ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ; നിങ്ങളുടെ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കും
|കുട്ടികളുടെ ആരോഗ്യത്തിന് 10 നല്ല ശീലങ്ങള്‍ ഇതാ...
ചിട്ടയോടെയുള്ള ജീവിതശൈലിയും ഭക്ഷണശൈലിയും ശീലമാക്കി, ബേക്കറി, ഹോട്ടൽ ഭക്ഷണങ്ങളുടെ നിയന്ത്രിച്ച്, പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും നേട്ടങ്ങൾ ബോധ്യപ്പെടുത്തി നന്മയുള്ള യുവത്വമായി വേണം നമ്മുടെ മക്കള്‍ വളര്‍ന്നുവരാന്‍. ഈ ജീവിതത്തിലും ഭക്ഷണത്തിലും കുട്ടികളെ എങ്ങനെ ചിട്ട പഠിപ്പിച്ചെടുക്കും എന്നാണോ, ഇതാ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ..
ശുചിത്വം
കുട്ടികളുടെ ആരോഗ്യത്തിൽ വ്യക്തിശുചിത്വം അനിവാര്യമായ പങ്ക് വഹിക്കുന്നു. കുട്ടികളിൽ അടിക്കടിയുണ്ടാകുന്ന അണുബാധകൾക്ക് ശുചിത്വമില്ലായ്മ ഒരു പ്രധാനകാരണമാണ്.
- രാത്രിയിലും പകലും ബ്രഷ് ചെയ്യുക
- ടോയ്ലറ്റില് പോയി വന്നാല്‍ സോപ്പുപയോഗിച്ച് കൈകാലുകള്‍ വൃത്തിയായി കഴുകുക
- സ്കൂളിൽ നിന്നോ പുറത്തുപോയി വന്നാലോ കൈയും കാലും മുഖവും വൃത്തിയായി കഴുകുക
- ഭക്ഷണത്തിന് മുമ്പും പിമ്പും നന്നായി കൈ കഴുകുക
പ്രഭാതഭക്ഷണം മുടക്കാതിരിക്കുക
കുട്ടികളുടെ മസ്തിഷ്കാരോഗ്യത്തിന്റെ പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ് പ്രാതൽ. സ്കൂൾ, ട്യൂഷന് തുടങ്ങിയ പല കാരണങ്ങളാലും കുട്ടികൾ പലപ്പോഴും ഒഴിവാക്കുന്ന ഭക്ഷണമാണ് പ്രാതൽ. സ്കൂൾ, ട്യൂഷന് സമയക്രമമനുസരിച്ച് കുട്ടികൾക്ക് പ്രാതൽ ക്രമീകരിച്ച് നൽകാം.
രാവിലെ നേരത്തെ ട്യൂഷന് പോകുന്ന കുട്ടികൾക്ക് പോകും മുമ്പ് ഒരു കപ്പ് പാലും, ഒരു മുട്ടയും ചെറിയ ഒരു ഏത്തപ്പഴവും നൽകാം. പ്രാതൽ അവർക്ക് ടിഫിനായി നൽകാം. അവർക്ക് എളുപ്പത്തിൽ കഴിക്കാന്‍ സാധിക്കുന്ന വിധം റോൾ ചപ്പാത്തി, ബ്രഡ്ഡ്, സാന്റ്വിച്ച് തുടങ്ങിയവ നല്‍കാം.
