Health
നൂഡില്‍സ് കഴിക്കാറുണ്ടോ?; എങ്കില്‍ ഇത് വായിക്കാതെ പോകരുത്..
Health

നൂഡില്‍സ് കഴിക്കാറുണ്ടോ?; എങ്കില്‍ ഇത് വായിക്കാതെ പോകരുത്..

Web Desk
|
12 Nov 2018 7:32 AM GMT

ദീര്‍ഘകാലം ശരീരത്തില്‍ അമിതമായ ലെഡിന്റെ സാന്നിധ്യമുണ്ടായാല്‍ അത് ദഹന വ്യവസ്ഥ, നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കും. ഓര്‍മക്കുറവ്, ഉറക്കക്കുറവ്....

പലരുടെയും ഇഷ്ടവിഭവമാണ് നൂഡില്‍സ്. തിരക്കേറിയ ജീവിതശൈലിയില്‍ എളുപ്പത്തില്‍ ഉണ്ടാക്കാം എന്നതും നൂഡില്‍സിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. കുട്ടികള്‍ക്ക് നാലുമണിപ്പലഹാരമായും അല്ലാതെയുമെല്ലാം നൂഡില്‍സ് ഉണ്ടാക്കി നല്‍കുന്നു. എന്നാല്‍ നൂഡില്‍സ് പോലുള്ള ഭക്ഷ്യവസ്തുക്കളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് പലപ്പോഴും പലരും ബോധവാന്‍മാരല്ല. കൂടുതല്‍ അറിയാം നൂഡില്‍സിനെക്കുറിച്ച്..

നൂഡില്‍സില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാം ?

മള്‍ട്ടിഗ്രെയില്‍ ഫ്ലവര്‍ (മാവ്), ഭക്ഷ്യ എണ്ണ, വീറ്റ് ഗ്ലൂട്ടന്‍, ഗ്വാര്‍ ഗം (guar gum) എന്നിവയാണ് നൂഡില്‍സിലെ പ്രധാന ഘടകങ്ങള്‍. ഇതില്‍ ഭക്ഷ്യ എണ്ണ പലപ്പോഴും പാം ഓയില്‍ ആയിരിക്കും.

ടേസ്റ്റ് മേക്കര്‍: മസാല നൂഡില്‍സില്‍ പഞ്ചാര, മിക്സഡ് സ്പൈസസ്, നിലക്കടല, പ്രോട്ടീന്‍, നൂഡില്‍സ് പൌഡര്‍ (നൂഡില്‍സിലുള്ള എല്ലാ ഘടകങ്ങളും ഇതിലുമുണ്ട്), കുരുമുളക് പൊടി, കാരറ്റ്, ഉള്ളി പൌഡര്‍, ഉപ്പ്, വെളുത്തുള്ളി, പൊട്ടാസ്യം ക്ലോറൈഡ്, കളര്‍, അസിഡിഫൈയിംങ് ഏജന്റ്, ഫ്ലേവര്‍ എന്‍ഹാന്‍സര്‍, സോയാബീന്‍, കടുക്, ഭക്ഷ്യ എണ്ണ, വളരെ ചെറിയ വെജിറ്റബിള്‍ കഷ്ണങ്ങള്‍ എന്നിവയാണ് പ്രധാനമായും ചേര്‍ക്കുന്നത്. നേരിയ തോതില്‍ പാല്‍പൊടിയും ചേര്‍ക്കാറുണ്ട്.

ചിക്കന്‍ നൂഡില്‍സില്‍ മിക്സഡ് സ്പൈസസ്, പഞ്ചസാര, നൂഡില്‍സ് പൌഡര്‍, ഭക്ഷ്യയോഗ്യമായ സ്റ്റാര്‍ച്, ഉപ്പ്, നിലക്കടല, പ്രോട്ടീന്‍, നേരിയ ചിക്കന്‍ തുണ്ടുകള്‍, ചിക്കന്‍ ഫാറ്റ്, പൊട്ടാസ്യം ക്ലോറൈഡ്, ഭക്ഷ്യ എണ്ണ, എഗ് പൌഡര്‍, കളര്‍, അസിഡിഫൈയിംങ് ഏജന്റ്, ഫ്ലേവര്‍ എന്‍ഹാന്‍സര്‍ എന്നിവയും ചേര്‍ക്കുന്നു.

