Health
മുടിയഴക് ഉറപ്പാക്കാം..
Health

മുടിയഴക് ഉറപ്പാക്കാം..

Web Desk
|
18 Nov 2018 3:24 PM GMT

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടിയുടെ ആരോഗ്യവും അഴകും ഉറപ്പിക്കാം

നീണ്ട ഇടതൂര്‍ന്ന മുടി സ്വപ്നം കാണാത്തവരുണ്ടാവില്ല. എന്നാല്‍ താരനും മുടികൊഴിച്ചിലുമെല്ലാം ഈ സ്വപ്നത്തെ തല്ലിക്കെടുത്തുന്നു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടിയുടെ ആരോഗ്യവും അഴകും ഉറപ്പിക്കാം..

1) മാനസിക സമ്മര്‍ദം മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കും. മുടിയുടെ സ്വാഭാവിക വളര്‍ച്ച മുരടിപ്പിക്കും. മാനസിക പിരിമുറുക്കം എത്ര കുറയ്ക്കുന്നുവോ അത്രയും മുടിയുടെ ആരോഗ്യവും വര്‍ധിക്കും.

2) സ്ത്രീകളിലെ മുടികൊഴിച്ചിലിന് പ്രധാന കാരണം അയണിന്റ കുറവാണ്. ചുവന്ന ചീരയും മാംസ ഭക്ഷണവുമെല്ലാം ശരീരത്തിനാവശ്യമായ അയണ്‍ പ്രദാനം ചെയ്യും. പ്രോട്ടീനും വൈറ്റമിന്‍ കെയും അടങ്ങിയ ഭക്ഷണം മുടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.

3) മുടിയുടെ കറുപ്പ് നിറം നഷ്ടമാവാതിരിക്കാന്‍ ബയോട്ടിന്‍ അടങ്ങിയ ഭക്ഷണം നല്ലതാണ്. സോയാബീന്‍, കുത്തരി, ഓട്സ്, അണ്ടിപ്പരിപ്പ് എന്നിവയിലെല്ലാം ബയോട്ടിനുണ്ട്.

4) ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കണം. അല്ലെങ്കില്‍ പൊടിയും വിയര്‍പ്പും അടിഞ്ഞ് താരന്‍ വരാനിടയുണ്ട്. ആഴ്ചയില്‍ ഒരു തവണ വെളിച്ചെണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് കഴുകിക്കളയുന്നതും നല്ലതാണ്.

5) താരനും മുടികൊഴിച്ചിലും നിയന്ത്രണാതീതമാണെങ്കില്‍‌ ഡോക്ടറെ കണ്ട് എണ്ണയോ ഷാംപൂവോ ഉപയോഗിക്കുന്നതാണ് നല്ലത്. തലയണ, ചീപ്പ് എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കണം.

6) നരച്ച മുടികള്‍ കറുപ്പിക്കാനുള്ള ഡൈ ഉപയോഗിക്കുമ്പോള്‍ പി.പി.ഡി കുറഞ്ഞ ഡൈ ഉപയോഗിക്കണം. കളര്‍ ചെയ്യുമ്പോള്‍ അമോണിയ ഇല്ലാത്തവ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

Similar Posts