Health
ഈ ഏഴ് സൂത്രങ്ങള്‍ അറിഞ്ഞുവെക്കൂ; നല്ല അച്ഛനുമമ്മയുമാകാം
Health

ഈ ഏഴ് സൂത്രങ്ങള്‍ അറിഞ്ഞുവെക്കൂ; നല്ല അച്ഛനുമമ്മയുമാകാം

Web Desk
|
19 Nov 2018 6:01 AM GMT

മക്കളെക്കുറിച്ച് എന്നും ഒരുപാട് സ്വപ്നങ്ങള്‍ കാണുന്നവരാണ് മാതാപിതാക്കള്‍. മക്കളുടെ ഭാവിജീവിതം സന്തോഷകരമാക്കാന്‍ മാതാപിതാക്കള്‍ക്ക്‌ സാധിക്കുമോ?

മക്കളെക്കുറിച്ച് എന്നും ഒരുപാട് സ്വപ്നങ്ങള്‍ കാണുന്നവരാണ് മാതാപിതാക്കള്‍. അവര്‍ ജീവിതവിജയം നേടുന്നവരാകണമെന്നും സന്തോഷമുള്ളവരായിരിക്കണമെന്നുമാണ് അച്ഛനുമമ്മയും എപ്പോഴും മനസ്സില്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളെ എല്ലാവരും സ്‌നേഹിക്കണമെന്നും അവര്‍ എല്ലാവരെയും സ്‌നേഹിക്കുന്നവരായി വളരണമെന്നും മാതാപിതാക്കള്‍ ആഗ്രഹിക്കുന്നു.

മക്കളുടെ ഭാവിജീവിതം സന്തോഷകരമാക്കാന്‍ മാതാപിതാക്കള്‍ക്ക്‌ സാധിക്കുമോ?

സാധിക്കുമെന്നാണ് ചില ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഇതിനായി പ്രതിസന്ധികളെ തരണം ചെയ്യാനും വീഴ്‌ചകളില്‍ നിന്ന്‌ കരകയറാനുമുള്ള കഴിവ്‌ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാനാണ് അച്ഛനുമമ്മയും ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരേ അച്ഛനുമമ്മയ്ക്കും ജനിച്ചതാണെങ്കിലും കുട്ടികളുടെ സ്വഭാവരീതികള്‍ വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ എപ്പോഴും മ്ലാനിയായിരിക്കുന്നത് കാണാം. ചിലര്‍ എപ്പോഴും സന്തോഷത്തോടെയും ഇരിക്കാറുണ്ട്. ഒരാളുടെ സന്തോഷപ്രകൃതത്തിന്‌ ജനിതക കാരണങ്ങള്‍ കാണാമെങ്കിലും ജീവിതസാഹചര്യങ്ങള്‍ക്ക് ഒരാളുടെ പ്രകൃതത്തെ മാറ്റിയെടുക്കാന്‍ സാധിക്കും.

സന്തോഷവാന്മാരും ശുഭാപ്‌തിവിശ്വാസികളുമായ കുട്ടികള്‍ സന്തോഷം നിറഞ്ഞ കുടുംബത്തിന്റെ ഉത്‌പന്നങ്ങളാണെന്ന് ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍, സന്തോഷവാനായ കുഞ്ഞിനെ വളര്‍ത്തിയെടുക്കാവുന്ന നന്മനിറഞ്ഞൊരു കുടുംബം നിങ്ങള്‍ക്ക്‌ എങ്ങനെ സൃഷ്‌ടിച്ചെടുക്കാനാകും? അത്തരമൊരു കുടുംബാന്തരീക്ഷം സൃഷ്‌ടിക്കാനുള്ള ഏഴു മാര്‍ഗ്ഗങ്ങളിലേക്ക്‌…

