നതാണ്.
മനുഷ്യ ശരീരത്തില്‍ പ്രതിരോധ ശക്തിക്ക് മുഖ്യ പങ്കാണുള്ളത്. വൈറ്റമിന്‍ ,ധാതുലവണങ്ങള്‍ എന്നിവയിലുണ്ടാകുന്ന വ്യതിയാനമാണ് ഒരാളിലെ പ്രതിരോധ ശേഷിയെ സഹായിക്കുന്ന ഘടകങ്ങള്‍.
പനി, ജലദോഷം എന്നിവയുള്ളപ്പോള് താഴെ പറയുന്ന ജ്യൂസുകള്‍ അവലംബിക്കുകയാണെങ്കില്‍ ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്ന രോഗാണുക്കളെ നശിപ്പിച്ച്, പ്രതിരോധ ശേഷി വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.
എട്ട് തരം ജ്യൂസുകള്‍ ഏതൊക്കെയാണെന്നു നോക്കാം.
ആപ്പിള്‍, ക്യാരറ്റ്, ഓറഞ്ച്
ആപ്പിള്‍, ക്യാരറ്റ്, ഓറഞ്ച് എന്നിവ ചേര്‍ത്തുണ്ടാക്കിയ ജ്യൂസ് വൈറ്റമിന്‍ എ, ബി-6, സി, പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവയുടെ കലവറയാണ്. അതിരാവിലെ ഇവ മൂന്നില്‍ നിന്നും എൈസോ പഞ്ചസാരയോ വെള്ളമോ ഒഴിക്കാതെ പിഴിഞ്ഞെടുത്ത് കിട്ടുന്ന നീര് ഒരു ഗ്ലാസ് കുടിക്കുക. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, ചര്‍മത്തിനും വളരെ നല്ലതാണ്.
ഓറഞ്ച് ,മധുരനാരങ്ങ
വൈറ്റമിന്‍ എ, ബി-6, സി, സിങ്ക് ,ഫോളിക് ആസിഡ് എന്നിവയുടെ കലവറയാണ് ഈ പഴങ്ങള്‍. വൈറ്റമിന്‍ സിയിലടങ്ങിയ ആന്റിഓക്സിഡന്റ് ശരീരകോശങ്ങള്‍ക്ക് പരിക്ക് പറ്റാതെയിരിക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി യുടെ അഭാവം മുറിവുണങ്ങാന്‍ കാലതാമസമുണ്ടാക്കുന്നു.
തക്കാളി
വൈറ്റമിന്‍ എ, സി, അയണ്‍ എന്നിവയാല്‍ സമ്പന്നമാണ് തക്കാളി. തക്കാളിയിലടങ്ങിയിരിക്കുന്ന ഫോളേറ്റ് അണുബാധയുണ്ടാകാനുള്ള സാധ്യത കുറക്കുന്നു. ജാറിലോ ,ബ്ലെന്ററിലോ നീരെടുക്കുന്നതിന് പകരമായി തക്കാളി കഷ്ണങ്ങളാക്കി അതില്‍ നിന്നൂര്‍ന്നു വരുന്ന നീര് എടുത്തുപയോഗിക്കുന്നതാവും നല്ലത്.
ക്യാബെജ്, തക്കാളി, സീലെറി
ക്യാബെജിന്റെ രൂക്ഷഗന്ധം ഇഷ്ടപ്പെടാത്തവരാണ് അധികപേരും, പക്ഷെ ഇതിന്റെകൂടെ തക്കാളി നീര്, സീലെറി എന്നിവ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ അണുബാധയില്‍ നിന്ന് രക്ഷനേടാനാകും. വൈറ്റമിന്‍ എ, സി, അയണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫാറ്റി ആസിഡുകളുടെ വന്‍ നിക്ഷേപമാണ് ഇവയിലുള്ളത്.
ബീറ്റ് റൂട്ട്, ക്യാരറ്റ്, ഇഞ്ചി, മഞ്ഞള്‍
ഭൂമിക്കടിയില്‍ ഉണ്ടാവുന്ന പച്ചക്കറികളാണിവ. വൈറ്റമിന്‍ എ, സി, ഇ അയണ്‍, കാത്സ്യം എന്നിവയാല്‍ സമ്പന്നമാണിവ. ഇതില്‍ നിന്നും കിട്ടുന്ന നീര് പനി, ജലദോഷം, മൂക്കൊലിപ്പ്, ശരീരവേദന എന്നിവക്ക് നല്ലൊരു ഔഷധമാണ്. വാതസംബന്ധമായ വേദനകള്‍ക്കും ഈ ജ്യൂസ് നല്ലതാണ്.
സ്ട്രോബെറി, മാമ്പഴം
തണുപ്പിച്ച സ്ട്രോബറി, മാമ്പഴം എന്നിവ കൊഴുത്ത പരുവത്തിലാക്കി വെള്ളമോ, പാലോ, പഞ്ചസാരയോ ചേര്‍ക്കാതെ കഴിക്കുന്നത് നല്ലൊരു ഭക്ഷണമാണ്. വൈറ്റമിന്‍ എ, സി, ഇ അയണ്‍, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമാണ് ഈ പഴങ്ങള്‍.
തണ്ണിമത്തന്
പ്രതിരോധശേഷിയെ സഹായിക്കുക മാത്രമല്ല, പേശികള്‍ക്കുണ്ടാവുന്ന വലിവ് മാറുന്നതിനും തണ്ണിമത്തനും പൊതിനയിലയും ഇട്ട ജ്യൂസ് നല്ലതാണ്. കൂടാതെ പനി കുറയ്ക്കാനും സഹായിക്കുന്നു. തണ്ണിമത്തനില്‍ അടങ്ങിയ കൂടിയ അളവിലുള്ള ജലാംശം ശരീരത്തിന് ഉന്മേഷം നല്കുന്നു. വൈറ്റമിന്‍ എ, സി, മഗ്നീഷ്യം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
സ്ട്രോബെറി, കിവി, പൊതിനയില
സ്ട്രോബെറി, കിവി ,പൊതിനയില, യോഗട്ട് എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം വൈറ്റമിന്‍-സി യുടെ കലവറയാണ്. യോഗട്ടില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ബി-6, മഗ്നീഷ്യം, സിങ്ക്, ഫോളേറ്റ് എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.