Health
കുട്ടികള്‍ക്ക്‌ ഭക്ഷണം കൊടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ നിങ്ങള്‍?
Health

കുട്ടികള്‍ക്ക്‌ ഭക്ഷണം കൊടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ നിങ്ങള്‍?

Web Desk
|
14 Nov 2018 5:59 AM GMT

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍, ആരോഗ്യകരമായ ഒരു ഭക്ഷണശീലം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ എപ്പോഴും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കുഞ്ഞുങ്ങളാണ്, അവരുടെ പ്രായത്തിനനുസരിച്ച് അവര്‍ക്ക് ശരിയായ ഭക്ഷണം വേണം നല്‍കാന്‍. മാത്രമല്ല, ഭക്ഷണം ശരിയായ സമയത്താണ്‌ കഴിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തുവാനും അമ്മമാര്‍ക്ക്‌ കഴിയണം.

  • കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അമ്മമാരുടെ പ്രത്യേകം ശ്രദ്ധ എപ്പോഴും ഉണ്ടാകണം.
  • ഭക്ഷണം തയാറാക്കുമ്പോഴും വിഭവങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും എല്ലാം ആ ശ്രദ്ധയും പരിഗണനയും ഉണ്ടാകണം.
  • കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ്‌ കഴിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തുക
  • ഭക്ഷണകാര്യത്തില്‍ അച്ഛനുമമ്മയും കുട്ടികളുടെ റോള്‍മോഡല്‍ ആവുക.
  • എല്ലാത്തരം ഭക്ഷണവും കഴിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക
  • ഭക്ഷണകാര്യത്തിലെ കുട്ടികളുടെ ദുര്‍വാശിക്ക് കൂട്ടുനില്‍ക്കാതിരിക്കുക.
  • കുട്ടികളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ ആരോഗ്യപരമാണെങ്കില്‍ പരിഗണിക്കുക
  • കുടുംബാംഗങ്ങള്‍ എല്ലാവരുംകൂടി ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുക.

  • കുട്ടികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നതിലും കൂടുതല്‍ ഭക്ഷണം അവരെക്കൊണ്ടു നിര്‍ബന്ധിച്ചു കഴിപ്പിക്കരുത്‌.
  • ഒരുപാടു ഭക്ഷണം ഒറ്റയടിക്കു കുട്ടികള്‍ കഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാണെന്ന് മനസ്സിലാക്കുക
  • ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടിയെ ഒരിക്കലും തല്ലിയും ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്‌.
  • അനുനയത്തിന്റെ ഭാഷയില്‍ മാത്രം അവരെ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രദ്ധിക്കുക
  • കുട്ടിക്ക് ഭക്ഷണത്തോട് വിരക്‌തിയുണ്ടാകാനുള്ള കാരണം കണ്ടുപിടിക്കുക.
  • കുട്ടികള്‍ക്കുവേണ്ടി തയാറാക്കുന്ന ഭക്ഷണം അളവിലും ഗുണത്തിലും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തണം.
  • ഭക്ഷണത്തില്‍ എല്ലായ്‌പ്പോഴും വൈവിധ്യം വരുത്താന്‍ ശ്രദ്ധിക്കുക.
  • എന്നും കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക.
  • ഭക്ഷണം ശരിയായി ചവച്ചരച്ചു കഴിക്കാനാവശ്യമായ സമയം ഉണ്ടെന്ന്‌ ഉറപ്പാക്കണം
  • നടന്നും നിന്നും ഭക്ഷണം വെട്ടിവിഴുങ്ങുന്ന രീതിയെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്