1. സ്‌നേഹബന്ധങ്ങള്‍ വളര്‍ത്തുക

ജീവിതകാലം മുഴുവന്‍ വൈകാരിക പക്വത അനുഭവിക്കണമെങ്കില്‍ കുഞ്ഞുനാള്‍ മുതലേ അതിനുള്ള അന്തരീക്ഷം കുട്ടിക്ക്‌ ലഭിച്ചിരിക്കണം. ഏറ്റവും പ്രധാനമാര്‍ഗ്ഗം ചുറ്റുമുള്ളവരുമായി നല്ല സ്‌നേഹബന്ധത്തിലായിരിക്കുക എന്നതാണ്‌. മാതാപിതാക്കളോടും, മറ്റ് കുടുംബാംഗങ്ങളോടും, കൂട്ടുകാരോടും, അയല്‍ക്കാരോടും, അധ്യാപകരോടും. എന്തിനേറെ വളര്‍ത്തു മൃഗങ്ങളോടുവരെ നല്ല ബന്ധത്തിലായിരിക്കുന്ന കുട്ടി വൈകാരിക സന്തുഷ്‌ടിയിലേക്ക്‌ വളര്‍ന്നു കയറും.

ബന്ധങ്ങളുടെ കുട്ടിക്കാലമാണ്‌ സന്തോഷകരമായ ജീവിതത്തിനുള്ള സൂത്രമെന്നാണ്‌ മനഃശ്ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌. സ്‌നേഹിക്കപ്പെടുന്നുവെന്നും, മനസ്സിലാക്കപ്പെടുന്നുവെന്നും, അംഗീകരിക്കപ്പെടുന്നുമെന്നുമുള്ള അനുഭവമാണ്‌ നല്ല സ്‌നേഹബന്ധങ്ങള്‍ സമ്മാനിക്കുന്നത്‌. നിരാശ, ആത്മഹത്യാ പ്രവണത, മദ്യപാനം, മയക്കുമരുന്ന്‌ എന്നിവയില്‍ നിന്നൊക്കെയുള്ള ഏറ്റവും വലിയ സംരക്ഷണ വലയമാണ്‌ കുഞ്ഞുനാളില്‍ കിട്ടുന്ന സ്‌നേഹബന്ധങ്ങള്‍.

കുഞ്ഞിന്റെ പ്രാഥമികവും നിര്‍ണ്ണായകവുമായ ബന്ധം മാതാപിതാക്കളോടാണ്‌. അമ്മയ്ക്ക്‌ സ്വന്തം കുഞ്ഞിനോടുള്ള സ്‌നേഹം ഒരുതരം അന്ധമായ സ്‌നേഹമാണ്‌. ഒരാളെങ്കിലും ഉപാധികളില്ലാതെ സ്‌നേഹിക്കുമ്പോള്‍ അത്‌ കുഞ്ഞിന്‌ നല്‍കുന്നത്‌ ഒരുതരം പ്രതിരോധവലയമാണ്‌ ജീവിതത്തിന്റെ എല്ലാ കഷ്‌ടതകളില്‍ നിന്നുമുള്ള സംരക്ഷണവലയം. അത്തരമൊരു സ്‌നേഹം നിങ്ങളുടെ ഉള്ളില്‍ ഉണ്ടായിരുന്നാല്‍ മാത്രം പോരാ, മറിച്ച്‌ നിങ്ങളുടെ സ്‌നേഹം കുഞ്ഞിന്‌ അനുഭവിക്കാനാകണം. കുഞ്ഞിനെ നിങ്ങളുടെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ പിടിക്കുക, കുട്ടി കരയുമ്പോള്‍ കരുണയോടെ പ്രതികരിക്കുക, കൂടെ കളിക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക– ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കുഞ്ഞ് നിങ്ങളുടെ സ്‌നേഹം അനുഭവിച്ചറിയും.