ഇടനേരത്ത് ലഘുഭക്ഷണം നല്‍കുക
രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുമ്പോള്‍ തന്നെ അതുപയോഗിച്ച് കുട്ടികള്‍ക്ക് ഇഷ്ടമുള്ള ലഘുഭക്ഷണം കൂടി തയ്യാറാക്കാന്‍ ശ്രദ്ധിക്കുക. രാവിലെ ചെറുപയര്‍ കറിയാണെങ്കില്‍ അതില്‍ നിന്ന് അല്പമെടുത്ത് സുഖിയന്‍ ഉണ്ടാക്കിവെയ്ക്കാം. ചപ്പാത്തിയാണെങ്കിൽ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് മധുരമോ ഉപ്പോ ചേര്‍ത്ത് പൊരിച്ച് എടുക്കാം. കപ്പ, മധുരക്കിഴങ്ങ് എന്നിവ പുഴുങ്ങി നൽകാം. കൊഴുക്കട്ട, ഏത്തയ്ക്കാപ്പം, അവൽ നനച്ചത് എന്നിവയും നൽകാം.
അവൽ നനച്ച് ലഡുരൂപത്തിലാക്കി നൽകുന്നത് കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. അവൽ, ശർക്കര, എള്ള്, തേങ്ങ,നെയ്യ് എന്നിവ ചെറിയ ചൂട് വെള്ളം ചേർത്ത് നനച്ച് വെയ്ക്കുക. കൈയിൽ നെയ്യ് തടവി ഉരുട്ടിയെടുക്കാം.
അതുപോലെ പുഴുങ്ങിയ ചെറുപയർ ശർക്കര പാനിയിൽ ഇളക്കി ഏലയ്ക്കാ പൊടിച്ചതും, രണ്ട് സ്പൂൺ തേങ്ങയും ചേർത്തിളക്കി ചെറിയ ചൂടോടെ കൈയിൽ നെയ്യ് പുരട്ടി ഉരുട്ടിയും കുട്ടികള്‍ക്ക് നല്‍കാം.
എത്തപ്പഴം നീളത്തിലോ വട്ടത്തിലോ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, ഫ്രൈപാന്‍ ചൂടാക്കി ഓരോന്നായി ഇതിൽ വെച്ച് ഇരുവശവും മൊരിച്ചെടുക്കാം.
ഇങ്ങനെ സ്വാദിഷ്ടമായതും എളുപ്പത്തിൽ പാചകം ചെയ്യാന്‍ സാധിക്കുന്നതും ഗുണകരവുമായ ലഘുഭക്ഷണങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കി നൽകാന് ശ്രദ്ധിക്കുക.
ക്രമമായി ഉച്ചഭക്ഷണം
പച്ചക്കറികളും, പയറുവർഗങ്ങളും മത്സ്യവും മാംസവും അടങ്ങിയ ഒരു മിക്സഡ് കറിക്കൂട്ടാകണം കുട്ടികളുടെ ലഞ്ച് ബോക്സിലുണ്ടാവേണ്ടത്. നിറങ്ങളോട് കുട്ടികള്‍ക്കുള്ള കൌതുകത്തെ അവരുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഉപയോഗപ്പെടുത്തുക. ലഞ്ച്ബോക്സ് വർണ്ണാഭമാക്കിയാല് അതിനുള്ളിലുള്ള ആരോഗ്യകരമായ ഉച്ചഭക്ഷണവും അവരെ ആകർഷിക്കും.
ബീറ്റ്റൂട്ട്, കാരറ്റ്, വെണ്ടയ്ക്ക, ബീന്‍സ്, തക്കാളി തുടങ്ങിയ വിവിധ നിറങ്ങൾ ഉള്ള പച്ചക്കറികൾ കൊണ്ട് അവരുടെ ലഞ്ച്ബോക്സ് നിറയ്ക്കാം. കൂടാതെ മുതിര, ചെറുപയർ, വന്‍പയർ എന്നിവയുടെ കോംപിനേഷന്‍ കറികളും പരീക്ഷിക്കാം. സോയാചംഗ്സ്, പനീർ, മീന്‍, ഇറച്ചി തുടങ്ങിയവയും ഉൾപ്പെടുത്താം.