ശരീരത്തിന് എന്ത് ലഭിക്കും ?

100 ഗ്രാം നൃഡില്‍സില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ ഇവയാണ്: ഊര്‍ജം(424 കലോറി മുതല്‍ 462വരെ), പ്രോട്ടീന്‍(8 - 10.7 ഗ്രാം), കൊഴുപ്പ്(13.4- 19.6 ഗ്രാം), അന്നജം(61.9 - 67.7 ഗ്രാം). അതേസമയം, വിറ്റാമിനുകളോ ധാതുലവണങ്ങളോ വലിയ തോതില്‍ ലഭിക്കുകയില്ല.

അപകടങ്ങള്‍‌

നൂഡില്‍സിന് രുചി കൂട്ടാനായി ചേര്‍ക്കുന്ന ചില ഘടകങ്ങള്‍ അപകടം വിളിച്ചുവരുത്തുന്നവയാണ്. നൂഡില്‍സില്‍ വലിയ തോതില്‍ ലെഡും മോണോസോഡിയം ഗ്ലൂട്ടോമേറ്റും അടങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. നാവിലെ രുചിമുകുളങ്ങളെ ഉദ്ദീപിച്ച് രുചി കൂട്ടാം എന്ന ഒരൊറ്റ കാര്യം ഒഴിച്ചാല്‍ മോണോസോഡിയം ഗ്ലൂട്ടോമേറ്റിന് വേറെ പ്രത്യേക ഗുണങ്ങളൊന്നുമില്ല. അതേസമയം ഇവ പതിവായി അകത്തു ചെന്നാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാവുകയും ചെയ്യും.

ചൈനീസ് റെസ്റ്ററന്റ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന അവസ്ഥയില്‍ ഛര്‍ദ്ദി, നെഞ്ചിടിപ്പ് കൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചക്ക് തകരാര്‍ സംഭവിക്കുക തുടങ്ങി മാനസിക പ്രശ്നങ്ങള്‍ വരെ വരാം.

ആസ്ത്മ, മൈഗ്രൈന്‍ തുടങ്ങിയവയുള്ള രോഗികളില്‍ ഇതിന്റെ തീവ്രത കൂടാനും ഹൃദ്രോഗികളില്‍ ഹൃദയമിടിപ്പില്‍ പ്രയാസങ്ങളും ശ്വസോച്ഛാസത്തിന് ബുദ്ധിമുട്ടും അനുഭവപ്പെടാം.

ദീര്‍ഘകാലം ശരീരത്തില്‍ അമിതമായ ലെഡിന്റെ സാന്നിധ്യമുണ്ടായാല്‍ അത് ദഹന വ്യവസ്ഥ, നാഡീവ്യവസ്ഥ എന്നിവയെ ബാധിക്കും. ഓര്‍മക്കുറവ്, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, വിളര്‍ച്ച, തലവേദന, ഛര്‍ദ്ദി, മലബന്ധം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

വേണോ നൂഡില്‍സ് ?

കുട്ടികള്‍ക്ക് പതിവായി നൂഡില്‍സ് നല്‍കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കും. മറ്റു പോഷകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളും വന്നേക്കാം. നൂഡില്‍സില്‍ നാരുകളുടെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നുവെന്ന് കമ്പനികള്‍ അവകാശപ്പെടുമ്പോഴും താരതമ്യേന പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം അടങ്ങിയിരിക്കുന്ന നാരുകളേക്കാള്‍ കുറവാണ് ഇത്. ഉപ്പ് ധാരാളമായി ഉള്ളതിനായി ഭാവിയില്‍ രക്തസമ്മര്‍ദ്ദത്തിനും കാരണമായേക്കാം. നൂഡില്‍സ് മാത്രമല്ല, രുചി കൂടിയ പല ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്.

Related Tags :
Similar Posts