അതേസമയം തന്നെ മറ്റുള്ളവരുമായി സ്‌നേഹബന്ധം വളര്‍ത്തിയെടുക്കാനുള്ള അവസരം കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടാക്കി കൊടുക്കണം. സന്തോഷകരമായ ജീവിതത്തിന്‍റെ ഏറെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്‌ ഒരുവന്‍റെ സാമൂഹ്യ ബന്ധങ്ങള്‍. ബന്ധങ്ങളുടെ ആഴത്തോടൊപ്പം പ്രധാനപ്പെട്ടതാണ്‌ എണ്ണവും. ഒരു കുഞ്ഞ്‌ എത്രയധികം ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നുവോ അത്രയധികം അവന്‍ മെച്ചപ്പെടുകയാണ്‌ ചെയ്യുന്നത്‌.

2. സന്തോഷിപ്പിക്കാന്‍ പരിശ്രമിക്കരുത്‌

ഈ പറയുന്നത്‌ വിരോധാഭാസമായി തോന്നിയേക്കാം. നിങ്ങളുടെ കുഞ്ഞിന്‍റെ ഭാവിജീവിതം സന്തോഷപ്രദമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കുഞ്ഞിനെ സന്തോഷിപ്പിക്കാനുള്ള അമിത പരിശ്രമം അവസാനിപ്പിക്കുക എന്നതാണ്‌. കുഞ്ഞിന്റെ എല്ലാ ആഗ്രഹങ്ങളും താല്‍പര്യങ്ങളും അപ്പോഴപ്പോള്‍ സാധിച്ചു കൊടുത്തുകൊണ്ടിരുന്നാല്‍ കുഞ്ഞിന് അതൊരു ശീലമായിത്തീരും. വളര്‍ന്നു വരുമ്പോള്‍, വീടിന്‌ പുറത്തുള്ള പുറംലോകവുമായി ബന്ധപ്പെടുമ്പോഴും കുട്ടി അങ്ങനെ തന്നെ പ്രതീക്ഷിക്കും. ആഗ്രഹിക്കുന്നതെല്ലാം സാധിച്ചു കിട്ടുമെന്ന്‌. എന്നാല്‍ യഥാര്‍ത്ഥ ലോകത്തില്‍ പലപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലല്ലോ.

നിങ്ങളുടെ കുട്ടിയുടെ സന്തോഷത്തിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ലെന്ന സത്യം അംഗീകരിക്കുകയാണ്‌ പ്രധാന കാര്യം. കുഞ്ഞ്‌ സന്തോഷിക്കുന്നതിന്റെയോ സങ്കടപ്പെടുന്നതിന്റെയോ ഉത്തരവാദിത്വം തനിക്കാണെന്ന്‌ കരുതുന്ന രക്ഷിതാവ്‌ സങ്കടം, കോപം മുതലായ സന്തോഷകരമല്ലാത്ത വികാരങ്ങള്‍ അനുഭവിക്കാന്‍ സ്വന്തം കുട്ടിയെ അനുവദിച്ചെന്നുവരില്ല. അത്തരം വികാരങ്ങളില്‍ നിന്നെല്ലാം സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കും. കുഞ്ഞിന് സന്തോഷം പകരുന്നതെല്ലാം ഉടനുടന്‍ കൊടുത്തുകൊണ്ടിരിക്കും; കുഞ്ഞിന് സങ്കടം വരുത്തുന്ന പ്രശ്‌നങ്ങളെല്ലാം ഉടനുടന്‍ പരിഹരിച്ചുകൊണ്ടിരിക്കും. തത്‌ഫലമായി നിഷേധാത്മകമായ വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ കുട്ടിക്ക് ആര്‍ജിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ വളര്‍ന്നുവരുന്ന കുട്ടികള്‍ കൌമാരത്തിലോ, യൌവനത്തിലോ നിഷേധാത്മക വികാരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ തകര്‍ന്നു പോകുന്നു.

നിങ്ങളുടെ കുട്ടി സന്തോഷവാനായിരിക്കുന്നതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ലെന്ന്‌ തിരിച്ചറിയുന്നതോടെ അവന്റെ വികാരങ്ങളെയെല്ലാം ഉടനടി ശരിയാക്കാനുള്ള പരാക്രമം നിങ്ങള്‍ അവസാനിപ്പിക്കും. നിങ്ങള്‍ അല്‍പംപിന്നോട്ടു മാറുന്നതോടെ സ്വന്തം വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ കുട്ടി ആര്‍ജിച്ചെടുക്കാന്‍ തുടങ്ങും. അങ്ങനെ ജീവിതത്തിന്റെ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കഴിവുകള്‍ അവന്‍ പടിപടിയായി വളര്‍ത്തിയെടുക്കും.

