ഗര്‍ഭിണി പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് കുടിച്ചാല്‍ കുഞ്ഞ് വെളുക്കുമോ?
|ഗര്‍ഭിണിയാകുമ്പോഴേക്ക് കുങ്കുമപ്പൂവ് തേടി ആളുകള്‍ നെട്ടോട്ടമോടുന്ന കാഴ്ച പല കുടുംബങ്ങളിലും കാണാം
ഗര്‍ഭിണിയാകുമ്പോഴേക്ക് കുങ്കുമപ്പൂവ് തേടി ആളുകള്‍ നെട്ടോട്ടമോടുന്ന കാഴ്ച പല കുടുംബങ്ങളിലും കാണാം. ഗര്‍ഭിണിയുടെ ഉദരത്തിലുള്ള കുഞ്ഞ് പിറന്നുവീഴുന്നതേ വെളുത്ത നിറത്തോടെയാവണം എന്ന ചിന്തയാണ് കുങ്കുമപ്പൂവ് തേടിപോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. പക്ഷേ, ഗര്‍ഭകാലത്ത് കഴിക്കേണ്ട മരുന്നുകളില്‍ കുങ്കുമപ്പൂവ് ഒരു ഡോക്ടറും നിര്‍ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ഡോക്ടറോട് അഭിപ്രായം ചോദിക്കാന്‍ പോലും ആരും തയ്യാറാകുന്നു പോലുമില്ല.
ഒരു കുഞ്ഞിന്റെ തൊലിയുടെ നിറം നിശ്ചയിക്കുന്നത് മാതാപിതാക്കളിലൂടെ ലഭിക്കുന്ന ജീനുകളിലൂടെ മാത്രമാണ്. അച്ഛനുമമ്മയും വെളുത്തവരല്ലെങ്കിലും കുടുംബത്തില്‍ മുത്തശ്ശനോ മുത്തശ്ശിയോ ആരെങ്കിലും വെളുത്തിരുന്നാലോ കുഞ്ഞിന് ചിലപ്പോള്‍ വെളുത്തനിറം കിട്ടിയെന്നു വരാം. ചിലപ്പോള്‍ വെളുത്ത അച്ഛനുമമ്മയ്ക്കും നിറംകുറവുള്ള കുഞ്ഞുണ്ടായാല്‍ അതിന് കാരണക്കാര്‍ മുത്തശ്ശിയോ മുത്തശ്ശനോ അവരുടെ ജീനോ ആയിരിക്കുകയും ചെയ്യും.
കുങ്കുമപ്പൂവോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ഗര്‍ഭകാലത്ത് കഴിച്ചു എന്ന് കരുതി ജനറ്റിക് മ്യൂട്ടേഷന്‍ വഴി കുഞ്ഞിന് നിറമാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.