വൈകീട്ടും ലഘുഭക്ഷണം
സ്കൂൾ വിട്ട് വീട്ടിലെമ്പോള് കുട്ടികൾക്ക് ആരോഗ്യകരമായ ഷെയ്ക്കുകളോ, ജ്യൂസ്സുകളോ നൽകാം. രാവിലെ ഇടഭക്ഷണമായി തയ്യാറാക്കുന്ന സ്നാക്സുകളും വൈകീട്ട് നല്‍കാം. മധുരമുള്ള പലഹാരങ്ങളും എരിവ് ഉള്ള പലഹാരങ്ങളും മാറിമാറി ഉണ്ടാക്കുന്നത് നന്നാവും. ഇടയ്ക്ക് ചിലദിവസങ്ങളില്‍ പഴങ്ങളും നല്‍കാം.
അത്താഴം ലഘുവായി, നേരത്തെതന്നെ
അത്താഴം 8 മണിക്ക് മുമ്പേ നൽകുക. അത്താഴം അമിതമാവാതെയും ശ്രദ്ധിക്കുക. അധികമായ കൊഴുപ്പും മധുരവും അത്താഴത്തില്‍ നിന്ന് ഒഴിവാക്കുക.
ഇടയത്താഴമായി പാലോ പഴങ്ങളോ
ഇടയത്താഴമായി ചെറിയ ചൂട് പാലിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു നൽകുന്നത് കുട്ടികളിൽ അലർജി കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. പാൽ ഇഷ്ടമല്ലാത്തവർക്ക് പഴവർഗ്ഗങ്ങൾ നൽകാം. മുത്താറി നേര്‍പ്പിച്ച് ദ്രവരൂപത്തിലാക്കി നല്‍കുന്നതും കുട്ടികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും
വ്യായാമം നിർബന്ധമാക്കുക
കമ്പ്യൂട്ടർ, മൊബൈൽ, ടി.വി എന്നിവയിൽ നിന്നും മാറ്റി പുറത്തേക്കിറങ്ങി കളിക്കാന്‍ അവരെ നിർബന്ധിക്കുക. സുഹൃത് ബന്ധങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായകമാകും. പുറത്തിറങ്ങി കളിക്കാന്‍ വൈകീട്ട് സമയം കണ്ടെത്തുമ്പോള്‍ പുലര്‍കാല വേളകളില്‍ ലഘുവ്യായാമമുറകളും ശീലിപ്പിക്കുക
ധാരാളം വെള്ളം കുടിപ്പിക്കുക
കുട്ടികൾ ഏറ്റവും മടിക്കുന്നത് വെള്ളം കുടിക്കാനാണ്. അതുകൊണ്ട് തന്നെ മിക്ക കുട്ടികൾക്കും മൂത്രാശയ രോഗങ്ങൾ, വയറുവേദന എന്നിവ കാണപ്പെടാറുണ്ട്. തിളപ്പിച്ച് തണുപ്പിച്ച വെള്ളം, നാരങ്ങാവെള്ളം, മോരുവെള്ളം, കരിക്കിന് വെള്ളം, ബാർലി വെള്ളം, കഞ്ഞിവെള്ളം, ശുദ്ധമായ പഴച്ചാറുകൾ എന്നിവ കുട്ടികൾക്ക് നൽകാം. പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക.
ഉറക്കം 8 മണിക്കൂർ
ഏകദേശം 8 മണിക്കൂറെങ്കിലും രാത്രിയിലെ ഉറക്കം കുട്ടികളുടെ മസ്തിഷ്കത്തിന്റെ വിശ്രമത്തിന് അനിവാര്യമാണ്. രാവിലെ നേരത്തെ പോകേണ്ട കുട്ടിയാണെങ്കില്‍ അതിന് അനുസരിച്ച് നേരത്തെ എഴുന്നേല്‍ക്കാനും, 8 മണിക്കൂര്‍ ഉറക്കം കിട്ടുന്ന തരത്തില്‍ നേരത്തെ ഉറങ്ങാനും ശീലിപ്പിക്കുക.