പ്രായമായവര്‍ക്ക് കഴിക്കാന്‍ എന്തെല്ലാം നല്‍കാം?
|കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ നമ്മള്‍ എത്ര കരുതലെടുക്കുമോ, അതേ കരുതല്‍ തന്നെ വേണം പ്രായമായവര്‍ക്ക് ഭക്ഷണം നല്‍കുമ്പോഴും നമ്മള്‍ നല്‍കേണ്ടത്....
കഴിക്കുന്ന ഭക്ഷണമായാലും മരുന്നായാലും കുഞ്ഞുങ്ങളെ പരിഗണിക്കുന്ന പോലെ വേണം പ്രായമായവരെയും പരിഗണിക്കാന്‍. പ്രായമാകുന്തോറും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചുകൊണ്ടുവരണമെന്നും, മരുന്നിന്റെ അളവ് കുറച്ച് കൊണ്ടുവരണമെന്നും പറയുന്നത് അതുകൊണ്ടാണ്. മാത്രവുമല്ല, വാര്‍ധക്യത്തിലെ ആരോഗ്യത്തിന്, കഴിക്കുന്ന ഭക്ഷണവുമായി ഏറെ ബന്ധമുണ്ട് താനും. നാവിലെ രസമുകുളങ്ങളെയും പ്രായാധിക്യം ബാധിക്കുന്നതിനാല്‍ രുചിക്കുറവും അതേതുടര്‍ന്ന് വിശപ്പില്ലായ്മയും പ്രായമായവരെ ബുദ്ധിമുട്ടിക്കാറുണ്ട്.
വിഷാദമാണ്, പ്രായമായവരില്‍ കണ്ടുവരുന്ന ഒരു അവസ്ഥ. വിശപ്പില്ലായ്മയുടെ ഒരു പ്രധാന കാരണവും അതുതന്നെ. പ്രായമാകുന്തോറും, പല്ലുകള്‍ക്ക് സംഭവിക്കുന്ന ബലക്കുറവും, പല്ല് കൊഴിയുന്നതും കൂടിയാകുമ്പോള്‍ ഭക്ഷണം ചവച്ചരച്ച് കഴിക്കാനും ബുദ്ധിമുട്ടാകും. മറ്റൊന്ന് വായ വരളലാണ്. കൂടെ പ്രായാധിക്യത്തിന്റേതായ ക്ഷീണവും..
ഉപ്പും കൊഴുപ്പും മധുരവും ഭക്ഷണത്തില്‍ നിന്ന് പരമാവധി കുറയ്ക്കുകയോ, കഴിയുമെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മൂന്നുനേരം വയറുനിറച്ച് ഭക്ഷണം കഴിക്കുക എന്നതിന് പകരം, കഴിക്കുമ്പോള്‍ അളവ് കുറച്ച് അതേ അളവിലുള്ള ഭക്ഷണം തന്നെ ഇടയ്ക്കിടെ കഴിക്കുക. ഇത് ദഹനപ്രശ്നങ്ങള്‍ കുറയ്ക്കും.
ധാന്യങ്ങള്‍ തവിടുകളയാതെ കഴിക്കുക. ഇലക്കറികള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, കൊഴുപ്പു മാറ്റിയ പാല്‍, മോര്, ചെറുമത്സ്യങ്ങള്‍ ഇവയൊക്കെയും ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അതായത്, ഗോതമ്പ്, റാഗി, തിന, ചെറുപയര്‍, ചോളം, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, ഉണക്കമുന്തിരി, നെല്ലിക്ക, പേരയ്ക്ക, പപ്പായ, കോവയ്ക്ക, വെള്ളരിക്ക, കാരറ്റ്, ചേന, മുരിങ്ങക്ക, തക്കാളി തുടങ്ങിയവയെല്ലാം മാറിമാറി കഴിക്കാന്‍ ശ്രമിക്കുക.
നല്ല ഓര്‍മയ്ക്ക് മധുരക്കിഴങ്ങ്, പശുവിന്‍ നെയ്യ്, കാരറ്റ്, വെണ്ടക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുരിങ്ങയില, ചീര, കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, കൊഴുപ്പുമാറ്റിയ പാല്‍ ഇവയിലേതെങ്കിലും ഒന്ന് ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് കാഴ്ച മങ്ങാതിരിക്കാന്‍ സഹായിക്കും. കേള്‍വി സംരക്ഷിക്കാന്‍ നിലക്കടല, തവിട് കൂടുതലുള്ള അരി, പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ഗുണകരമാണ്. വായ വരളാതിരിക്കാന്‍ മോര്, ചെറുപയര്‍ സൂപ്പ് ഇവയും കഴിക്കാം.
ചവയ്ക്കാന്‍ വിഷമമുള്ളവര്‍ക്കും പല്ല് കൊഴിഞ്ഞവര്‍ക്കും വെന്തുടഞ്ഞ കഞ്ഞി, ഓട്സ് കഞ്ഞി, കാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസ്, ഏത്തപ്പഴം ഉടച്ചത്, പുഴുങ്ങിയ പയര്‍ ഉടച്ചത് ഇവ നല്‍കാം. ഇഡ്ഡലി, ഇടിയപ്പം ഇവ സൂപ്പില്‍ കുതിര്‍ത്തു നല്‍കുന്നത് കൂടുതല്‍ പോഷകം ശരീരത്തിലെത്താന്‍ സഹായിക്കും. നെഞ്ചെരിച്ചില്‍ തടയാന്‍ മല്ലി ചവച്ചിറക്കുന്നത് നല്ല ഫലം തരും. മൂത്രാശയ പേശികളെ ബലപ്പെടുത്താന്‍ ചേന, ചേമ്പ്, കാച്ചില്‍, ഓട്സ്, മലര്, ചോളം, നെല്ലിക്ക, ഏത്തപ്പഴം, ഉരുളക്കിഴങ്ങ് ഇവ ഗുണകരമാണ്. മലബന്ധം ഒഴിവാക്കാന്‍ വാഴപ്പിണ്ടി, മുരിങ്ങയില, വേവിക്കാത്ത പച്ചക്കറികള്‍, ചേന ഇവ ഉള്‍പ്പെടുത്താം.