സ്തനാര്‍ബുദം സ്വയം തിരിച്ചറിയാം
|ആർത്തവത്തിന് പത്തു ദിവസങ്ങൾക്ക് ശേഷം കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിൽക്കുക.
സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ന് സ്തനാര്‍ബുദം. ഒന്ന് ശ്രദ്ധിച്ചാല്‍ സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനാകും. അതുമായി ബന്ധപ്പെട്ട സ്വയം പരിശോധനകളെക്കുറിച്ച് പറയുകയാണ് ഡോ.ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഇത്തരം പരിശോധനകളിലൂടെ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനാകും.
ഷിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിന്നു കൊണ്ട് സ്തനങ്ങൾ നിങ്ങൾ സ്വയം പരിശോധിക്കാറുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ വളരെ നല്ലത്. ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഇനി വൈകിക്കണ്ട.
ആർത്തവത്തിന് പത്തു ദിവസങ്ങൾക്ക് ശേഷം കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിൽക്കുക. പുറമെ കാഴ്ചയിൽ എന്തെങ്കിലും മാറ്റമുണ്ടോ സ്തനങ്ങൾക്ക് എന്ന് നോക്കുക. തൊലിയ്ക്ക് നിറ വ്യത്യാസമോ, മുല കണ്ണുകൾ ഉള്ളിലേയ്ക്ക് വലിഞ്ഞിരിക്കുകയോ, മുലക്കണ്ണുകളിൽ നിന്ന് എന്തെങ്കിലും ദ്രാവകം ഒലിക്കുന്നുണ്ടോ എന്നൊക്കെ നോക്കുക.
മുലക്കണ്ണുകൾ ഞെക്കി അവയിൽ നിന്നും എന്തെങ്കിലും ദ്രാവകം വരുന്നുണ്ടോ എന്നു നോക്കുക. ശേഷം ഇടത്തെ കൈ തലയുടെ പിറകിൽ വെക്കുക. വലത്തെ കൈകൊണ്ട് ഇടത്തെ സ്തനത്തിൽ തൊട്ടു നോക്കുക. ഉള്ളം കൈയുടെ പരന്ന ഭാഗം ഉപയോഗിക്കുക. ഇടത്തെ സ്തനത്തിലും, ഇടത്തെ കക്ഷത്തിലും പരിശോധിക്കുക.
തൊട്ടു നോക്കുമ്പോൾ എന്തെങ്കിലും തടിപ്പോ കട്ടിയോ തോന്നുന്നെങ്കിൽ അത് എവിടെയാണെന്ന് ശ്രദ്ധിക്കുക. അതിന് ശേഷം ഇടത്തെ മാറിൽ ചെയ്തത് പോലെ തന്നെ ഇടത്തെ കൈ കൊണ്ട് വലത്തെ മാറിലും കക്ഷത്തിലും പരിശോധിക്കുക. വലത്തെ സ്തനം പരിശോധിക്കുമ്പോൾ വലത്തെ കൈ തലയുടെ പിറകിൽ വെക്കുക. താഴെ ചിത്രത്തിൽ കൈ വെച്ചത് ശ്രദ്ധിക്കുക. അതുപോലെ കൈകൾ വെക്കുക. സ്ത്രീകളിൽ സ്തനങ്ങളിലെ ക്യാൻസർ ഇന്ന് ധാരാളമായി കണ്ടു വരുന്നു. ലോകത്ത് സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന ക്യാൻസറും സ്തനങ്ങളുടെ ക്യാൻസറാണ്.
ഏതു ക്യാൻസറിനെ പോലെ തന്നെ നേരത്തെ കണ്ടെത്തുവാൻ സാധിച്ചാൽ വളരെ നല്ലതാണ്. സ്വന്തം സ്തനങ്ങൾ വിവസ്ത്രയായി കണ്ണാടിയ്ക്ക് മുന്നിലോ, അല്ലെങ്കിൽ കുളിക്കുമ്പോഴോ പരിശോധിക്കുക. മാസത്തിൽ ഒന്നോ അല്ലെങ്കിൽ 6 മാസം കൂടുമ്പോഴെങ്കിലും സ്വയം പരിശോധിക്കുക. ആർത്തവത്തിന് 10 ദിവസങ്ങൾക്ക് ശേഷം ചെയ്യുക. ആർത്തവം നിന്ന സ്ത്രീകൾക്ക് മാസത്തിൽ എപ്പോൾ വേണമെങ്കിലും സ്തനങ്ങൾ പരിശോധിക്കാം.
ഡോ. ഷിനു ശ്യാമളൻ
കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിന്നു കൊണ്ട് സ്തനങ്ങൾ നിങ്ങൾ സ്വയം പരിശോധിക്കാറുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ...
Posted by DrShinu Syamalan on Monday, November 12, 2018