3. സ്വയം സന്തോഷം കണ്ടെത്തുക, സന്തോഷത്തോടെയിരിക്കുക

കുട്ടികള്‍ പലതും മാതാപിതാക്കളില്‍ നിന്നാണ്‌ പഠിക്കുന്നത്‌. മാതാപിതാക്കളുടെ സന്തോഷവും സങ്കടവും കോപവുമൊക്കെ അവരെ സ്വാധീനിക്കും. സന്തുഷ്‌ടരായ മക്കളുണ്ടാകാന്‍ ഏറ്റവും പ്രധാന ഘടകം സന്തുഷ്‌ടരായ മാതാപിതാക്കള്‍ തന്നെയാണ്‌. വിഷാദക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ അതിലേറെ വിഷാദക്കാരായി മാറുമെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌.

അതിനാല്‍ മക്കള്‍ വൈകാരിക സന്തുഷ്‌ടിയുള്ളവരാകാന്‍ ചെയ്യാവുന്ന ഏറ്റം പ്രധാന കാര്യം സ്വന്തം വൈകാരിക സുസ്ഥിതി മെച്ചപ്പെടുത്തുക എന്നതാണ്‌. വിശ്രമത്തിനും ഉല്ലാസത്തിനും സമയം മാറ്റി വയ്ക്കണം; അതോടൊപ്പം പങ്കാളിയുമായുള്ള പ്രണയത്തിനും. അച്ഛനമ്മമാര്‍ തമ്മില്‍ ഊഷ്‌മളബന്ധമുണ്ടെങ്കില്‍ മക്കള്‍ സ്വാഭാവികമായിതന്നെ സന്തോഷമുള്ളവരായിരിക്കും. മക്കളുടെ സന്തോഷം നിങ്ങളുടെ നിയന്ത്രണത്തിലല്ല. എന്നാല്‍ നമ്മുടെ സന്തോഷത്തെയും സങ്കടത്തെയും നിയന്ത്രിക്കാന്‍ നമുക്ക് കഴിയണം.

4. ശരിയായ പ്രശംസ

മക്കളെ പ്രശംസിച്ച്‌ അവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ധിപ്പിക്കാന്‍ ഇന്നത്തെ മാതാപിതാക്കള്‍ അതീവ ശ്രദ്ധാലുക്കളാണ്‌. കുട്ടി വെറുതെ കുത്തിവരച്ചാല്‍, ഒരു ഗോളടിച്ചാല്‍ എല്ലാം അവരെ ആ രംഗത്തെ മാസ്റ്ററായി നമ്മള്‍ അവരോധിക്കും. പക്ഷേ, ഇത്തരം പ്രശംസകള്‍ വിപരീതഫലം ഉണ്ടാക്കാനാണ്‌ സാധ്യയെന്ന് അറിയുക. കാരണം നേട്ടങ്ങളുണ്ടാകുമ്പോഴാണ് പ്രശംസയെന്ന ബോധം കുട്ടിയുടെ ഉള്ളില്‍ നിറയും. അതുകൊണ്ടുതന്നെ ജയിക്കാനായില്ലെങ്കില്‍ മാതാപിതാക്കളുടെ സ്‌നേഹവും താല്‍പര്യവും നഷ്‌ടപ്പെട്ടേക്കുമെന്ന ഭയത്തിലേക്ക്‌ കുട്ടി വഴുതിവീഴുകയും ചെയ്യും.

