ഗള്‍ഫിലെ ഇന്ത്യന്‍ യുവാക്കളിൽ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതായി പഠനം
|പാക്, ബംഗ്ലാദേശി യുവാക്കള്‍ക്കും രോഗസാധ്യത
ഗള്‍ഫിലെ ഇന്ത്യന്‍ യുവാക്കളിൽ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതായി പഠനം. ആസ്റ്റർ ആശുപത്രികളിൽ ചികിൽസക്കെത്തിയ രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. പഠനത്തിന് വിധേയരാക്കിയവരില്‍ 40 ശതമാനം പേര്‍ക്കും 55 വയസിന് മുമ്പേ ഹൃദയഘാതമുണ്ടായി എന്നാണ് കണ്ടെത്തല്‍.
കൊറോണറി ആർട്ടറി ഡിസീസ് പശ്ചാത്തലമുള്ള 142 രോഗികളെ നീരീക്ഷിച്ചായിരുന്നു പഠനം. മൂന്നു മാസത്തിനിടെ ആസ്റ്റർ ആശുപത്രിയിലെ കാത്ത്ലാബിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവർ. യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ യുവാക്കളില്‍ മറ്റു പല രാജ്യങ്ങളിൽ നിന്നുള്ളവരെക്കാൾ ഹൃദ്രോഗ സാധ്യത കൂടിയവരാണ്. ഇന്ത്യക്ക് പുറമെ പാക്കിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ളയാളുകളിലും ചെറിയ പ്രായത്തിലും ഹൃദ്രോഗബാധ കൂടുതലായി കാണപ്പെടുന്നു. പാശ്ചാത്യരുമായി താരതമ്യം ചെയ്താല്‍ പത്ത് വര്‍ഷം മുമ്പേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളവരെ ഹൃദ്രോഗം പിടികൂടുന്നു എന്നാണ് കണക്ക്.
ആസ്റ്റർ ഹോസ്പിറ്റൽസ് സി.ഇ.ഒ. ഡോ. ഷെർബാസ് ബിച്ചു, സ്പെഷ്യലിസ്റ്റ് കാർഡിയോളജിസ്റ്റ് ഡോ. സച്ചിന് ഉപാധ്യായ, സ്പെഷ്യലിസ്റ്റ് ഇൻര്‍വെന്‍ഷനൽ കാർഡിയോളജിസ്റ്റ് ഡോ. നവീദ് അഹമ്മദ് എന്നിവർ തങ്ങളുടെ നിരീക്ഷണങ്ങൾ പത്രസമ്മേളനത്തിലാണ് പഠനം അവതരിപ്പിച്ചത്. യുവാക്കള്‍ ഹൃദ്രോഗ ലക്ഷണങ്ങളെ അവഗണിക്കരുത്. രോഗികളിലെ 43 ശതമാനം പേർക്കും രോഗകാരണമായിരിക്കുന്നത് രക്തസമ്മർദ്ദമാണ്. 39 ശതമാനം പേർക്ക് പ്രമേഹമാണ്. 20 ശതമാനം പേരിൽ പുകവലി വില്ലനാണ്. മുമ്പ് പുകവലിച്ചിരുന്ന മൂന്ന് ശതമാനം പേർക്കും രോഗം ബാധിച്ചുവെന്ന് പഠനം വ്യക്തമാക്കുന്നു.