ആസ്ട്രസെനക വാക്സിന്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നു; ചെറുപ്പക്കാര്‍ക്ക് നല്‍കേണ്ടെന്ന് ജര്‍മ്മനി
|ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഡോക്ടറുടെ വിശദ പരിശോധനയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാം.
ആസ്ട്രസെനക കോവിഡ് വാക്സിന്‍ ഉപയോഗം 60 വയസിന് മുകളിലുള്ള പൗരന്മാരിൽ മാത്രമായി പരിമിതപ്പെടുത്തി ജര്‍മ്മനി. ചെറുപ്പക്കാരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. വാക്സിൻ കമ്മീഷന്‍റെ നിർദേശത്തെ തുടർന്നാണ് വാക്സിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
രക്തം കട്ടപിടിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് അപൂര്‍വ്വമാണെങ്കിലും ഗുരുതര പ്രശ്നമാണെന്ന് വിദ്ഗദര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ പറഞ്ഞു.
നേരത്തെ കാനഡയും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ഏതാനും യൂറോപ്യൻ രാജ്യങ്ങളും ആസ്ട്രസെനക വാക്സിൻ നിർത്തിവെച്ചിരുന്നു. വാക്സിന്‍ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടനയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയതോടെ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ജർമനിയിൽ 27 ലക്ഷം പേര്‍ ആസ്ട്രസെനക വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതായി 31 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍, ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഡോക്ടറുടെ വിശദ പരിശോധനയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇന്ത്യയിൽ ഇത്തരം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആസ്ട്രസെനക വാക്സിൻ സുരക്ഷിതമാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ആസ്ട്രസെനകയും ഓക്സ്ഫോര്‍ഡും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് ഉപയോഗിച്ചുള്ള വാക്സിനേഷൻ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്.