പ്രശംസയും പ്രോത്സാഹനവും പാടേ നിര്‍ത്തുക എന്നതല്ല ഇതിന് പ്രതിവിധി. മറിച്ച്‌ അവയുടെ രീതി മാറ്റുക എന്നതാണ്‌. പ്രശംസിക്കേണ്ടത്‌ കുട്ടിയുടെ പരിശ്രമത്തെയായിരിക്കണമെന്നാണ് മനഃശ്ശാസ്‌ത്രജ്ഞര്‍ ഇക്കാര്യത്തില്‍ തരുന്ന ഉപദേശം. കുട്ടി കൈവരിക്കുന്ന നേട്ടത്തെക്കാളുപരി അവന്‍റെ കഠിനാദ്ധ്വാനത്തെയും, ക്രിയാത്മകതയെയും, സ്ഥിരോത്സാഹത്തേയും വേണം പ്രോത്സാഹിപ്പിക്കാന്‍. ഇങ്ങനെ വളരുന്ന കുട്ടി ജീവിത വിജയം നേടുകയും തങ്ങളുടെ കടമകള്‍ കൃത്യമായി ചെയ്യുകയും അവ ആസ്വദിക്കുകയും ചെയ്യും. പരാജയപ്പെട്ടാല്‍ മറ്റുള്ളവര്‍ എന്ത്‌ വിചാരിക്കുമെന്നതിനെക്കുറിച്ച്‌ അവര്‍ ആശങ്കപ്പെടുകയുമില്ല.

5. ജയിക്കാനും തോല്‍ക്കാനും അനുവദിക്കുക

പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക്‌ നല്‍കുകയാണ്‌ അവരുടെ ആത്മവിശ്വാസം വളര്‍ത്താനുള്ള എളുപ്പവഴി. ഓരോ രംഗത്തും നേടുന്ന കഴിവും പ്രാവീണ്യവുമാണ്‌ കുട്ടിയുടെ ആത്മവിശ്വാസത്തെ വളര്‍ത്തുന്നത്‌. കൊച്ചുകുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ ചെയ്യുന്ന ഏതു കാര്യത്തിലും പ്രാവീണ്യം നേടാനുള്ള സാധ്യത അവര്‍ക്കുണ്ട്‌.

എല്ലാം അവര്‍ക്ക്‌ പുതിയതാണ്‌– പിച്ചവെച്ചുനടക്കാനും, ഉടുപ്പിടാനും, സൈക്കിള്‍ ചവിട്ടാനും, സ്വന്തമായി പല്ലുതേക്കാനുമുള്ള കഴിവുകള്‍ തുടങ്ങിയവ എല്ലാം. ഇവയെല്ലാം സ്വയം ചെയ്യാന്‍ കുട്ടികളെ അനുവദിക്കുകയാണ്‌ മാതാപിതാക്കള്‍ ചെയ്യേണ്ടത്‌. പലപ്പോഴും രക്ഷിതാക്കള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്‌ മക്കള്‍ക്കുവേണ്ടി അവര്‍ ഒത്തിരിക്കാര്യങ്ങള്‍ ചെയ്‌തുകൊടുക്കുന്നു എന്നതാണ്‌.

ഒരു കാര്യത്തിലും ആദ്യ പരിശ്രമം വിജയത്തില്‍ എത്തില്ല. ആവര്‍ത്തിച്ചുള്ള പരിശ്രമങ്ങളിലൂടെയും തുടര്‍ച്ചയായ പരിശീലനത്തിലൂടെയുമാണ്‌ ഒരു കാര്യത്തിന്‌ കഴിവും പ്രാവീണ്യവും ആര്‍ജിക്കാനാവുന്നത്‌. അവരെ പരാജയപ്പെടാന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു കാര്യം ചെയ്‌തു പ്രാവീണ്യം ചെയ്യുന്നതിന്‍റെ സന്തോഷം അനുഭവിക്കാന്‍ അവര്‍ക്ക്‌ ഒരിക്കലും സാധിക്കുകയില്ല. ഇത്തരം അനുഭവങ്ങള്‍ കൂടിവരുന്നതോടെ കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിച്ചു വരും. ഭാവിയില്‍ ഉണ്ടാകാവുന്ന വെല്ലുവിളികളെ ശുഭാപ്‌തി വിശ്വാസത്തോടും ആത്മധൈര്യത്തോടും അഭിമുഖീകരിക്കാന്‍ സാധിക്കുന്നത്‌ ഇങ്ങനെയാണ്‌.

6. ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുക

എന്നെ, അല്ലെങ്കില്‍ എന്റെ സഹായം മറ്റുള്ളവര്‍ക്ക്‌ ആവശ്യമുണ്ട്‌ എന്ന തോന്നല്‍ കുഞ്ഞുന്നാള്‍ മുതലേ കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഞാന്‍ വേണ്ടപ്പെട്ടവനാണ്‌, എന്നെ എല്ലാവരും വിലമതിക്കുന്നു, എന്ന ചിന്തയാണ്‌ സന്തുഷ്‌ട ജീവിതത്തിന്‌ അടിസ്ഥാനം. ഇതില്ലെങ്കില്‍ പുറന്തള്ളപ്പെട്ടതായും ഒറ്റപ്പെടുത്തപ്പെട്ടതായും ഒരാള്‍ക്ക് തോന്നിയേക്കാം. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്‌ ഒറ്റപ്പെടുത്തലിനെയാണ്‌.

വീട്ടുജോലികളില്‍ കുട്ടികളെയും പങ്കെടുപ്പിക്കുകയാണ്‌ ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. മൂന്നുനാലു വയസ്സുള്ള കുട്ടികളെ പോലും വീട്ടുജോലികളില്‍ പങ്കെടുപ്പിക്കാം. ഓരോരുത്തരുടെയും പ്രായവും കഴിവും നോക്കി വേണം ജോലികള്‍ ഏല്‍പ്പിക്കാന്‍. ചെടി നനക്കുക, വളര്‍ത്തു മൃഗങ്ങള്‍ക്ക്‌ തീറ്റ കൊടുക്കുക, മുറി വൃത്തിയാക്കുക തുടങ്ങിയ വീട്ടുജോലികളിലൊക്കെ കുട്ടികളെ പങ്കെടുപ്പിക്കാവുന്നതാണ്‌.

വീട്ടിലെ കാര്യങ്ങള്‍ക്ക്‌ അവരും സംഭാവന ചെയ്യുന്നുവെന്ന്‌ നിങ്ങള്‍ അംഗീകരിക്കുമ്പോള്‍ അവരുടെ ആത്മവിശ്വാസം വര്‍ധിക്കും, വേണ്ടപ്പെട്ടവനാണെന്ന തോന്നലും ഉണ്ടാകും. നീണ്ടുനില്‍ക്കുന്ന സന്തോഷത്തിന്‌ ഇത്‌ നിദാനമാകുകയും ചെയ്യും.

7. നന്ദി പറയാനും നന്ദിയുള്ളവരായിരിക്കാനും ശീലിപ്പിക്കുക

ദൈവത്തില്‍ നിന്നും മറ്റുളളവരില്‍ നിന്നും പ്രകൃതിയില്‍ നിന്നും അനേകം കാര്യങ്ങള്‍ അനുദിനം നാം സ്വീകരിക്കുന്നുണ്ട്‌. അവരോടൊക്കെ നമ്മള്‍ കടപ്പെട്ടവരുമാണ്‌. ഈ കടപ്പെട്ടിരിക്കലിന് കാരണം നമ്മുടെ മനസ്സിലെ നന്ദി കാരണമാണ്.

നന്ദിയും സന്തോഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഹൃദയത്തില്‍ നിറയെ നന്ദിയുള്ളവര്‍ സന്തുഷ്‌ടരായിരിക്കും. ചെറുപ്പം മുതലേ നന്ദിയുടെയും കടപ്പാടിന്‍റെയും രീതികള്‍ കുട്ടികളെ പരിശീലിപ്പിക്കണം. നന്ദിപറയേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കാനും നന്ദി പറയാനും കുട്ടികളെ പരിശീലിപ്പിക്കണം.

Similar Posts