Health
മുടി കൊഴിച്ചില്‍ തടയും, ചര്‍മ്മം തിളങ്ങും; തേങ്ങാപ്പാല്‍ അടിപൊളിയാണ്
Health

മുടി കൊഴിച്ചില്‍ തടയും, ചര്‍മ്മം തിളങ്ങും; തേങ്ങാപ്പാല്‍ അടിപൊളിയാണ്

Web Desk
|
11 Feb 2019 5:10 AM GMT

മുടി കൊഴിച്ചില്‍ തടയാന്‍ ഒരു കപ്പ് തേങ്ങാപ്പാലില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുളിക്കുന്നതിന് മുമ്പ് തലയില്‍ മസാജ് ചെയ്യുക. 

സ്വാദിഷ്ടമായ കറികളും പലഹാരങ്ങളും ഉണ്ടാക്കാന്‍ മാത്രമല്ല സൌന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ് തേങ്ങാപ്പാല്‍. മുടി തഴച്ച് വളരാനും ചര്‍മ്മപ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലൊരു പ്രതിവിധിയാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലില്‍ വിറ്റാമിന്‍ സി, ഇ, അയണ്‍, സോഡിയം, കാത്സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

കേശസംരക്ഷണത്തിന്

മുക്കാല്‍ക്കപ്പ് തേങ്ങാപ്പാലില്‍ അരക്കപ്പ് വെള്ളം ചേര്‍ക്കുക. ഈ മിശ്രിതം ശിരോചര്‍മത്തില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വൃത്തിയായി കഴുകുക. തേങ്ങാപ്പാല്‍ കണ്ടീഷനിങ് ഇഫക്ട് നല്‍കുന്നതിനാല്‍ മുടി മൃദുലമാകാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചര്‍മത്തിലെ ചൊറിച്ചില്‍, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാല്‍ സഹായിക്കും.

മുടി കൊഴിച്ചില്‍ തടയാന്‍ ഒരു കപ്പ് തേങ്ങാപ്പാലില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുളിക്കുന്നതിന് മുമ്പ് തലയില്‍ മസാജ് ചെയ്യുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക. മുടികൊഴിച്ചില്‍ മാറ്റാന്‍ ഇത് വളരെ നല്ലതാണ്. ആഴ്ചയില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിക്കണം

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റും

ചര്‍മ്മത്തിന് മൃദുലത നല്‍കാനും ചുളിവുകള്‍ അകറ്റാനും തേങ്ങാപ്പാല്‍ സഹായിക്കും. അരക്കപ്പ് തേങ്ങാപ്പാലില്‍ ഒരു വലിയ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് ചര്‍മ്മത്തിലും കഴുത്തിലും പുരട്ടി പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കുക.

വെയിലേറ്റത് മൂലമുള്ള കരുവാളിപ്പ് അകറ്റാന്‍ നാല് വലിയ സ്പൂണ്‍ തേങ്ങാപ്പാലില്‍ രണ്ട് ചെറിയ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി വൃത്തിയാക്കുക. കരവാളിപ്പ് അകലാനും ചര്‍മ്മം സുന്ദരമാകാനും ഈ കൂട്ട് സഹായിക്കും.

Similar Posts