  • ആഹാരം കൂടുതല്‍ ആസ്വാദ്യകരവും ആകര്‍ഷകവുമാക്കാന്‍ ശ്രദ്ധിക്കുക.
  • ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ വ്യത്യസ്‌തമായ ആകൃതിയിലും അളവിലും ഉണ്ടാക്കി നോക്കുക. പുട്ടുണ്ടാക്കുമ്പോള്‍ തേങ്ങാ ചിരവിയിട്ടതിന്റെ കൂടെയോ പകരമോ കാരറ്റ്‌ കൊത്തിയരിഞ്ഞതോ ചീര കൊത്തിയരിഞ്ഞതോ ഒക്കെ ചേര്‍ക്കാവുന്നതാണ്‌. രുചിയും ഗുണവും വര്‍ണവൈവിധ്യവും ഒക്കെയുണ്ടാവും.
  • പഴങ്ങളിലെയും പച്ചക്കറികളിലെയും നിറങ്ങളിലെ വൈവിധ്യം ഉപയോഗപ്പെടുത്തുക.
  • പാലിന്റെ രുചിയോടും മണത്തോടും ചില കുട്ടികള്‍ക്കെങ്കിലും ഉള്ള മടുപ്പു മാറ്റാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന കൊക്കോയും മാള്‍ട്ടുമൊക്കെ ചേര്‍ന്ന ഏതെങ്കിലും നല്ല ഹെല്‍ത്ത്‌ ഡ്രിങ്കിന്റെ പൊടി അല്‍പം ചേര്‍ത്തു മണവും രുചിയും മെച്ചപ്പെടുത്തുന്നതില്‍ തെറ്റില്ല.
  • പരസ്യങ്ങളുടെയും ഇത്തരം കമ്പനികളുടെ അവകാശവാദങ്ങളുടെയും സ്വാധീനവലയത്തില്‍പ്പെട്ട്‌ ഉയര്‍ന്ന വില കൊടുത്ത്‌ ഇവയൊന്നും വാങ്ങി കഴിക്കുന്നതുകൊണ്ടു നല്ല സമീകൃതാഹാരം കഴിക്കുന്നതില്‍ കൂടുതല്‍ മെച്ചമൊന്നും കിട്ടാനില്ലെന്നും മനസിലാക്കുക.
  • കുട്ടികള്‍ക്കു ഭക്ഷണം കൊടുക്കുന്ന ആള്‍ക്ക്‌ ഏതെങ്കിലും ഭക്ഷണത്തോടു മടുപ്പുണ്ടെങ്കില്‍ അതു കുട്ടിയുടെ മുന്നില്‍വച്ചു കാണിക്കരുത്‌.
  • വ്യത്യസ്‌തങ്ങളായ പാചക രീതികള്‍ ഭക്ഷണത്തിനു വൈവിധ്യം നല്‍കുമെന്നോര്‍ക്കുക.
  • ചൂട്‌ നിലനിര്‍ത്താന്‍ കഴിവുള്ളതരം ലഞ്ച്‌ ബോക്‌സുകളില്‍ ഭക്ഷണം കൊടുത്തയയ്‌ക്കാന്‍ ശ്രദ്ധിക്കുക. തണുത്തു മരവിച്ച ഉച്ചഭക്ഷണം കുട്ടികളില്‍ വിരക്‌തി ഉണ്ടാക്കും.
  • ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
  • ഭക്ഷണത്തോടൊപ്പം തിളപ്പിച്ചാറ്റിയ വെള്ളം, ചുക്കുവെള്ളം, ജീരകവെള്ളം, ദാഹശമനി ഇവയിലേതെങ്കിലും വൃത്തിയായി കഴുകിയ കുപ്പിയില്‍ കൊടുത്തയയ്‌ക്കുക. മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്, വയറിളക്കം മുതലായ രോഗങ്ങളുടെ പ്രധാന കാരണം മലിനജലമാണെന്നറിയുക.

  • രാവിലെ കഴിച്ച അതേ ബ്രേക്ക്‌ ഫാസ്‌റ്റ് തന്നെ ഉച്ചയ്‌ക്കും കൊടുത്തയയ്‌ക്കുന്നതു കുട്ടിയില്‍ ഭക്ഷണത്തോടു മടുപ്പുണ്ടാക്കും.
  • പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പാല്‍ എന്നിവ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  • കഴിവതും പുതിയ ഭക്ഷണസാധനങ്ങള്‍ മാത്രം കൊടുക്കുക. ഫ്രിഡ്‌ജില്‍ വച്ചു പഴകിയതും വീണ്ടും വീണ്ടും ചൂടാക്കിയെടുക്കുന്നതുമായ ഭക്ഷ്യവസ്‌തുക്കള്‍ മുതിര്‍ന്നവര്‍ക്കു പോലും നല്ലതല്ല.
  • പപ്പടം, അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍ എന്നിവയുടെയൊക്കെ ഉപയോഗം വളരെയധികം പരിമിതപ്പെടുത്തുക.
  • കുട്ടികള്‍ക്കു ഭക്ഷണത്തോടുള്ള താല്‍പര്യം വര്‍ധിപ്പിക്കാന്‍ ഏതൊരു ഭക്ഷ്യവസ്‌തുവിന്റെയും കൂടെ പഞ്ചസാര, ജാം, സോസ്‌, കെച്ച്‌അപ്പ്‌ മുതലായവ കൊടുക്കുന്ന ശീലം ചില അമ്മമാര്‍ക്കെങ്കിലും ഉണ്ട്‌. ഇത് നല്ല ശീലമല്ല

  • നാലുമണിപ്പലഹാരമായി ബേക്കറി സാധനങ്ങള്‍ കൊടുക്കുന്നതു പരമാവധി ഒഴിവാക്കുക. ബിസ്‌ക്കറ്റ്‌, വറവുപലഹാരങ്ങള്‍ എന്നിവയിലൊക്കെ എണ്ണ, കൊഴുപ്പ്‌, പഞ്ചസാര, നിറവും മണവും നല്‍കാനുള്ള കൃതിമ വസ്‌തുക്കള്‍, ഉയര്‍ന്ന കലോറി എന്നിവ അടങ്ങിയിരിക്കുന്നു.
  • ഭക്ഷണകാര്യങ്ങളിലെ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ച്‌ അല്‍പം മുതിര്‍ന്ന കുട്ടികളില്‍ ശരിയായ രീതിയിലുള്ള ബോധവത്‌കരണം നടത്തേണ്ടതു മാതാപിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും കടമയാണ്‌.

Similar Posts