ഇന്ന് ലോക പക്ഷാഘാത ദിനം; പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍
|ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത സംഘടന (World Stroke Organisation : WSO ) രൂപം കൊണ്ടത് 2006 ഒക്ടോബർ 29 നാണ്.
ഇന്ന് ലോകപക്ഷാഘാത ദിനം. എല്ലാ വര്‍ഷവും ഒക്ടോബര്‍ 29നാണ് പക്ഷാഘാത ദിനമായി ആചരിക്കുന്നത്. ജനീവ ആസ്ഥാനമായുള്ള ലോക പക്ഷാഘാത സംഘടന (World Stroke Organisation : WSO ) രൂപം കൊണ്ടത് 2006 ഒക്ടോബർ 29 നാണ്. അതുകൊണ്ടാണ് ഈ ദിവസം പക്ഷാഘാത ദിനമായി ആചരിക്കുന്നത്. പക്ഷാഘാതം പ്രതിവർഷം 1.5 കോടി പേരേ ബാധിക്കുകയും, ആറ് സെക്കന്റിൽ ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നാണ് കണക്ക്. പക്ഷാഘാതത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക്, ശരിയായ പരിചരണത്തിലൂടെ ഒരു നല്ല ജീവിതം വീണ്ടെടുക്കാം.
ലക്ഷണങ്ങള്‍
ഒരു വ്യക്തി ചിരിക്കാൻ ശ്രമിച്ചാൽ മുഖം ഒരു വശത്തേക്കു കോടിപ്പോകുന്നതു പക്ഷാഘാതത്തിന്റെ ലക്ഷണമാണ്. രണ്ടു കൈകളും പൊക്കാൻ ശ്രമിച്ചാൽ ഒരു കൈ മാത്രം താഴേക്കു ഊർന്നു വീഴുകയാണെങ്കിൽ പക്ഷാഘാതത്തിന്റെ ലക്ഷണമാണ്.
ഒരു കാര്യം ആവർത്തിച്ചു പറയാൻ ആവശ്യപ്പെട്ടാൽ സംസാരം അസ്പഷ്ടമാവുകയും പരസ്പര ബന്ധമില്ലാത്തതു പോലെ സംസാരിക്കുകയും ചെയ്യുക പക്ഷാഘാതത്തിന്റെ ലക്ഷണമാണ്. ഈ മൂന്നു ലക്ഷണങ്ങളിലേതെങ്കിലും കണ്ടാൽ സമയം വൈകാതെ രോഗിയെ ആശുപത്രിയിലെത്തിക്കുക.
പക്ഷാഘാതം ഉണ്ടായാല്‍
പക്ഷാഘാതം തലച്ചോറിനു ക്ഷതമേൽപ്പിക്കുന്നതിനാൽ രോഗിക്കു പെട്ടെന്ന് സ്വയം രോഗം തിരിച്ചറിയാൻ സാധിക്കില്ല. ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ആശയക്കുഴപ്പത്തിലായ ആൾ എന്നു മാത്രമേ തോന്നൂ. അതിനാല്‍ ഓരോരുത്തരും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ മനസിലാക്കിയിരിക്കേണ്ടത് നല്ലതാണ്. തലച്ചോറിലേക്കുള്ള രക്തസംക്രമണത്തിൽ തടസം വരുമ്പോഴാണു പക്ഷാഘാതമുണ്ടാകുന്നത്. രക്തക്കുഴലുകൾ പൊട്ടുകയോ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ ഇതു സംഭവിക്കാം. തലച്ചോറിലേക്ക് ഓക്സിജനും മറ്റു പോഷകങ്ങളും എത്താതിരിക്കുകയും തലച്ചോറിലെ കോശങ്ങൾക്കു നാശം സംഭവിക്കുകയും ചെയ്യും.
ചികിൽസ എത്രയും നേരത്തെ ലഭിക്കുന്നോ അത്രയും വേഗം സുഖപ്പെടുത്താനുള്ള സാധ്യതയും വർധിക്കുന്നു. രോഗവിമുക്തിക്കുള്ള സാധ്യതയും കൂട്ടുന്നതൊടൊപ്പം പക്ഷാഘാതവുമായി ബന്ധപ്പെട്ട ദൂഷ്യഫലങ്ങൾ കുറയ്ക്കുകയും ചെയ്യും. പക്ഷാഘാതം സംഭവിച്ച രോഗിയെ ചികിൽസിച്ചു തുടങ്ങേണ്ടത് മൂന്നു മണിക്കൂറിനുള്ളിലാണ്. എന്നാൽ രോഗം നിർണയിച്ചു ചികിൽസ ലഭ്യമാക്കി തുടങ്ങണമെങ്കിൽ രോഗിയെ ഒരു മണിക്കൂറിനുള്ളിലെങ്കിലും ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്.